Wednesday, June 23, 2021

ONE NIGHT IN MUMBAI CST

 എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദുസ്വപ്നം പോലെ ഉള്ള സംഭവം ഉണ്ടായത് 2009ഇൽ മുംബൈ cst റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. ഒരു ട്രെയിനിങ് കഴിഞ്ഞു മടങ്ങുമ്പോൾ ഉദ്ദേശിച്ചതിലും വൈകിയതിനാൽ റിസർവ് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല. മുംബൈയിൽ ആണെങ്കിൽ രാത്രി വൈകി ഒറ്റക്കു റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ നമ്മളെ ആദ്യം വരവേൽക്കുന്നത് ചില പിമ്പുകൾ ആയിരിക്കും, "ലഡ്ക്കി ചാഹിയെ?" എന്നാണ് ആദ്യത്തെ ചോദ്യം, അതു അവോയ്ഡ് ചെയ്തു മുന്നോട്ടു പോകുമ്പോൾ അടുത്ത ആളുടെ ചോദ്യം ടിക്കറ്റ് വേണോ എന്നായിരിക്കും... ഇതൊക്കെ ഒഴിവാക്കി നേരെ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ഗോവക്കു തിരിച്ചുപോകാൻ സ്ലീപ്പർ ഉണ്ടോ എന്ന് ചോദിച്ചു. ജനറൽ മാത്രമേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ എന്നാൽ അതു മതി എന്നു പറഞ്ഞു ഞാൻ ഒരു ആയിരത്തിന്റെ നോട്ട് നീട്ടി. അപ്പോൾ എന്റെ അടുത്തു വന്ന മാന്യമായി വസ്ത്രം ധരിച്ച ഒരാൾ സ്ലീപ്പർ ടിക്കറ്റ് ശെരിയാക്കിത്തരാം എന്നു പറഞ്ഞു. കൗണ്ടറിൽ ഇരിക്കുന്ന ആളോട് ഇയാൾ എന്തോ മറാഠിയിൽ സംസാരിക്കുകയും, കൗണ്ടറിലെ ആൾ കണ്ണു കൊണ്ടു ഒരു അർദ്ധ സമ്മതവും തന്നതു കൊണ്ട് ഞാൻ കരുതി അയാൾ ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ആണെന്ന്. അങ്ങനെ അയാളുടെ പിന്നാലെ ചെന്ന് ബുക്ക് ചെയ്യാൻ ഐഡി കൊടുക്കണം എന്നു പറഞ്ഞത് കൊണ്ട് എന്റെ ഐഡി കാർഡ് കൊടുത്തു, പൈസ ടിക്കറ്റ് കൈയിൽ കിട്ടിയിട്ടെ തരൂ എന്നു ഞാൻ വാശി പിടിച്ചത് കൊണ്ടു അയാൾ ഓഫീസിനകത്തു കയറി രണ്ട് മിനുറ്റിനകം ടിക്കറ്റുമായി വന്നു, ടിക്കറ്റ് മടക്കി പിടിച്ചു കൊണ്ട് ആയിരത്തി ഇരുനൂറു കൊടുക്കാൻ ആവശ്യപ്പെട്ടു, 300 രൂപയോളം ഉള്ള ടിക്കറ്റിനു ആണ് അത്രയും ആവശ്യപ്പെടുന്നത്. ഞാൻ കൂടിവന്നാൽ 500 തരാനെ പറ്റൂ എന്നു പറഞ്ഞപ്പോൾ ഐഡി കാർഡ് തിരിച്ചു തരില്ല എന്നായി അയാൾ..അവസാനം ഒരു 700 രൂപ എന്നു പറഞ്ഞു ടിക്കറ്റ് വാങ്ങി വായിച്ചു നോക്കിയപ്പോൾ അതു നൂറു രൂപയോളം വരുന്ന ജനറൽ ടിക്കറ്റ്. സംസാരം ചെറിയ പിടിവലിയോളം എത്തി...അപ്പോഴാണ് അടുത്ത കഥാപാത്രത്തിന്റെ രംഗപ്രവേശം..ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ..അയാളുടെ നിർദ്ദേശം പറഞ്ഞ എഴുനൂറു കൊടുത്തു സ്ഥലം കാലിയാക്കാൻ..പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഭീഷണിയുടെ സ്വരം...വളരെ വിഷമത്തോടെ ഞാൻ മനസ്സിലാക്കി അയാളും ഈ ചതിയുടെ ഒരു ഗുണഭോക്താവ് ആണെന്ന്. ചുറ്റും ഉള്ള ലോകം മുഴുവൻ ചതിയുടെ ഒരു മായാവലയം ആണെന്ന് മനസ്സിലാക്കി ഒരു പോക്കറ്റിൽ വച്ചിരുന്ന 500 രൂപ കൊടുത്തു ടിക്കറ്റും ഐഡി കാർഡും വാങ്ങി തടിതപ്പി.

അപ്പോൾത്തന്നെ കൗണ്ടറിൽ പോയി ടിക്കറ്റ് ക്യാൻസൽ ചെയ്തു(60 രൂപയോ മറ്റോ കിട്ടി) ബസ് സ്റ്റാൻഡിൽ പോയി ഗോവക്കുള്ള വോൾവോയിൽ കയറി. അന്നുണ്ടായ സംഭവങ്ങൾ എപ്പോ ഓർത്താലും എനിക്ക് തല പെരുക്കും..നാടകമേ ഉലകം...

#Corsica #Ajaccio #Cargese

 ജീവിത സായാഹ്നത്തിൽ എവിടെയെങ്കിലും അടിഞ്ഞു കൂടി പിൽക്കാല ജീവിതം സമാധാനത്തോടെ ജീവിക്കണം എന്ന് ചിന്തിക്കുക ആണെങ്കിൽ കേരളം അല്ലാതെ വേറെ മനസ്സിൽ സ്വപ്നം കാണുന്ന സ്ഥലങ്ങൾ ഗോവയും, കോർസിക്കയും ആണ്. സ്വപ്നം കാണാൻ കാശ് ഒന്നും കൊടുക്കണ്ടല്ലോ..

ഗോവയിലെ നാലു വർഷങ്ങൾ നാല് ദിവസങ്ങൾ പോലെ ആയിരുന്നു..ഇത് വരെ ജോലി ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം (ലണ്ടൻ ഒക്കെ എന്ത്!)..പറഞ്ഞു വന്നത് വേറെ ഒന്നും അല്ല, കോർസിക്കയിൽ ഒരു മാസം ഇന്ത്യൻ ഗവണ്മെന്റ്, ഫ്രഞ്ച് ഗവണ്മെന്റ്_ചിലവിൽ അടിച്ചു പൊളിച്ചു ജീവിക്കാൻ പറ്റിയ ദിവസങ്ങൾ ശെരിക്കും അമൂല്യമായവ തന്നെ ആയിരുന്നു.
ഫ്രഞ്ച് അധീനതയിൽ ഉള്ള കോർസിക്ക എന്ന ദ്വീപ് പർവതങ്ങൾ നിറഞ്ഞ ഒരു സുന്ദരഭൂമി ആണ്. മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് കിടക്കുന്ന ഈ ദ്വീപ് വളരെ ഉന്നതമായ സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചു വന്നു സെറ്റിൽ ചെയ്യുന്നവരുടെ ഒരു പറുദീസ ആണ്. എന്നാൽ യുവത്വം തുളുമ്പുന്ന ട്രെക്കിങ് പാതകളും, ഡൈവിംഗ് ബീച്ചുകളും നിറഞ്ഞ ഒരു സ്ഥലം..
അന്ന് സംഭവിച്ച മറക്കാനാകാത്ത ഒരു സംഭവം ഞാൻ ഇവിടെ കുത്തിക്കുറിക്കട്ടെ..
സമ്മർ സ്കൂളിൽ പങ്കെടുക്കാൻ സ്കോളര്ഷിപ് കിട്ടി ഇന്ത്യയിൽ നിന്ന് പാരീസിലേക്കും അവിടെനിന്നു കോർ്സിക്കയിലേക്കും പറക്കുന്നതിനു മുന്നേ കിട്ടിയ അറിയിപ്പ് പ്രകാരം എന്റെ താമസം കടൽ തീരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 30 മിനിറ്റ് നടന്നു എത്താവുന്ന ദൂരത്തിൽ ഉള്ള ഒരു ഗ്രാമത്തിൽ ആണെന്നതിനാലും, ആ 30 മിനിറ്റ് നടക്കേണ്ടത് ഒരു കാടിനുള്ളിൽ കൂടി ആണെന്നതിനാലും ഒരു ടോർച്ച് വാങ്ങിക്കാൻ ഓർത്തിരുന്നെങ്കിലും സമയപരിമിതി മൂലം പറ്റിയില്ല. അവിടെ ചെന്ന് ആദ്യ ദിവസം കുറച്ചു പേർ ഉള്ള കൂട്ടമായി നടന്നത് കൊണ്ട് വഴിയെ പറ്റി ഏകദേശ ധാരണ കിട്ടി. റോഡ് ഇല്ല, ഒരു ഭാഗത്തു വലിയ താഴ്ച ഉള്ള, മറു ഭാഗത്തു വന്യമൃഗങ്ങൾ ഒക്കെ ഉള്ള കട്ടപിടിച്ച കാടും ഉള്ള ഒരു നാ(കാ)ട്ടു പാത.
പക്ഷെ അവിടെ സമ്മർ സമയത്തുള്ള ഒരു കാര്യം എന്താണെന്നു വച്ചാൽ ഏകദേശം രാത്രി 9 മണി വരെ ഒക്കെ നട്ടുച്ച പോലെ തന്നെ ആയിരിക്കും. ചൂടുള്ള സമയം ആയതിനാൽ ബ്രേക്ക് ടൈം മിക്കവാറും കടൽ വെള്ളത്തിൽ ചെന്ന് നീന്തൽ ആയിരുന്നു പ്രധാന ഹോബി. കൂടെ ഉള്ള മദാമ്മമാർ ആണെങ്കിൽ അതെ വേഷം ഇട്ടു വന്നു ക്ലാസ്സിൽ ഇരിക്കുകയും ചെയ്യും. നമ്മൾ മാത്രം "പെണ്പിള്ളേർക്കെന്താ സിമ്പിൾ ഡ്രസ്സ് ധരിച്ച പുരുഷന്മാരെ ഇഷ്ടമല്ലേ, ഡോണ്ട് ദേ ലൈക്!" എന്ന മാതിരി കമ്പ്ലീറ്റ് ഫോർമൽ വിഡ്ഢിവേഷത്തിൽ ആയിരുന്നു പലപ്പോഴും, ആദ്യത്തെ സമ്മർ സ്കൂൾ അല്ലേ, അടുത്തതിൽ ഞാൻ കലക്കും എന്ന് ഡ്രസ്സ് വാങ്ങി പായ്ക്ക് ചെയ്ത നിമിഷത്തെ പ്രാകി കൊണ്ടു സമാധാനിച്ചു.
അങ്ങനെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു പുറത്തു വന്നപ്പോൾ ഞാൻ ചെയ്തു കൊണ്ടിരുന്ന റിസർച്ചിൽ താല്പര്യം തോന്നി വിശ്വപ്രശസ്ഥ ശാസ്ത്രജ്ഞൻ ആയിരുന്ന പീറ്റർ ലിസ് ചെറിയ ഒരു ലഘുഭക്ഷണം വിത്ത് വൈൻ കഴിക്കാൻ ക്ഷണിച്ചു. അന്ന് സംസാരിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല, എന്ന് മാത്രമല്ല പുറത്തു വന്നപ്പോൾ അത് വരെ കത്തിക്കൊണ്ടിരുന്ന സൂര്യൻ ലൈറ്റ് ഓഫ് ചെയ്ത പോലെ ഡിം എന്ന് ഇരുട്ടാക്കി കളഞ്ഞു. കൈയിൽ ആണെങ്കിൽ ടോർച്ചും ഇല്ല, രണ്ടും കല്പിച്ചു നടന്നു ഒരു സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ലാത്ത വഴിയിലൂടെ. അന്ന് പോരാത്തതിന് അമാവാസിയോ മറ്റോ ആയിരുന്നെന്ന് തോന്നുന്നു. കാട്ടു പന്നിയുടെയോ മറ്റോ ശബ്ദം കേട്ട് കുറച്ചു ദൂരം ഓടിയതായി ഓർക്കുന്നു. ഏകദേശം ഒരു മണിക്കൂറോളം ദിക്കറിയാതെ നടന്നു കാണും..ഞാൻ താമസിച്ചിരുന്ന വില്ലേജിന്റെ മറുഭാഗത്തു ചെന്ന് കയറി..എന്തായാലും ആ ഒരു മണിക്കൂർ ശെരിക്കും കാഴ്ചയില്ലാത്ത ഒരാളെ പോലെ അലഞ്ഞു തിരിഞ്ഞു റൂമിൽ എത്തിയപ്പോൾ എനിക്ക് തോന്നി ശെരിക്കും നമ്മൾ ദൈവം എന്ന് പേരിട്ടു വിളിക്കുന്ന പോലെ ഒരു ശക്തി, ഒരു എനർജി എവിടെയൊക്കെയോ ഉണ്ടെന്ന്....






Wednesday, June 22, 2016

ഓർമയിൽ ചില കുസൃതികൾ 2

പുറനാട്ടുകര ശ്രീരാമകൃഷ്ണ സ്കൂൾ  എന്റെ ജീവിതത്തിൽ  ഒരിക്കലും മറക്കാൻ  കഴിയാത്ത പല മധുരിക്കുന്നതും കയ്പേറിയതും ആയ സ്മരണകളുടെ ഉറവിടം ആണ്. ഒന്നാം ക്ളാസ്  മുതൽ  + 2 വരെ ഞാൻ  സ്കൂളിൽ  നിന്ന് പഠിച്ചത് പാഠ ഭാഗങ്ങളേക്കാൾ  സ്നേഹം, മതേതരത്വം , സാഹോദര്യം എന്നിവയ്ക്ക് ജീവിതത്തിൽ  ഉള്ള പങ്കു തന്നെ ആയിരുന്നു. സത്യം പറയാമല്ലൊ , മതം എന്നുള്ളത് ഒരു തരം  തിരിവായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. സാംസ്കാരിക തലത്തിൽ  ഏറെ മുന്നിട്ടു നിന്നിരുന്ന / നില്ക്കുന്ന ഞങ്ങളുടെ അടാട്ട് പഞ്ചായത്ത് ഏതൊരു  പ്രധാന ചടങ്ങിനും വിവിധ മതാചാര്യന്മാർ  കൈകോര്ത്തു വേദി പങ്കിടുന്ന, മതത്തെ പറ്റി  യാതൊന്നും പറയാതെ, സാമൂഹ്യനന്മയെ പറ്റി  മാത്രം പ്രസംഗിക്കുന്ന ഒരുപാട് വേദികള്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.. .

 ഈ ഒരു പ്രവണത പുതുതലമുറയെ ജീവിതത്തിന്റെ ഒരുപാട് നന്മകൾ  പഠിപ്പിച്ചിട്ടുണ്ട്, എന്റെ ചെറുപ്പകാലത്ത് ഞാൻ  കണ്ടിട്ടുള്ള ഓരോ മുഖങ്ങളിലും ആ നന്മയുടെ വിസ്ഫുരണങ്ങള് ഞാന് ദര്ശിച്ചിട്ടുണ്ട് . 
ഒരുപക്ഷെ, പുറനാട്ടുകര സ്കൂള് വിദ്യാഭ്യാസം ഞങ്ങള് നാട്ടുകാരില് വളര്ത്തിയ ഒരു നന്മ, അതാണ്  ഞങ്ങളെ മറ്റുള്ളവരിൽ  നിന്ന് വ്യത്യസ്തരാക്കുന്നത്. ഒരിക്കലും ഓണം, വിഷു ഹിന്ദുക്കളുടെ ആണെന്നോ,ക്രിസ്ത്മസ്ക്രിസ്ത്യാനികളുടെ ആണെന്നോ റംസാൻ  മുസ്ലിംകളുടെ മാത്രം ആണെന്നോ ആരും ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. ഓരോ ഉത്സവങ്ങളും നാടിന്റെ ഉത്സവങ്ങൾ  ആയിരുന്നു. അങ്ങനെ ഞങ്ങൾ  അടാട്ട് ദേശക്കാർ  ഒരുപാട് ആഘോഷിച്ചിട്ടുള്ള , ഇപ്പോള് നാമമാത്രമായ ഒരു ആഘോഷമാണ്  "പോത്തോട്ടം ". ഉടലക്കാവ് അമ്പലത്തിൽ  ഉത്സവത്തിന് പറ വയ്ക്കുന്ന ക്രിസ്ത്യന് വീടുകളും, പള്ളി പെരുന്നാളിന് അമ്പു / ബാന്ഡ് സംഗം സ്വാഗതം ചെയ്യുന്ന ഹിന്ദുമുസ്ലിം വീടുകളും ഞങ്ങളുടെ നാട്ടിൽ  സർവസാധാരാണമാണെന്നു ഒരല്പം അഹങ്കാരത്തോടെ അതിലേറെ അഭിമാനത്തോടെ  മറ്റുള്ള നാടുകളില് പോയി പറയുവാൻ  എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. 

പറഞ്ഞു പറഞ്ഞു ഫോറെസ്റ്റ് കയറിയോ? അല്ലെങ്കിലും എന്റെ സ്കൂൾ  , നാട് എന്നിവയെ വർണിക്കാൻ  തുടങ്ങിയാൽ  ഞാൻ  നിർത്തില്ല . 
അപ്പൊ, സംഭവം നടക്കുന്നത് നമ്മുടെ പുറനാട്ടുകര സ്കൂളിൽ  വച്ചാണ്. ഞാൻ  ഒമ്പതാം ക്ളാസ്സില്  പഠിക്കുന്ന സമയം. ദിനേശൻ  മാഷ് ആണ് അന്നത്തെ എന്റെ ക്ളാസ്  ടീച്ചർ  . ഒരു സത്യം പറഞ്ഞാല് കളി ആക്കരുത്, ആന്നു  ഞാൻ  ആയിരുന്നു ക്ളാസ് ലീഡർ  . അന്ന് ഞങ്ങളുടെ സ്കൂളിൽ  നേരം വൈകി വരുന്നവരുടെയും ബഹളം ഉണ്ടാക്കുന്നവരുടെയും പ്രധാന ശത്രു ഓരോ ക്ളാസ്സിലെയും ക്ളാസ്  ലീഡര്മാർ  ആയിരുന്നു, എന്തെന്നാൽ  ഇത്തരക്കാരുടെ പേര് എഴുതി മാഷേ കാണിച്ചു അടി മേടിച്ചു കൊടുക്കണ്ട ചുമതല ലീഡര്ക്കായിരുന്നു.
കൈക്കൂലിയുടെ വില മനസ്സിലാക്കിയ സമയം ആയിരുന്നു ആ കാലം. പേര് ലിസ്റ്റിൽ  നിന്ന് വെട്ടുന്നതിനു പ്രത്യേകം കൈക്കൂലി ചോക്ലേറ്റ് ആയും ഞങ്ങൾ  "നേബിള് " എന്ന് വിളിക്കുന്ന നെയിം സ്ളിപ്പ്  ആയും യഥേഷ്ടം കിട്ടിക്കൊണ്ടിരുന്നു. ഒരു അടി ഒഴിവാക്കാൻ  ആരാ ആഗ്രഹിക്കാതിരിക്കുക ! 
ഞാൻ അന്ന് ക്ലാസ് ലീഡർ ആണ്, കൂടുതൽ മാർക്ക് കിട്ടുന്നതു കൊണ്ട് മാത്രം ലീഡർ ആയി പോയ ഹത ഭാഗ്യൻ, കൂടുതൽ മാർക്ക് കിട്ടുന്നത് ഭയങ്കര ബുദ്ധി ആയതുകൊണ്ടൊന്നും അല്ല, എന്റെ ക്ലാസ്സ് ഡിവിഷൻ ഇ അതായത് ഉള്ള മണ്ടന്മാരെ മുഴുവൻ തള്ളുന്ന ഒരു ക്ലാസ് ആയിരുന്നു. നമ്മുടെ കഥയിൽ സഹനായകൻ സലിം കുമാറും അജു വർഗീസും ഒക്കെ തിരക്കിൽ ആയതു കൊണ്ട് ഞാൻ തന്നെ ആണ്, നായകൻ എന്റെ അനിയനും.
എന്റെ അനിയൻ അന്ന് മൂന്നാം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു, അന്ന് കിറ്റ് കാറ്റ് ചോക്ലേറ്റ് കടകളിൽ സുലഭമായി വന്നു കൊണ്ടിരുന്ന കാലം ആണ്, അനിയൻ ആണെങ്കിൽ അന്ന് ഭയങ്കര ആക്രാന്തവും!
ഈ ചോക്ലേറ്റ് കിട്ടുന്ന കടയുടെ മുന്നിൽ എത്തിയ ഉടൻ അവൻ വെള്ളം കണ്ട കുതിരയെ പോലെ സഡൻ ബ്രേക്ക് ഇട്ടു നിൽക്കും, പിന്നെ റോഡ് സൈഡിൽ അത്യാഗ്രഹം മൂത്തു സത്യാഗ്രഹം ഇരിക്കും, കിറ്റ്കാറ്റ്  കിട്ടാതെ അവിടുന്ന് അനങ്ങില്ല എന്നതാണ് പ്രധാന മുദ്രാവാക്യം. ഇതൊക്കെ വീട്ടിൽ റിപ്പോർട്ട് ചെയ്തു അവനു കിട്ടുന്ന അടി ഷെയർ ചെയ്തില്ലെങ്കിലും ആ വകയിൽ കിട്ടുന്ന ചോക്ലേറ്റ് ഭൂരിഭാഗവും എത്തിയിരുന്നത് എന്റെ വയറ്റിൽ ആണെന്നത് വേറെ ഒരു കാര്യം.
അങ്ങനെ ഇരിക്കെ എനിക്ക് ഒരു സൈക്കിൾ കിട്ടി, ചാച്ചൻ സ്കൂട്ടർ വാങ്ങിയതു പ്രമാണിച്ചു പഴയ സൈക്കിൾ എനിക്ക് തീറെഴുതി തന്നതാണ്, അന്ന് ചാച്ചൻ ചോദിച്ചു, " ഡാ നിനക്ക് സന്തോഷമായോ?" , ഞാൻ പറഞ്ഞു എനിക്ക് സ്കൂട്ടർ മതിയായിരുന്നു എന്ന്, അന്ന് ചാച്ചൻ സ്കൂട്ടറും കൊണ്ട് സ്കൂട്ടായി.
ആ സമയത്തു അനിയനെയും വച്ച് സൈക്കിളിൽ പുറനാട്ടുകര പള്ളി കയറ്റം ചവിട്ടി കയറ്റുക ആയിരുന്നു എന്റെ അക്കാലത്തെ ഏറ്റവും വലിയ ഡെയിലി അച്ചീവ്മെമെന്റ്! 
മുൻപ് പറഞ്ഞ പോലെ ഞാൻ ക്ലാസ് ലീഡർ ആയിരുന്നു എങ്കിലും നേരത്തെ ക്ലാസ്സിൽ എത്തുന്നത് ഒക്കെ വല്യ പാടുള്ള കാര്യം ആയിരുന്നു. വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങുമെങ്കിലും ലോകകാര്യങ്ങൾ ഒക്കെ അന്വേഷിച്ചു സ്കൂളിൽ എത്തുമ്പോൾ നല്ല സമയം ആകുമായിരുന്നു.  ഒമ്പതിൽ ക്ലാസ് ടീച്ചർ അന്ന് ദിനേശൻ മാഷ് ആയിരുന്നു. സർ ഭയങ്കര സുന്ദരൻ ആയിരുന്നെങ്കിലും പിള്ളേർക്കൊക്കെ ആളെ നല്ല പേടി ആയിരുന്നു. (എനിക്കും) ;) 
അന്ന് നേരം വൈകി എത്തിയപ്പോൾ ദിനേശൻ മാഷ് പിടിച്ചു, ഒരു ചെറിയ നുണ പറഞ്ഞു രക്ഷപെടാൻ നോക്കിയ ഞാൻ ശെരിക്കും പെട്ട്, സൈക്കിൾ പഞ്ചർ ആയെന്നു പറഞ്ഞ ഉടനെ പറഞ്ഞു സാക്ഷിയെ ഹാജർ ആക്കാൻ, അനിയനെ വിളിച്ചു വരാൻ ഓർഡർ ആയി, ഞാൻ വിറച്ചു കൊണ്ട് അവന്റെ ക്ലാസ്സിൽ പോയി അവനെ വിളിച്ചു. അവൻ ആണെങ്കിൽ ചേട്ടൻ കാരണം ലേറ്റ് ആയെന്നു പറഞ്ഞു എസ്സ്ക്കേപ് ആയി ഇരിക്കുകയാണ്. ഞാൻ അവനെ പറഞ്ഞു പഠിപ്പിച്ചു പഞ്ചർ ആയെന്നു പറയാൻ, എനിക്ക് അന്നേ ശിക്കാരി ശംബുവും, മായാവിയും വായിക്കുന്നത് കൊണ്ട് ഭയങ്കര ബുദ്ധി ആയിരുന്നു. ഞാൻ അവനെ ഫ്രണ്ട് ടയർ ആണ് പഞ്ചർ ആയതെന്ന് പറയാൻ പ്രത്യേകം പഠിപ്പിച്ചു, 
ദിനേശൻ മാഷെ കണ്ട ഉടൻ എന്റെ അനിയന്റെ ഗ്യാസ് ഒക്കെ പോയെന്നു എനിക്ക് മനസ്സിലായി, എന്നാലും അവൻ കട്ടക്ക് പിടിച്ചു നിന്നു, പക്ഷെ ഒരു കുഴപ്പം ഈ ഫ്രണ്ട് ടയർ പിന്നിൽ ആണോ മുന്നിൽ ആണോ എന്ന് ഒരു ചെറിയ സംശയം! അവൻ കുളമാക്കും എന്ന് തോന്നിയ ഉടൻ ഞാൻ ഒരു കരച്ചിൽ അങ്ങ് കാച്ചി, പാവം എന്റെ അനിയനെ കാരയിക്കല്ലേ എന്ന്, അത് കണ്ടു അവന്റെ ചിരി! ചിരിക്കല്ലേ ചിരിക്കല്ലേ എന്ന് കണ്ണടച്ച് കാണിച്ചപ്പോൾ ചിരി കൂടി, എന്തായാലും മാഷ് അവനെയും കൊണ്ട് പുറത്തു പോയി, പ്യൂൺനെ വിളിച്ചു അവനെ ക്ലാസ്സിൽ എത്തിക്കാൻ പറഞ്ഞു.
നാടകം വിജയിച്ചു രക്ഷപ്പെട്ടതിന്റെ സന്തോഷത്തിൽ ഞാൻ ചെന്നിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ മാഷ് എന്നോട് ഒരു കാര്യം പറഞ്ഞു, അത് കേട്ട് ഞാൻ ഞെട്ടി, ഭാഗ്യത്തിന് അന്ന് അടി കിട്ടിയില്ല, എന്താണെന്നോ കാര്യം!
പേടിപ്പിച്ചിട്ടും, ദേഷ്യപ്പെട്ടിട്ടും കീഴടങ്ങാതെ ധീരനായ അനിയൻ ഒരു ചോക്ലേറ്റ് തരാം എന്ന പ്രലോഭനത്തിൽ സ്വന്തം ചേട്ടനെ ഒറ്റു കൊടുത്തിരിക്കുന്നു, ചോക്ലേറ്റ് വാങ്ങിത്തരാം എന്ന് പറഞ്ഞ ഉടൻ ചേട്ടൻ ഇന്ന് രാവിലെ  വല്യ ചേട്ടന്മാരുടെ കൂടെ മീൻ പിടിക്കാൻ പോയതാണെന്ന സത്യം അവൻ തുറന്നു പറഞ്ഞു! 

Monday, December 1, 2014

ആമ്സ്റെര്‍ഡാമിലേക്ക്....

നെതര്‍ലാന്ടിന്റെ തലസ്ഥാനമായ ആമ്സ്റെര്‍ഡാമിലേക്ക് നടത്തിയ യാത്രയില്‍ ഞാന്‍ കണ്ട ചില കാഴ്ചകള്‍ ഇവിടെ കുറിക്കട്ടെ. വളരെ ആധികാരികമായ വിവരങ്ങള്‍ ഒന്നും നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ പറ്റാവുന്ന അത്ര വിവരങ്ങള്‍ ചേര്‍ത്ത് എഴുതാം. 
കൂടുതല്‍ ആധികാരികമായി നമ്മുടെ പ്രിയപ്പെട്ട നിരക്ഷരന്‍ എഴുതിയിട്ടുള്ളത് കൊണ്ട് അതിനു ഞാന്‍ മുതിരുന്നില്ല. 

പിന്നെ എന്റെ ഈ കുഞ്ഞുപോസ്റ്റിനെ അദ്ധേഹത്തിന്റെ യാത്രാവിവരണവുമായി കമ്പയര്‍ ചെയ്യുന്ന അത്ര വിവരക്കേട് ആരും കാട്ടില്ല എന്ന പ്രത്യാശയോടെ, നമുക്ക് ഞാന്‍ കണ്ട ആമ്സ്റെര്‍ഡാമിലേക്ക് സഞ്ചരിക്കാം..  

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നിന്നും രാത്രി നാലു അഞ്ചു ട്രെയിനുകള്‍ മാറി കയറി ആണ് രാവിലെ ആമ്സ്റെര്‍ഡാം സ്റ്റേഷനില്‍ എത്തിയത്. ജര്‍മ്മനിയിലെ തന്നെ കീലില്‍ നിന്നും എന്റെ ഒരു സുഹൃത്ത് ജെന്‍സെന്‍ മുന്നേ തീരുമാനിച്ച പ്രകാരം ആമ്സ്റെര്‍ഡാം സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. പെട്ടെന്ന് തീരുമാനിച്ചു കൈയില്‍ കിട്ടിയ സാധനങ്ങളും എടുത്തു, ഒരു പ്ലാന്നിങ്ങും ഇല്ലാത്ത യാത്ര ആയതിനാല്‍ നേരെ റെയില്‍ വെ സ്റ്റേഷനു സമീപത്തുള്ള ടൂറിസം ഹെല്പ് സെന്ററില്‍ ആണ്. 
ആമ്സ്റെര്‍ഡാം സെന്‍ട്രല്‍ സ്റ്റേഷന്‍ 
സിറ്റിയുടെ ഹൃദയഭാഗത്തുള്ള ആമ്സ്റെര്ഡാം സെന്‍ട്രല്‍ സ്റ്റേഷന്‍ ഏറ്റവും തിരക്കുള്ള വലിയ ഒരു സ്റ്റേഷന്‍ ആണ്. ഏകദേശം രണ്ടര ലക്ഷത്തോളം ആളുകള്‍ ദിനം പ്രതി കടന്നു പോകുന്ന ഈ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് 1889 ഇല്‍ ആണ്. 

ട്രാമുകളിലും ബസുകളിലും യാത്ര ചെയ്യാനുള്ള "I AMSTERDAM" കാര്‍ഡും, മാപ്പുകളും വാങ്ങി നേരെ ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലിലേക്ക് വിട്ടു. കുളിച്ചു ഫ്രഷ്‌ ആയി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാന്‍ എന്ന് ജെന്‍സെന്‍ അഭിപ്രായപെട്ടത് കൊണ്ട് വിശപ്പടക്കി ആദ്യം കണ്ട ബസ്സില്‍ തന്നെ ചാടി കയറി. കാര്‍ഡ്‌ സ്വൈപ്പ് ചെയ്യുന്ന പരിപാടി ആയതു കൊണ്ട് ചോദ്യം പറച്ചിലുകള്‍ ഒന്നും ഉണ്ടായില്ല. 
ഞങ്ങള്‍ ബുക്ക്‌ ചെയ്ത ഹോട്ടല്‍ അമിഗോ യിലേക്കുള്ള വഴി


ഞങ്ങള്‍ ചാടി കയറിയ ബസ് 

ജെന്‍സെന്‍ കയ്യിലുള്ള കാശും കൊടുത്തു അവന്റെ അത്ര സ്മാര്‍ട്ട്‌ അല്ലാത്ത സ്മാര്‍ട്ട്‌ ഫോണ്‍ ഇന്റര്‍നെറ്റ്‌ റീചാര്‍ജ് ചെയ്തിരുന്നു എന്നുള്ള ധൈര്യം കൊണ്ട് അവന്റെ ഫോണിളുള്ള ഗൂഗിള്‍ അമ്മച്ചി സ്ഥലമെത്തി എന്ന് പറയുന്നത് കാത്തു ഞാനും അവനും വഴികാഴ്ചകള്‍ ആസ്വദിച്ചു ഇരുന്നു. പക്ഷെ, ലാസ്റ്റ് സ്റ്റോപ്പ്‌ എത്തി, എന്താ ഇറങ്ങാത്തേ എന്ന് ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ആണ് ഞങ്ങള്‍ നേരെ വിപരീത ദിശയില്‍ ആണ് ഇത്ര നേരം സഞ്ചരിച്ചത് എന്ന് മനസ്സിലായത്‌. അവന്റെ പാട്ടഫോണിനെയും ഗൂഗിള്‍ അമ്മച്ചിയും ശപിച്ചു കൊണ്ട് ഡ്രൈവറുടെ കാലു പിടിച്ചപ്പോള്‍ അതെ ബസില്‍ തിരിച്ചു സെന്‍ട്രലില്‍ എത്താനുള്ള അനുമതി തന്നു, പൈസ പോയില്ല.ഭാഗ്യം.  
അങ്ങനെ തിരിച്ചെത്തി മുയിടെര്‍പോര്‍ട്ട്‌ (Muiderport) പോകാന്‍ ഉള്ള ബസ്‌ കയറി. അമിഗോ ബട്ജെറ്റ് ഹോട്ടല്‍ എത്താന്‍ പിന്നെയും മുയിടെര്‍പോര്‍ട്ടില്‍ നിന്ന് 5 മിനിറ്റ് നടക്കണം, ലിന്നയസ്സ്ട്രാറ്റ് ഓവര്‍ബ്രിഡ്ജ് കടന്നു ഇത്തിരി നടന്നപ്പോള്‍ ഹോട്ടല്‍ എത്തി. റൂം കീ വാങ്ങി ഡോര്‍മിറ്ററിയില്‍ ചെന്നപ്പോള്‍ നിറയെ പെണ്ണുങ്ങള്‍, സോറി റൂം തെറ്റി എന്ന് പറഞ്ഞു ഇറങ്ങി റിസപ്ഷനില്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു അത് തന്നെയാ റൂം എന്ന്. 6 പെണ്ണുങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന 8 ബെഡ് ഡോര്‍മിറ്ററിയില്‍ മൂലയ്ക്ക് രണ്ടു ബെഡ് കൂടി ഉണ്ടത്രേ!. ഈശ്വരാ, ഞങ്ങളെ കാത്തോളണേ (കണ്ട്രോള്‍!!) എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഫ്രഷ്‌ ആയി പുറത്തിറങ്ങി. ബട്ജെറ്റ് ഹോട്ടല്‍ ആയതു കൊണ്ട് തന്നെ ഇടുങ്ങിയ ഇടനാഴികളുള്ള ഒരു കൊച്ചു ഹോട്ടല്‍ ആയിരുന്നു അത്. ചുവപ്പ് പരവതാനി വിരിച്ച ഇടനാഴികളില്‍ മാരിഹുവാന വലിച്ചു ലഹരിയില്‍ ആറാടുന്ന കുറച്ചു പേര്‍ ഒരു സ്ഥിരകാഴ്ച ആണ്. 

ഹോട്ടലിലെ വീതികുറഞ്ഞ ഗോവണികള്‍
എന്തെങ്കിലും നന്നായി തന്നെ വിഴുങ്ങാം എന്ന ആഗ്രഹത്തോടെ സ്ട്രീറ്റ് മുഴുവന്‍ നടന്നെങ്കിലും നല്ല ഒരു പ്രാതല്‍ ആയി കഴിക്കാവുന്ന ഒന്നും കണ്ണില്‍ പെട്ടില്ല. പിന്നെ ചേരയെ തിന്നുന്ന നാട്ടില്‍ കിട്ടിയാല്‍ നടുകഷണം തന്നെ കഴിക്കണം എന്ന പ്രമാണം വച്ചു ഉയിട്സ്മിട്ടെര്‍ (uitsmijter) എന്ന ഒരു സാധനം കണ്ണും പൂട്ടി ഓര്‍ഡര്‍ ചെയ്തു. കൊണ്ട് വന്നപ്പോള്‍ എന്താ! ഡച്ച് ബ്രെഡും, ബുള്‍സെയും , ഹാം സ്ലൈസും. നല്ല ടേസ്റ്റ് ഉള്ളതുകൊണ്ടോ, അതിലേറെ വിശപ്പുള്ളത് കൊണ്ടോ, ഒന്ന് കൂടെ ഓര്‍ഡര്‍ ചെയ്യാന്‍ ഒരു മടിയും കാണിച്ചില്ല. പിന്നീട് യോഗർട്ടിൽ പഴങ്ങൾ ഇട്ടു തണുപ്പിച്ച ഹാങ്ങോപ്പ് എന്ന ഡ്രിങ്ക് ഓർഡർ ചെയ്തു. ആദ്യമായിട്ടാണ് അങ്ങനെ ഒരു ഡ്രിങ്ക് കാണുന്നത്, വയറിനു വേറെ പ്രശ്നങ്ങള ഒന്നും ഉണ്ടാവല്ലേ എന്ന് പ്രാര്തിച്ചു കുടിച്ചു..സത്യം പറയാമല്ലോ, അസാമാന്യ ടേസ്റ്റ് ആയിരുന്നു ... 

                                            ഉയിട്സ്മിട്ടെര്‍ (uitsmijter) ©K. Engelbrecht

                                                                    ഹാങ്ങോപ്പ്  © E. Schelkers
പിന്നെ നേരത്തെ കിട്ടിയ മാപ്പുകളും, നേരത്തെ കൈയിലുള്ള വിവരമില്ലായ്മയും കൊണ്ട് നാട് തെണ്ടാനിറങ്ങി. അപ്പൊ നമുക്ക് അടുത്ത ലക്കത്തിൽ ബോട്ട് യാത്രയും, റെഡ് സ്ട്രീറ്റ് യാത്രയും ഒക്കെ പോവാം ...അപ്പൊ പിന്നെ കാണാം...           

നിരക്ഷരന്‍റെ യാത്രകള്‍ ഇവിടെ വായിക്കാം 
4. തീരാവേദനയായി ഒരു പെണ്‍കുട്ടി  

(തുടരും)

Saturday, September 21, 2013

സ്വപ്നസുന്ദരമാണീ പ്രാഗ്....part- 2


പ്രാഗിനെ പറ്റി ഒന്നാം ഭാഗം എഴുതി പബ്ലിഷ് ചെയ്ത ഉടനെ പണിതിരക്കുകൾ  അധികമായതിനാൽ ഈ ഭാഗത്തേക്ക്‌ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആയില്ല.  രണ്ടാം ഭാഗം എഴുതി മുഴുവനാക്കണം  എന്ന് വിചാരിക്കാൻ തുടങ്ങീട്ടു ഇന്നാണ്(21-9-2013) ഇത്തിരി സമയം കിട്ടിയത്. പറ്റിയാൽ ഇന്ന് തന്നെ പ്രാഗ് വിശേഷങ്ങൾ  പറഞ്ഞു തീര്ക്കണം. പക്ഷെ തിരക്കുകൾക്കിടയിലും ഇവിടെ ലണ്ടൻ മലയാളി അസോസിയേഷൻ  എം എ യു കെ യുടെ "കട്ടൻകാപ്പിയും കവിതയും" എന്ന പരിപാടിയിലും, ഓണസദ്യയിലും പങ്കുചേരാനും ലണ്ടനിലെ പ്രഗല്ഭരായ മലയാളികളുടെ ഇടയിൽ  ഇരിക്കാനും പരിചയപ്പെടാനും കഴിഞ്ഞതിൽ എന്റെ ഏറ്റവും വലിയ നന്ദി ബിലാത്തിപട്ടണം എഴുതുന്ന (ബ്ലോഗ്ഗർ, മജീഷ്യൻ) മുരളീമുകുന്ദൻ ചേട്ടനോട് ആണ്. ലണ്ടനിലെ ജോലിതിരക്കുകൾക്കിടയിലും എഴുതാനും, ജാലവിദ്യകൾക്കും  സമയം കണ്ടെത്തുന്നതും ഒരു കഴിവ് തന്നെ. 

അപ്പൊ പ്രാഗിലേക്ക് സ്വാഗതം. ഒന്നാം ഭാഗം വായിക്കാത്തവർ  ദയവായി ഇവിടെ ക്ലിക്കി  അത് വായിച്ചു വേഗം തിരിച്ചു വരിക.

അങ്ങനെ ഞാൻ ഡാൻസിംഗ് കെട്ടിടം കണ്ടു, ചാൾസ് ബ്രിഡ്ജ് കറങ്ങി അല്ലറ ചില്ലറ ഷോപ്പിങ്ങും നടത്തി നേരെ ഓൾഡ്‌ ടൌണ്‍ സ്ക്വയറിലേക്ക് വച്ച് പിടിച്ചു.  

ഇവിടെ ആണ് നമ്മുടെ ലോകപ്രശസ്തമായ ആസ്ട്രോണമിക്കൽ ക്ലോക്ക് സ്ഥിതി ചെയ്യുന്നത്. ഒർലൊയ് എന്ന് പേരുള്ള ഈ ഭീമൻ ക്ലോക്ക് (സാധാരണ ക്ലോക്ക് അല്ല കേട്ടോ, ഒരു ഒന്നൊന്നര ക്ലോക്ക്)  1410 എഡി യിൽ ഹാനസ്  എന്ന ഒരു ക്ലോക്ക് മേക്കെർ ഉണ്ടാക്കിയതാണ് എന്നാണ് വിക്കിപീഡിയ പറയുന്നത്. ഈ ക്ലോക്ക് പലതവണ പണി മുടക്കി, പലതവണ റിപെയർ ചെയ്തു. അതിൽ പിന്നീട് ചേര്ത്ത നാല് രൂപങ്ങൾ  1. കണ്ണാടി നോക്കി സ്വയം ആസ്വദിക്കുന്ന ആൾ ആത്മവിശ്വാസം , പ്രൌഡി  എന്നിവയെയും, 2. പണസഞ്ചിയും ആയിനില്ക്കുന്ന ആൾ പിശുക്ക്, അത്യാഗ്രഹം എന്നിവയെയും  3. അസ്ഥികൂടം മരണത്തെയും 4. പാടുന്ന ആൾ കലാസ്വാദനം, ആഘോഷം എന്നിവയെയും പ്രതിനിധാനം ചെയ്യുന്നു.







പിന്നീട് സെന്റ്‌ ജെയിംസ്‌ പള്ളിയുടെ അടുത്തുകൂടി ജെവിഷ് ടൌണിൽ എത്തി. അവിടെ കുറച്ചുനേരം കറങ്ങി നടന്നു നേരെ നാഷണൽ മ്യുസിയം കാണാൻ മാപ്പിൽ നോക്കി നടന്നു.  വഴിക്ക് കണ്ട കലാപരിപാടികളും സുന്ദരികളും പല പ്രാവശ്യം വഴിതെറ്റിച്ചെങ്കിലും എങ്ങനെയോ എത്തേണ്ടഇടത്ത് എത്തി. 



വഴിയിൽ  എന്നെ ഹഠാദാകര്ഷിച്ച :-) ഒരു നൃത്തം കണ്ടു ഞാൻ അങ്ങനെ നിന്ന് പോയി. നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ  അണിഞ്ഞ പ്രാഗ് സുന്ദരികൾ. ഭലേ ഭേഷ്. പക്ഷെ, നൃത്തം കഴിഞ്ഞതിനു ശേഷം ആണ് ഞാൻ അത് ശ്രദ്ധിച്ചത്,അവരുടെ തൊട്ടു പിന്നിൽ കാണുന്നതാണ്  നാഷണൽ മ്യുസിയം . പക്ഷെ നൃത്തം ആസ്വദിച്ചു മയങ്ങി നിന്ന ഞാൻ അത് കണ്ടില്ല. നേരെ നടന്നു മ്യൂസിയത്തിന് മുൻപിൽ എത്തി. പക്ഷെ, നിര്ഭാഗ്യം എന്ന് പറയട്ടെ, മ്യൂസിയത്തിനു അകത്തു കയറാൻ പറ്റിയില്ല. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്നതിനാൽ, പാരീസിലെ ലൂവ്ര് കണ്ട എനിക്ക് "ഇതൊക്കെ എന്ത് !" എന്ന ഗമയിൽ പുറത്തു വായ്‌ നോക്കി നിന്ന്,  അത്രയും നടന്നത് മുതലാക്കി.  എന്നോടാണോ കളി! 

നാഷണൽ മ്യൂസിയം 

പിന്നീട് നേരെ സ്റ്റേറ്റ് ഓപെറയിലേക്ക് വച്ച് പിടിച്ചു. നാഷണൽ തീയേറ്ററിന്റെ  ഭാഗമായ സ്റ്റേറ്റ് ഒപെര തുടങ്ങിയത് 1992ഇൽ  ആണ്. ചെക്ക്‌ ഭാഷയിലുള്ള ഏതോ പരിപാടി ആയതിനാൽ ടിക്കറ്റ്‌ എടുത്തു കാണാൻ നിന്നില്ല. സമയദാരിദ്ര്യവും ഒരു പ്രശ്നം തന്നെ. 

(സ്റ്റേറ്റ് ഓപെറ)
കുറച്ചു നടന്നു അടുത്ത് കണ്ട സ്റ്റേഷനിൽ  നിന്നും ട്രാം  പിടിച്ചു നേരെ ഉസ്ജെദ് സ്റ്റേഷനിൽ  ഇറങ്ങി. പെട്രിൻ ടവർ കാണുകയാണ് ലഷ്യം. അവിടെ ഇറങ്ങിയ ഉടൻ പെട്രിൻ ടവറിന് സമീപത്തേക്ക് നയിക്കുന്ന ബോർഡുകൾ കണ്ടു. വളരെ പ്രകൃതിരമണീയമായ സ്ഥലം. പൂത്തുലഞ്ഞു നില്ക്കുന്ന മരങ്ങൾ, അതും പല വർണങ്ങളിൽ.  പെട്രിൻ എന്നാ ഒരു മലമുകളിൽ  ആണ് ടവർ സ്ഥിതി ചെയ്യുന്നത്. ടോവേരിനു അടുത്തേക്ക് എത്തണമെങ്കിൽ ടിക്കറ്റ്‌ എടുത്തു  Funicular Railway കയറി  മുകളിൽ  എത്തണം. പിന്നീട് കഷ്ടപ്പെട്ട് 299 പടികൾ കയറണം. അത്രയും കഷ്ടപ്പെടണോ  എന്ന് ആലോചിച്ചു നിൽക്കുമ്പോൾ അതാ ഒരു അമ്മൂമ്മ വടിയും കുത്തിപ്പിടിച്ചു വരിയിൽ  കാത്തു നില്ക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ പോയി ടിക്കറ്റ്‌ എടുത്തു. ഈ ടവർന്റെ പ്രത്യേകത ഇറങ്ങുവാനും കയറുവാനും വെവേറെ പടികൾ ആണെന്നതാണ്. എങ്ങാനും പടി മാറി കയറിയാൽ എതിരെ വരുന്നവരുടെ തെറി കേട്ട് ഒരു വഴിക്കാവും., (അനുഭവം ഗുരു). കയറി ചെല്ലുമ്പോൾ മുകളിൽ  നിന്നുള്ള നഗര ദ്രിശ്യവും, തുറന്നിട്ട ജനാലകളിൽ കൂടി ഒഴുകിവരുന്ന കാറ്റും മനം മയക്കുന്നവ തന്നെ. 


അങ്ങനെ പ്രാഗ് കാഴ്ചകൾ പരമാവധി കണ്ടു കഴിഞ്ഞു അലയാവുന്ന ഇടങ്ങളിലെല്ലാം അലഞ്ഞു വലഞ്ഞു, വീണ്ടും നാഷണൽ മ്യൂസിയത്തിന് സമീപം എത്തി. ചെറിയ ഷോപ്പിംഗ്‌ ഒക്കെ നടത്തികഴിഞ്ഞു  സമയം നോക്കിയപ്പോൾ 11.30pm. പ്രാഗ് അതിന്റെ ദൈവീകമായ, മൃദുലമായ സൌന്ദര്യം മടക്കി പെട്ടിയിൽ വച്ച് വ്യഭിചരിക്കാൻ തുടങ്ങുന്നു രാത്രിയായാൽ. പകൽ  കണ്ട ഒരു നഗരമേ അല്ല രാത്രിയായാൽ! സ്ട്രിപ് ക്ലബ്ബുകളും, കാസിനോകളും, വഴിയിൽ  അങ്ങിങ്ങായി നിരന്നു നില്ക്കുന്ന ശരീര വില്പനക്കാരും , അതിലേറെ പിടിച്ചുപറി ക്കാരും ആയി നഗരം അതിന്റെ വികൃത രൂപം പ്രദര്ശിപ്പിക്കുന്നു. പിന്നെ ഇവിടെ കാണുന്നത് പ്രകൃതി സൌന്ദര്യത്തിന്റെ നൈർമല്യം അല്ല, കമനീയ കെട്ടിടങ്ങളുടെ ചാരുത അല്ല, മറിച്ച്,  പണത്തിനു വേണ്ടി ജീവിക്കുന്നവരും, പണമുണ്ടെങ്കിൽ എന്തും ചെയ്യുന്നവരും കൂടി പ്രാഗ് എന്ന സുന്ദരിയെ ബാലാത്കാരം ചെയ്തു മാനഭംഗം വരുത്തുന്ന കാഴ്ച ആണ്. പകൽകാഴ്ചകളിൽ പ്രാഗ് എന്ന സുന്ദരിയോട്‌ അല്പം ആരാധനയും, സ്നേഹവും തോന്നിയത് കൊണ്ട് "കണ്ണേ മടങ്ങുക" എന്നുരുവിട്ടു കൊണ്ട് രാമനാമം ജപിച്ചു (ഈശ്വരാ! ശക്തി തരൂ) നേരെ തിരിച്ചു ഹോട്ടെലിൽ വന്നു കിടന്നുറങ്ങി. 

ഇനി കാണുമ്പോൾ നമുക്ക് ആംസ്റെർഡാം വിശേഷങ്ങൾ  പങ്കു വക്കാം... അത് വരേയ്ക്കും....മംഗളങ്ങൾ നേര്ന്നുകൊണ്ടു നിർത്തട്ടെ... ശുഭം. 

Monday, August 19, 2013

സ്വപ്നസുന്ദരമാണീ പ്രാഗ്....part- 1

 ലണ്ടൻ എന്ന മഹാ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ബെർലിൻ എന്ന സ്വപ്ന ഭൂമിയിൽ  വന്നെങ്കിലും എവിടെയും പോകാൻ ഒഴിവു കിട്ടിയിരുന്നില്ല. ലണ്ടൻ ഞാൻ ഒരിക്കലും സ്വപ്നം പോലും കാണാത്ത അത്ര സുന്ദരം ആണ്, പക്ഷെ ഒരു സഞ്ചാരി എന്ന നിലയിൽ  ഞാൻ എവിടെയും സഞ്ചരിച്ചിട്ടില്ല. നമ്മുടെ തൃശൂർ കൂടെയോ ഗോവയിലൊ  നടക്കുന്ന ഒരു പ്രതീതി എപ്പോഴും , അതിനു കാരണങ്ങൾ രണ്ടാണ്, ഒന്ന് മുറ്റത്തെ മുല്ലക്ക് മണമില്ല, രണ്ടു,....അത് പിന്നെ പറയാം..

അപ്പൊ പറഞ്ഞു വന്നത് വളച്ചു കെട്ടാതെ പറയാം.. ബെര്ളിനിലെ കാര്യപരിപാടികളിൽ നിന്ന് ഒരു ചെറിയ ഇടവേള ലഭിച്ചപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത് ഒരു യാത്ര പോകുന്നതിനെ പറ്റിയാണ്. അങ്ങനെയാണ് ഞാൻ ജർമ്മനിയിലുള്ള മറ്റു നഗരങ്ങളൽ , അടുത്തുള്ള രാജ്യങ്ങളൽ  എന്നിങ്ങനെ എത്തിപ്പെടാൻ കഴിയാവുന്ന എല്ലാ സ്ഥലങ്ങളെ  പറ്റിയും നമ്മുടെ ഗൂഗിൾ അമ്മച്ചിയോട്‌ ചോദിക്കുന്നത്. അങ്ങനെ തപ്പി തപ്പി ആകെ ആശയക്കുഴപ്പത്തിൽ ഇരിക്കുന്ന നേരത്താണ് എന്റെ ഒരു സീനിയർ മായചേച്ചിയും ഭർത്താവ് ജെസിനും കൂടി പണ്ട് ഹണിമൂണ്‍ പോയ സ്ഥലത്തിന്റെ ചിത്രങ്ങൾ ആകസ്മികമായി നമ്മുടെ മുഖപുസ്തകം, അതേന്നേ..നമ്മുടെ ഫേസ്ബുക്ക്‌ ഏറെ മുന്പിലേക്കു വാരി വിതറിയത്. പ്രാഗ്...വശ്യ സുന്ദരമായ പ്രാഹ....പണ്ട് ഈ ചിത്രങ്ങൾ ആദ്യമായി കണ്ടപ്പോൾ മനസ്സില് ഒരായിരം വര്ണ ചിത്രങ്ങൾ നെയ്തതാണ്. അന്ന് പ്രാഗ് കാണണം എന്നതൊരു ആഗ്രഹം ആയിരുന്നില്ല, ഒരു അത്യാഗ്രഹം ആയിരുന്നു. ഒട്ടകാലണക്കാരന്റെ കീശയിൽ എന്ത് കാണാൻ? സബ്രോം കാ സിന്ദഗി...എന്തോ? അയ്യോ തെറി പറയണ്ട നിർത്തി.
അങ്ങനെ നേരെ വച്ച് പിടിച്ചു പ്രാഗിലേക്ക്. സ്ടുടെന്റ്സ് ഏജൻസി വഴി വളരെ കുറഞ്ഞ വിലക്ക് ടിക്കെടും കിട്ടി. പോകുന്നതിനു മുൻപേ ബ്ലോഗ്ഗർ പഥികൻ  എഴുതിയ പ്രാഗിലേക്ക്  എന്നയാത്രക്കുറിപ്പ്‌ വളരെ ആവേശത്തോടെ ആണ് വായിച്ചു തീര്ത്തത്. ഏറെ കുറെ ഞാനും കണ്ട കാഴ്ചകൾ സമാനമാണെങ്കിലും ആവര്ത്തന വിരസത ഒഴിവാക്കാൻ ശ്രമിക്കാം.

അങ്ങനെ ഒരു വെള്ളിയാഴ്ച വൈകുന്നേരം പ്രാഗിലെ ഫ്ലോറെൻസിൾ  ഉള്ള കോച്ച് സ്റ്റേഷനിൽ  എത്തിച്ചേര്ന്നു. റൂം ബുക്ക്‌ ചെയ്തത് എയർ പോർട്ട്‌നു അടുത്തുള്ള ഒരു ഹോട്ടലിൽ ആയതിനാൽ വെറുതെ സിറ്റിയിൽ ഒന്ന് വലം വച്ച് ഹോട്ടലിലേക്ക് വച്ച് പിടിച്ചു.



ഫ്ലോറെൻസ്നു അടുത്തുള്ള ഒരു കെട്ടിടത്തിൽ Dějiny – památky – lidé, എന്നെഴുതി വച്ചിരിക്കുന്നത് കണ്ടു . അതിന്റെ അർഥം "ചരിത്രം- ലോകകാഴ്ചകൾ- ജനങ്ങൽ" എന്നാണ്. അങ്ങനെ അവിടെ നിന്നും തിരിച്ചു ടൂറിസ്റ്റ് ഓഫീസിൽ എത്തി പണം മാറുവാനായി വരിയിൽ  നിന്നു. ഒരു യുറോ കൊടുത്താൽ 24 ക്രൌണ്‍ ആണ് കിട്ടുക. പിന്നെ ജർമ്മനിയെ അപേക്ഷിച്ച് പ്രാഗിൽ ജീവിത ചിലവുകളും കുറവാണ്. 80 ക്രൌണ്‍ അല്ലെങ്കിൽ 3 യുറോ കൊടുത്താൽ  അത്യാവശ്യം നല്ല ഭക്ഷണവും ബിയറും കിട്ടും. അങ്ങനെ വരിയില നിൽക്കുമ്പോൾ അത്യാവശ്യം മാന്യനായ ഒരു വ്യക്തി വന്നു ഇവിടെ വിനിമയ നിരക്ക് വളരെ കുറവാണ് ഞാൻ വേണമെങ്കിൽ  നിങ്ങള്ക്ക് ഒരു യുറോക്ക് 35-40 ക്രൌണ്‍ തരാം എന്ന് പറഞ്ഞു. തട്ടിപ്പാണോ എന്ന ഒരു ചിന്ത ഒരു ഭാഗത്തും കൂടുതൽ പണം കിട്ടുമല്ലോ എന്ന ചിന്ത വേറെ വശത്തും നിന്നും കടിപിടി കൂടിയപ്പോൾ ഞാൻ ആകെ ആശയ കുഴപ്പത്തിൽ ആയി. പിന്നെ ആൾ വീണ്ടും നിര്ബന്ധിക്കുന്നത് കണ്ടപ്പോൾ ഒരു പന്തികേടു തോന്നി. പെട്ടെന്ന് രണ്ടു പോലീസ്കാര് ആ വഴിക്ക് വന്നപ്പോൾ അയാൾ അപ്രത്യക്ഷനായി. അപ്പൊ അത് തന്നെ കാര്യം. കള്ള നോട്ട് ആയിരിക്കണം. എന്തായാലും ഞാൻ ഒരു 200 യുറോ കൊടുത്തു നല്ല അസ്സൽ  ക്രൌണ്‍ തന്നെ വാങ്ങി.

 100 ക്രൌണ്‍ നോട്ട്

20 ക്രൌണ്‍ 
അങ്ങനെ ഹോട്ടലിൽ ചെന്ന് ഒന്ന് ഫ്രഷ്‌ ആയി രാത്രി 11 മണിയോടെ കുറച്ചു ദൂരെ ഉള്ള ഒരു പബിൽ പോയി ഭക്ഷണവും പ്രാഗിൽ നിര്മിച്ച ബിയറും കഴിച്ചു. തിരിച്ചെത്തിയപ്പോൾ സമയം രാത്രി 1 മണി. ബെഡ് കണ്ട ഉടനെ വെട്ടിയിട്ട പോലെ കിടക്കാം എന്ന് വിചാരിച്ചു റൂം തുറന്നു അകത്തു കയറി വാതിൽ  അടച്ച ഉടനെ ആരോ വന്നു കതകിൽ തട്ടി. വാതിൽ  തുറന്നു നോക്കിയപ്പോൾ ഒരു കറുത്ത കണ്ണടയും വച്ച് ഒരു അറുപതു വയസ്സുള്ള ചെറുപ്പക്കാരൻ. അടുത്ത റൂമിൽ  താമസിക്കുന്നതാണത്രേ, പരിചയപ്പെടാൻ വന്നതാ. സമയം രാത്രി ഒന്നര! (ഏതോ പഴയ നസീർ  സിനിമയിൽ ടൈപ്പ് റൈറ്റർ ജോലിക്ക് രാത്രി രണ്ടു മണിക്ക് വന്നു വീടിന്റെ കതകിൽ തട്ടി അപ്പൊ തന്നെ ജോലിക്ക് പ്രവേശിച്ചു ടൈപ്പ് ചെയ്യുന്നതു ഓര്മ വന്നു). എന്നാ ശെരി! പരിചയപ്പെടാം. കാനഡയിൽ നിന്ന് പ്രാഗിൽ വന്നു ഇംഗ്ലീഷ് പ്രൊഫസർ ആയി ജോലി ചെയ്യുന്ന ആൾ  ആണ്. പുള്ളി ചില നിർദേശങ്ങൾ തരാൻ വന്നതാണ്. വാതിൽ  ലോക്ക് ചെയ്യാതെ എങ്ങോട്ടും  പോകരുത്, കള്ളന്മാരുടെ ശല്യം ഉണ്ട് എന്നൊക്കെ . പിന്നെ പുള്ളി ഒരു മാപ്പും തന്നു(പാതിരാത്രി വന്നു എന്റെ  ഉറക്കം കളഞ്ഞത് അയാൾ, എന്നിട്ടെനിക്ക്‌ മാപ്പ് തരുന്നോ! ഇതതല്ല ..പ്രാഗിന്റെ മാപ്പ്). എന്തായാലും ആൾ നല്ല മര്യാദക്കാരൻ  ആണ്. അധിക നേരം ബുദ്ധിമുട്ടിച്ചില്ല. 

രാവിലെ നേരത്തെ എഴുന്നേറ്റു എയർ പോർട്ട്‌നു അടുത്തുള്ള സ്റ്റാൻഡിൽ നിന്ന് ബസ്‌ പിടിച്ചു മലോസ്ട്രാന്സ്കാ  (Malostranska) എന്ന സ്റ്റേഷനിൽ പോയി അവിടെ നിന്ന് ട്രാം  പിടിച്ചു പ്രാഗ് കാസിൽ  കാണാൻ പോയി. 

(എയർ പോർട്ടിനു സമീപത്തു നിന്നും മലോസ്ട്രന്സ്ക പോകുന്ന ബസ്‌) )

                           (പ്രാഗിനു പല ദേശങ്ങളിൽ പല പേരുകളാണ്. ജർമ്മനിക്കാർ  പ്രാഹ എന്ന് പറഞ്ഞാണ് കേട്ടിട്ടുള്ളത്).
(മാപ്പിൽ A . മലോസ്ട്രന്സ്ക, അവിടെ നിന്ന് prazky hrad  എന്ന ജങ്ക്ഷൻ വരെ ട്രാമിൽ.) 


                             മലോസ്ട്രന്സ്ക മെട്രോ സ്റ്റേഷൻ








                 (ചില പ്രാഗ് കാസിൽ ദൃശ്യങ്ങൾ)
ഗിന്നെസ് ബുക്കിൽ ലോകത്തിലെ ഏറ്റവും വലിയ പുരാതനമായ കൊട്ടാരം എന്ന ഖ്യാതി നേടിയിട്ടുള്ളതാണ്. ഈ കൊട്ടാരത്തിന്റെ നിര്മിതി ആദ്യമായി തുടങ്ങി വച്ചത് എ.ഡി. 870 ഇൽ  ആണ്. പിന്നീട് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെങ്കിലും ഇന്ന് കാണുന്ന രീതിയിൽ മോഡി പിടിപ്പിച്ചത്  പതിനാലാം നൂറ്റാണ്ടിൽ ചാൾസ് നാലാമൻ ആണ്. പക്ഷെ പതിനാറാം നൂറ്റാണ്ടിൽ കൊട്ടാരത്തിന്റെ പല ഭാഗങ്ങളും കത്തി നശിച്ചു പോയി. 
                             (പ്രാഗ് കാസിലിനു  മുന്നിൽ  നിന്നുള്ള കാഴ്ച)


അങ്ങനെ പ്രാഗ് കാസിൽ സന്ദര്ശിച്ച ശേഷം സെന്റ്‌ നിക്കോളാസ് പള്ളി കാണാം എന്ന് കരുതി തെരുവിലൂടെ താഴോട്ട് നടന്നപ്പോൾ ചെക്ക്‌ റിപബ്ലിക്ലെ പ്രസിദ്ധമായ ട്രെഡെൽനിക്ക് എന്ന പലഹാരം ഉണ്ടാക്കി വില്ക്കുന്ന കട കണ്ടു. ഒന്നിന് 40 ക്രൌണ്‍ ആണ് വില. മോശമില്ല, ഒന്ന് വാങ്ങി കഴിച്ചു. മാവു കുഴച്ചു ഒരു ഇരുമ്പ് ദണ്ടിൽ ചുറ്റി പഞ്ചസാരയും വാൽനട്ട്, കപ്പലണ്ടി എന്നിവ പൊടിച്ചു ചേർത്ത് ഗ്രിൽ ചെയ്തു ഉണ്ടാക്കുന്നതാണ്. പ്രാഗിൽ വന്നാൽ തീര്ച്ചയായും രുചിച്ചു നോക്കെണ്ടുന്ന ഒരു വിഭവം.


(ട്രെഡൽനിക്ക്/ Trdelník/  Kürtőskalács) (name courtesy:Wikipedia) 
പതിനേഴാം നൂറ്റാണ്ടിൽ നിര്മിച്ച ഈ പള്ളി പ്രാഗ് കാസിലിന്റെ തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും നേരെ പോയത് മലാസ്റ്റാനക്കടുത്തുള്ള വാല്ലസ്റ്റൈൻ കൊട്ടാരത്തിലെക്കാണ് . കൊട്ടാരത്തിന്  ചുറ്റും സുന്ദരമായ ഒരു പൂന്തോട്ടം ഉണ്ട്. പച്ച പുതച്ചു നില്ക്കുന്ന ചെടികളും, പല നിറങ്ങളിലുള്ള തുലിപ് പൂക്കളും, സുന്ദരമായ ശില്പങ്ങളും, പീലി വിടര്ത്തി ആടുന്ന മയിലുകളെ കൂടാതെ അപൂർവമായി മാത്രം കാണുന്ന വെള്ള മയിലുകളും...അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാഴ്ചകളെ കൊണ്ട് മനം മയക്കുന്ന ഒരു പൂന്തോട്ടം. ഒരു പാട് നേരം അവിടെ ചിലവഴിച്ചു. 
പതിനാറാം നൂറ്റാണ്ടിൽ രൂപകല്പന ചെയ്ത ഈ കൊട്ടാരം Albrecht von Wallenstein എന്ന പ്രഭു ആണ് പണിയിച്ചത്(ref : wiki ). ഇവിടെ നിന്ന് നോക്കിയാൽ പ്രാഗ് കാസിലിന്റെ ഗോപുരം കാണാം. 








                                                വാല്ലസ്റ്റൈൻ കൊട്ടാര ദൃശ്യങ്ങൾ 


അങ്ങനെ അവിടെ നിന്നും നടന്നു ചാൾസ് ബ്രിഡ്ജിനു സമീപം എത്തി. വില്ടാവാ നദിക്കു കുറുകെ ചാൾസ് നാലാമൻ പതിമൂന്നാം നൂറ്റാണ്ടിൽ പണിതതാണ് ഈ പാലം. പഴമയുടെ പ്രൗഡി ഉയർത്തി ഈ പാലം പ്രാഗിലെ ഒരു പ്രധാന കാഴ്ചയാണ് . പാലത്തിൽ അങ്ങോളം ഇങ്ങോളം കാണുന്ന പ്രതിമകളും സദാസമയവും ഉത്സവ പ്രതീതി നിലനിരത്തുന്ന സംഗീത നൃത്ത കലാകാരന്മാരും ഈ പാലത്തിലേക്ക് ജനങ്ങളെ എപ്പോഴും  ആകര്ഷിച്ചുകൊണ്ടിരിക്കുന്നു. പാലത്തിന്റെ ഒരു വശത്ത് നിറയെ ചിത്രകാരൻമാരാണ്. കാരികേചെർ, ഗ്രൂപ്പ്‌ ചിത്രങ്ങൾ എന്നിവ അവർ നിമിഷ നേരങ്ങൾക്കുള്ളിൽ വരച്ചു കൊടുക്കുന്നു. വളരെ മിഴിവാര്ന്ന ചിത്രങ്ങൾ. 












                                                 (ചില ചാൾസ് ബ്രിഡ്ജ് കാഴ്ചകൾ )
ചാൾസ് ബ്രിഡ്ജ് കടന്നു വില്ടാവാ നദിയിലെ കാഴ്ചകൾ കണ്ടു നടക്കുമ്പോൾ അങ്ങകലെ ഒരു വളഞ്ഞു ചരിഞ്ഞു നിൽക്കുന്ന ഒരു കെട്ടിടം കണ്ടു, അടുത്തെത്തിയപ്പോൾ ആണ് പിടി കിട്ടിയത്, കുറെ അധികം കേട്ടിരിക്കുന്നു ഈ ഡാൻസിംഗ് കെട്ടിടതിനെപറ്റി . വളരെ അടുത്ത കാലത്ത് മാത്രം പണിത ഈ കെട്ടിടം അതിന്റെ ആകൃതിയുടെ പേരിൽ  പ്രശസ്തമായതാണത്രെ!.

                                                                                                                        (തുടരും...)

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails