Wednesday, December 23, 2009

ഓര്‍മയില്‍ ചില കുസൃതികള്‍.

കഴിഞ്ഞ ആഴ്ച മാതൃഭൂമി പത്രം ഓണ്‍ലൈനില്‍ എടുത്തു ചുമ്മാ ഓടിച്ചുവായിക്കുന്നതിനിടയില്‍ ഒരു മുഖം കണ്ടു ഞാന്‍ ശെരിക്കും അമ്പരന്നു പോയി.എന്റെ കസിന്‍ അരുണ്‍ തലയില്‍ സ്ടിട്ച്ചുകളും കെട്ടുകളും ആയി ഒരു സ്റ്റയിലന്‍പോസ്!! ലോ കോളേജില്‍ ചേര്ന്നു എന്ന് വിളിച്ചു പറഞ്ഞിട്ട് അധികം നാളായികാണില്ല, അതിനുള്ളില്‍ വീണ്ടും... നന്നാവും എന്നൊക്കെ വിചാരിച്ചത് വെറുതെആയി..പണ്ടത്തെ ചങ്കരന്‍ തെങ്ങുംമേല്‍ തന്നെ, വിദ്യാര്‍ഥി രാഷ്ട്രീയം കളിച്ചു നടന്നുഡിഗ്രി കളഞ്ഞു..ഇനി ഇതും..!

ഫോണെടുത്ത് കറക്കി വിളിച്ചപ്പോള്‍ ഏതോ ഒരു പെണ്ണ് പറയുന്നു നിങ്ങള്‍വിളിക്കുന്ന ആള്‍ റേഞ്ച് നു പുറത്തു ആണത്രെ..!!..കറക്റ്റ്‌.. ഓള്‍ പറയണത്ശെരിയാ..ഇവനൊക്കെ തലക്കകത്ത് റേഞ്ച് ഉണ്ടേല്‍ ഇമ്മാതിരി പണിക്കുപോകുമോ?? നന്ദി പറയാന്‍ തുടങ്ങുന്നതിനു മുന്പ് അവള്‍ വച്ചുപൊയ്ക്കളഞ്ഞു.ഒരു ബൈ പോലും പറയാതെ."മൈ..മൈ..അല്ലേല്‍വേണ്ട..മണുക്കൂസ്!! ഇവള്ക്കൊന്നും യാതൊരു മാന്നെര്സും ഇല്ലേ?"
പിന്നെ അനിയന്റെ മൊബൈലില്‍ ട്രൈ ചെയ്തപ്പോള്‍ അവന്‍ ഹോസ്പത്രീല്‍ തന്നെഉണ്ട്..
"ഹലോ..ചേട്ടാ..ഇവന്‍ പുലി ആണ് കേട്ടാ ...നല്ല അടിപോളിയായിട്ടു തല്ലു മേടിച്ചുപഞ്ചര്‍ ആയി കെടക്കണ കണ്ടാ ... പത്രക്കാര്‍ മുഴുവന്‍ ഉണ്ട് ഇവിടെ"
അതേടാ..അവന്‍ പുപ്പുലിയാണ്...ഒറ്റ അടിപോലും പുറത്തുപോയികാണില്ല..പിന്നെ! പത്രക്കാര്‍ക്ക് വേറെ പണി ഒന്നും ഇല്ലല്ലോ...എടാ..നീ കുന്തം എടുത്തു അവന്റെ ചെവിയില്‍ വച്ചു കൊട്...
ആ ഫോണ്‍..


"ആ ശെരി ചേട്ടാ, ഒന്ന് ഹോള്‍ഡ്‌ ചെയ്യ്"
.
.
അതിനിടയില്‍ എന്റെ ചിന്ത കുറെ പിന്നിലോട്ടു പോയി..ഞങ്ങള്‍ ജനിച്ച സമയത്ത്..അല്ല..അത്രേം വേണ്ട, കുട്ടികാലത്ത്. കുറെയേറെ വികൃതികളുമായി പാറിപറന്നു നടന്ന കാലം. ഓര്‍മയില്‍ തെളിഞ്ഞു വരുന്നത് എന്റെ അമ്മാവന്റെ വീടിന്റെ "ഗൂഗിള്‍ മാപ്പ്". അവിടെ ഒരു വലിയ കശുമാവിന്‍ തോപ്പിനിടയിലുള്ള തറവാട്. അവിടെ അതാ രണ്ടു കൊച്ച് പിള്ളേര്‍, ഞാനും എന്റെ കസിന്‍ അരുണും...രണ്ടുപേരുടെയും വയസ്സ് പത്തിന് താഴെ. പക്ഷെ കയ്യിലിരിപ്പോ? ഹ്മ്..

പക്ഷെ കുറ്റം പറയാന്‍ പാടില്ല, പണത്തിന്റെ അത്യാവശ്യം വരുമ്പോള്‍ വേറെ എന്ത് ചെയ്യാന്‍, ഞങ്ങളുടെ വീട്ടുകാര്‍ക്ക് ഞങ്ങളെ ഓര്‍ത്തു അഭിമാനിക്കാന്‍ ഇട നല്‍കിയ ഒരു പ്രവൃത്തി, എന്താണെന്നല്ലേ? "സ്വയം പര്യാപ്തത നേടുക", മനസ്സിലായില്ലേ? ചെറു പ്രായത്തിലെ സ്വന്തം ചിലവിനുള്ള പണം ഉണ്ടാക്കുക. ഇനി അതെങ്ങനെ എന്നായിരിക്കും അടുത്ത ചോദ്യം...മം..പറയാം..

ഞങ്ങള്‍ പിള്ളാരുടെ ചിലവുകളെ പറ്റി വീട്ടുകാര്‍ക്കെന്തറിയാം, പോട്ടെ ആര്‍ക്കെങ്കിലും അതിനെ പറ്റി ബോധമുണ്ടോ? ...ഹേ..ഉണ്ടാവില്ല, എന്നാല്‍ കേട്ടോളു, ഐസ് വാങ്ങണം, മിട്ടായി വാങ്ങണം, ഉണ്ട വാങ്ങണം, ബോണ്ട വാങ്ങണം, പമ്പരം വാങ്ങണം, ഗോളി വാങ്ങണം...etc etc ...വീണ്ടും കുറെ etc . ഹോ! എന്തൊക്കെ ഉത്തരവാദിത്വങ്ങള്‍ ആണ് ഈ കൊച്ച് തലയില്‍. വീട്ടില്‍ ചോദിച്ചാല്‍ ഉടനെ വരും "നിങ്ങള്‍ക്കെന്തിനാ പണം?" എന്ന ചോദ്യം. ഇവര്‍ക്കൊക്കെ ഈ വിഷയങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തേണ്ട കാലം കഴിഞ്ഞു. ചെറിയ പിള്ളാര്‍ക്കും "രാഷ്ട്രീയ പാര്‍ടികള്‍" വേണം, സമരം വേണം, മുദ്രാവാക്യം വേണം, മൂത്ത് നരച്ച നെല്ലിക്ക മധുരിക്കുന്ന കാലം ഒക്കെ കഴിഞ്ഞു, ഇപ്പൊ അരിനെല്ലിക്ക ആണ് സ്വാദ്..

ഹോ..പറഞ്ഞു പറഞ്ഞു കാട് കേറിയോ?

കം ടു ദി ടോപ്പിക്ക്, അപ്പൊ ഞങ്ങള്‍ സ്വയം പര്യാപ്തത നേടിയ കാര്യം. പണത്തിന്റെ ആവശ്യം വളരെ ഏറിയതും, പണമില്ലാത്തവന്‍ പിണം എന്ന പഴംചൊല്ലില്‍ നിന്ന് കിട്ടിയ ഉര്‍ജ്ജവും ഉള്‍ക്കൊണ്ടു ഞങ്ങള്‍ ഒരു പദ്ധതി രൂപീകരിച്ചു, വീട്ടിലെ കാശു മാവിന്‍ തോപ്പില്‍ നിന്നും കശുവണ്ടി പെറുക്കി വില്‍ക്കുക. കിട്ടുന്ന വരുമാനത്തില്‍ പാതി അവനും, പാതി എനിക്കും. ഓഹ്‌..ഞങ്ങളെ സമ്മതിക്കണം. ഈ കൊച്ച് പ്രായത്തിലെ സ്വയം പര്യാപ്തത നേടിയില്ലേ..അസൂയക്കാര്‍ മോഷണം എന്നൊക്കെ പറയുമെങ്കിലും, ഞങ്ങള്‍ അത് കാര്യമാക്കാന്‍ പോയില്ല.

അങ്ങനെ ബിസിനസ്‌ പൊടി പൊടിക്കുന്ന സമയം, അല്ലറ ചില്ലറ കളവുകളൊക്കെ ആരും പിടിക്കാതിരുന്നത് കൊണ്ട് ഞങ്ങള്‍ ഒരു ലാര്‍ജ് സ്കെയില്‍ മോഷണം പ്ലാന്‍ ചെയ്തു. മാര്‍ക്കറ്റില്‍ കൊടുക്കാന്‍ വച്ചിരിക്കുന്ന ഒരു ചാക്ക് കശുവണ്ടിയില്‍ നിന്നും കുറച്ചു മോഷ്ടിക്കുക. ഒരു രണ്ടു മൂന്നു കിലോ. അപാര ബുദ്ധിമാന്മാര്‍ ആയതു കൊണ്ട് ഞങ്ങള്‍ അത് വീടിന്റെ തൊട്ടടുത്ത കടയില്‍ തന്നെ വിട്ടു. അമ്പതു രൂപയും വാങ്ങി.

ശനിയുടെ അപഹാരം കൊണ്ടായിരിക്കാം, എന്തെന്നാല്‍ അന്നൊരു ശനിയാഴ്ച ആയിരുന്നു. സംഭവം കയ്യോടെ പിടിക്കപ്പെട്ടു. കുറ്റവാളികളെ രണ്ടിനേം നടുമുറ്റത്ത്‌ ഹാജരാക്കി. വിചാരണ തുടങ്ങി. രണ്ടുപേരും കുറ്റം സമ്മതിക്കുന്നില്ല. രണ്ടു പേരും പരസ്പരം കൈ ചൂണ്ടി നില്‍ക്കുകയാണ്, അവനാണ്, ഞാനല്ല എന്ന് പറഞ്ഞ്. അങ്ങനെ ഒരുവിധം കേസ് ഒതുക്കി, സോറി ഞങ്ങളെ ഒതുക്കി. രണ്ടു പേരെയും ഒരു മുറിയില്‍ പൂട്ടി ഇട്ടു. ഒരുമിച്ചു നിന്നാല്‍ അല്ലെ പ്രശ്നം ഉള്ളൂ..

മുറിയില്‍ കയറിയ ഉടനെ ഞങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികളെ പോലെ സമരം ചെയ്യാന്‍ തുടങ്ങി. നോ രക്ഷ!

ഒരു മണിക്കൂര്‍ അകത്തു കിടന്നത്തെ ഉള്ളൂ , സമര വീര്യം മൊത്തം ചോര്‍ന്നു പോയി. പിന്നെ, പാരതന്ത്ര്യത്തില്‍ രക്ഷപ്പെടുന്നതിനെ പറ്റി കൂലങ്കഷമായി ചര്‍ച്ച തുടങ്ങി, അങ്ങനെ ഒരു ബുദ്ധി തലയില്‍ ഉദിച്ചു. വീട്ടുകാരെ പറ്റിക്കാന്‍ വേണ്ടി ഇടി കൂടുക, എന്ന് പറഞ്ഞാല്‍ ഇടി കൂടുന്നത് പോലെ അഭിനയിക്കുക, അപ്പോള്‍ ഞങ്ങളെ തുറന്നു വിടും. ക്യാ ഐഡിയ സര്‍ജി!!!

അങ്ങനെ ഞങ്ങള്‍ അഭിനയം തുടങ്ങി. ഇടി, പൊരിഞ്ഞ ഇടി! വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി, ഞങ്ങളെ തുറന്നു വിട്ടു, പക്ഷെ, ഇടി നിര്‍ത്തുന്നില്ല. അഭിനയം ഒക്കെ മറന്നു, ഇടി, ഗംഭീരന്‍ ഇടി, കലക്കന്‍ ഇടി... പിന്നെ ആരൊക്കെയോ വന്നു ഞങ്ങളെ പിടിച്ചു മാറ്റി "എന്തിനാ അടി കൂടിയേ?" എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്കും അതിന്റെ ഉത്തരം അറിയില്ലായിരുന്നു!

നോട്ട്:
ബുദ്ധിയുടെ കാര്യം പറഞ്ഞപ്പോഴാ ഞങ്ങളുടെ പണ്ട് നടന്ന ബുദ്ധിപരമായ ഒരു ചര്‍ച്ച ഓര്മ വരുന്നത്. "ഇന്റര്‍പോള്‍" എന്ന് കേട്ടിട്ടില്ലേ? അതെന്താണ് എന്നായിരുന്നു ഞങ്ങള്‍ തമ്മിലുള്ള തര്‍ക്കം,

ഞാന്‍ പറഞ്ഞു, " എടാ ഈ ഇന്റര്‍പോള്‍ എന്ന് പറഞ്ഞാല്‍ , നീ സൌത്ത് പോള്‍ , നോര്‍ത്ത് പോള്‍ എന്നൊക്കെ കേട്ടിട്ടില്ലേ, ഭൂമിയുടെ രണ്ടു വശങ്ങളിലും ഉളള കേന്ദ്രങ്ങള്‍, അപ്പൊ അതിനു ഇടയിലുള്ള കേന്ദ്രമാണ് ഇന്റര്‍പോള്‍" (എങ്ങനെയുണ്ട്!).

അപ്പോള്‍ അവന്‍ പറയുകയാണ്, " ഹേ അതല്ല, അങ്ങനെ ആണെങ്ങില്‍ അതിനെ "സെന്റര്‍പോള്‍" എന്നാണ് പറയേണ്ടത്"

ഓഹ്‌! ശെരിയാണല്ലോ, ഇവന്റെ ഒരു ബുദ്ധി, പിന്നെ അല്ലാതെ എങ്ങനാ, 'മുല്ലപൂമ്പോടി ഏറ്റു കിടക്കും കല്ലിനുമുണ്ടാം സൌരഭ്യം' എന്നാണല്ലോ, എന്റെ കൂടെ നടന്നതിനു മെച്ചം ഉണ്ട്.

അപ്പൊ പിന്നെ ഈ ഇന്റര്‍പോള്‍ എന്താണ്, അല്ല എന്താണ്!

അതിനും വന്നു അവന്റെ മറുപടി, " ഈ ഇന്റര്‍പോള്‍ ഇന്റര്‍പോള്‍ എന്ന് പറയുന്നത് 'പാരസിറ്റമോള്‍, കാല്‍പോള്‍ എന്ന് പറയുന്ന പോലെ ഒരു മരുന്നാണെന്ന്! എങ്ങനെയുണ്ട് ഞങ്ങളുടെ ബുദ്ധി!!!!!
--

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails