Saturday, August 11, 2012

ഒരു യാത്രയും കുറെ പൊല്ലാപ്പുകളും...

ഗോവയിലെ എന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രൊജക്റ്റ്‌ കഴിഞ്ഞു, തിരിച്ചു അതേ സ്ഥാപനത്തില്‍ തന്നെജോലിയും കൂട്ടത്തില്‍ ഒരു വിദേശ യാത്രയും തരപ്പെടുത്തി നാട്ടിലേക്കു മടങ്ങുന്ന സമയം. വിദേശ യാത്ര എന്ന് പറഞ്ഞാല്‍ കരിയറില്‍ തന്നെ ഒരു മുതല്‍ക്കൂട്ടായെക്കാവുന്ന ഒരു യാത്ര. പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്സ് ഇത്യാദി പ്രധാനപ്പെട്ട രേഖകള്‍ എല്ലാം ഹാജരാക്കണം. ഇതിന്റെ എല്ലാം കോപ്പികള്‍ഓഫീസില്‍ കൊടുത്തു, ഒറിജിനല്‍ എല്ലാം ഒരു ഫയലിന് അകത്താക്കി ബാഗില്‍ വച്ചു. എല്ലാവരോടുംയാത്ര പറഞ്ഞു , അടുത്ത മാസം ജോയിന്‍ ചെയ്യുമ്പോള്‍ വീണ്ടും കാണാം എന്ന യാത്ര മൊഴിയോടെ ..


കൃത്യം 5.30 pm നു ഡോണ പൌളയില്‍നിന്നും ബസ്സ് കയറി പനജിയില്‍ എത്തി. പനാജി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നു madgaon ബസ്സ് സ്റ്റാന്‍ഡില്‍ പോകാനുള്ള നോണ്‍ സ്റ്റോപ്പ്‌ ബസില്‍കയറണമെങ്കില്‍ ക്യൂ നിന്നു ടിക്കറ്റ്‌ എടുക്കണം. അങ്ങനെ ക്യൂ നിന്നു ഒരു വിധം ബസ്സില്‍കയറിപ്പറ്റിയപ്പോള്‍ സമയം 6.30pm . ഒരു മണിക്കൂര്‍ എടുക്കും ബസ്സ് സ്റ്റാന്‍ഡില്‍ എത്താന്‍. ബസ്സ്സ്റ്റാന്‍ഡില്‍ നിന്നു റെയില്‍ വേ സ്റ്റേഷനിലേക്ക് വീണ്ടും ഒരു പതിനഞ്ച് മിനുടിന്റെ ഓട്ടോ യാത്ര. ഇതെല്ലാം കഴിഞ്ഞു സ്റ്റേഷനില്‍ എത്തിയപ്പോള്‍ സമയം 8 മണി. 8.30 ന്റെ മംഗള എക്സ്പ്രെസ്സ് ബുക്ക്‌ചെയ്തിരുന്നതിനാല്‍ വളരെ കൂള്‍ ആയാണ് നടപ്പ്.


സ്റ്റേഷനില്‍ കാലെടുത്ത്‌ വച്ച ഉടനെ കേട്ടു ഒരു പെണ്ണുംപിള്ള ഹിന്ദിയിലും ഇംഗ്ലീഷിലും ആയി കരഞ്ഞു വിളിക്കുന്നത്. "യാത്രിയാം കൃപയാ ധ്യാന്‍ കീജിയേ..." (യാത്രക്കാര്‍ കൃപയെ ധ്യാനിക്കണം എന്ന്. ആരാണാവോ കൃപ!) , "റെയില്‍ ഗാടി ---- മംഗള ലക്ഷദീപ് എക്സ്പ്രെസ്സ് തൊടീ ദേര്‍ മേ ആനെ കി സംഭാവന ഹൈ" (നമ്മുടെ റെയില്‍ ഗഡി വരുമ്പോ സംഭാവന കൊടുക്കണം എന്നോ എന്തോ ..ശരിക്ക് മനസ്സിലായില്ല ).


രണ്ടു ദിവസം ഉറങ്ങാതെ യാത്ര ചെയ്തതിന്റെയും, ഓഫീസ് കാര്യങ്ങള്‍ക്കായുള്ള അലച്ചിലിന്റെയും ഫലമായി വെയ്ടിംഗ് റൂമില്‍ ചെന്നിരുന്ന ഉടന്‍ ഒരു നല്ല സീറ്റ് തിരഞ്ഞു പിടിച്ചു, പിന്നെ വെട്ടിയിട്ട പോലെ കിടന്നു നല്ല ഉറക്കം പാസാക്കി. കാര്യം, അറിയാതെ ഉറങ്ങിപ്പോയതാനെങ്കിലും, ദോഷം പറയരുതല്ലോ എണീറ്റ്‌ നോക്കിയപ്പോ സമയം കൃത്യം 9 മണി. മംഗള, മംഗള ആയി, പോകണ്ട വഴിക്ക് പോയി. പ്ലാറ്റ് ഫോമില്‍ തൂക്കിയിരിക്കുന്ന ക്ലോക്ക് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായിതോന്നി. എന്റെ റെയില്‍വേ മുത്തപ്പാ...ഇനി മരിച്ചാലും ഞാന്‍ ഈ വെയ്ടിംഗ് റൂമില്‍ കിടന്നുഉറങ്ങില്ല...ഇതു സത്യം സത്യം സത്യം..(പക്ഷെ കഴിഞ്ഞ ആഴ്ച വീണ്ടും ഞാന്‍ ഇതേ വെയ്ടിംഗ് റൂമില്‍കിടന്നുറങ്ങി കേട്ടോ...അതിനെന്താ ഞാന്‍ മരിച്ചില്ലല്ലോ!!)

ആലോചിച്ചു നില്ക്കാന്‍ സമയമില്ല, കൈയിലിരിക്കുന്ന ടിക്കറ്റ്‌ ഇപ്പോള്‍ വെറും ഒരു കടലാസ് കഷണംമാത്രം. മനസ്സില്‍ കുറെ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും ഒക്കെ നോക്കി..കണക്കില്‍ പണ്ടേ വീക്ക്‌അയ ഞാന്‍ മനസ്സില്‍ വിചാരിച്ചു.."ഒരു കാല്‍ക്കുലേറ്റര്‍ കിട്ടിയിരുന്നെങ്കില്‍...". അങ്ങനെ ഒടുവില്‍ ഒരുപുതിയ പ്ലാന്‍ മനസ്സില്‍ രൂപം കൊണ്ടു..നല്ല ഒരു പൊളപ്പന്‍ പ്ലാന്‍...

വേഗം ചെന്നു അടുത്ത ട്രെയിനിനു ടിക്കറ്റ്‌ എടുത്തു, കുണ്ടാപുര സ്റ്റേഷനിലേക്ക്. ആ സ്റ്റേഷനില്‍ നിന്നുംഒരു മണിക്കൂര്‍ ബസില്‍ യാത്ര ചെയ്താല്‍ മൂകാംബിക അമ്പലത്തില്‍ എത്താം..അങ്ങനെമൂകാംബികയില്‍ ഒരു ദിവസം തൊഴുതു പിറ്റേ ദിവസം നേരെ മംഗലാപുരം, അവിടെനിന്നും നാട്ടിലേക്കുബസില്‍..ഓഹ്! ഞാനൊരു സംഭവം തന്നെ...ഇത്ര പെട്ടെന്ന് ഇത്ര നല്ല ഒരു പ്ലാന്‍..

അങ്ങനെ മൂകാംബികയില്‍ എത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 6 മണി. റൂം എടുക്കാന്‍ വേണ്ടിഅന്വേഷിച്ചു ചെന്നപ്പോള്‍ സീസണ്‍ ടൈം ആണ്, 500 ക യില്‍ താഴെ കൊടുക്കാതെ റൂം കിട്ടില്ല. അങ്ങനെ വിഷണ്ണനായി നില്‍ക്കുമ്പോഴാണ് ഒരുത്തന്‍ വന്നത് മാലാഖയെ പോലെ..അല്ല മാലാഖനെപോലെ.
" അണ്ണാ, 100 രൂപയ്ക്കു റൂം ഇരുക്ക്‌, വേണമാ? ഉണ്ങളുക്ക് ആയതിനാലെ തരെന്‍, ശീഖ്രം വന്നാല്‍ താന്‍കെടക്കും. "
ഒന്നും ആലോചിച്ചില്ല , നേരെ നടന്നു , അണ്ണാച്ചിയുടെ റൂം വേറെ ആണുങ്ങള്‍ കൊണ്ടു പോകുന്നതിനുമുന്പ് എടുക്കണം. കാശ് കൊടുത്തു , ഒപ്പും ഇട്ടു.

റൂമില്‍ കയറിയ ഉടനെ എനിക്ക് എന്നോട് തന്നെ അസൂയ തോന്നി,. നല്ല കിടിലന്‍ റൂം. !

ജനല്‍ വഴി വന സൌന്ദര്യം ഊര്ന്നിരങ്ങിയിരിക്കുന്നു.(അപ്പുറത്തെ മരത്തില്‍ ചുറ്റിയിരിക്കുന്ന വള്ളിപടര്‍പ്പുകള്‍ ജനല്‍ വഴി റൂമില്‍) അതായതു ഒരു eco friendly കോണ്‍സെപ്റ്റ്, പിന്നെ ഫാന്‍, ലൈറ്റ്ഇത്യാദി എല്ലാം കാഴ്ച വസ്തുക്കള്‍ മാത്രം. നല്ല ഉഗ്രന്‍ ബെഡ്, നല്ല കളര്‍ ഫുള്‍ വിരി വച്ചു വിരിച്ചിരിക്കുന്നു.

വേഗം സൌപര്‍ണികയില്‍ പോയി കുളിച്ചു അമ്പലത്തില്‍ തൊഴുതു , സന്ധ്യ വരെ ഉറങ്ങാം എന്നകണക്കു കൂട്ടലില്‍ റൂമിലെത്തി, ബെഡില്‍ കിടന്നു. പെട്ടെന്ന് തന്നെ താഴെ എന്തോ ശബ്ദം കേട്ടു വിരിമാറ്റിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി!!

ബെഡില്‍ നിറയെ ദ്വാരങ്ങള്‍, അതില്‍ നിറയെ എലികുഞ്ഞുങ്ങള്‍...

അതും പോരാഞ്ഞ് വള്ളി പടര്‍പ്പുകളില്‍ നിന്നും റൂമിലേക്ക്‌ കയറാന്‍ ശ്രമിക്കുന്ന മുട്ടന്‍ ഒരു പാമ്പും!

എന്റെ നല്ല ജീവന്‍ അതോടെ പോയി. ഒരു വിധത്തില്‍ ബാഗും എടുത്തു പുറത്തേക്കോടി. റിസപ്ഷനില്‍അണ്ണാച്ചിയുടെ പൊടി പോലും കാണാനില്ല. പുറത്തു വന്നു തിരക്കിയപ്പോള്‍ ആണ് മനസ്സിലായത്അതൊരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടം ആണത്രെ. കുറെ കാലമായി ആരും അവിടെതാമസം ഇല്ലത്രേ!

അപ്പൊ അണ്ണാച്ചി! എന്റെ നൂറു രൂപ!...എല്ലാം വെള്ളത്തില്‍...

വീണ്ടും പ്ലാനില്‍ ഒരു മാറ്റം..നേരെ മംഗലാപുരത്ത് പോയി ശാപ്പാടടിച്ചു കാസര്‍കോട്‌ ബസില്‍ കയറിഇരുന്നു. കാസര്‍കോട്‌ ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ സമയം രാത്രി 8 മണി. തൃശൂര്‍ക്കുള്ള ഫാസ്റ്റ്പാസഞ്ചര്‍ പുറപ്പെടുന്നു, വേഗം ചാടിക്കയറി ടിക്കറ്റ്‌ എടുത്തു.

ആകെ രണ്ടു സീറ്റുകളില്‍ മാത്രം ആളില്ല. മൂന്നു പേര്‍ ഇരിക്കാവുന്ന സീറ്റ് ആണ്. ആ സീറ്റില്‍ ഇരുന്നആളോട്‌ വിന്‍ഡോ സീറ്റ് ചോദിച്ചു വാങ്ങി, നടുവില്‍ എന്റെ പുത്തന്‍ ബാഗിനും സീറ്റു പിടിച്ചു. ചാഞ്ഞുംചരിഞ്ഞും ഒക്കെ ഇരുന്നു കംഫോര്ടബിള്‍ അയ പൊസിഷന്‍ കണ്ടെത്തി, ഉറക്കത്തിനു തിരികൊളുത്തി.

അങ്ങനെ ഉറങ്ങി ഉറങ്ങി അബ്ദുല്‍ കലാമിന്റെ വാക്കുകളെ മാനിച്ചു കുറെ സ്വപ്നവുംകണ്ടുകൊണ്ടിരിക്കുമ്പോള്‍ അതാ എന്റെ ബാഗ്‌ നീങ്ങിക്കൊണ്ടിരിക്കുന്നതായി ഒരു തോന്നല്‍. കണ്ണ്തുറന്നു നോക്കിയപ്പോള്‍ അടുത്തിരിക്കുന്ന മാന്യന്‍ എന്റെ ബാഗിന്റെ സിബ്ബില്‍ കൈ വച്ചിരിക്കുന്നു. ബാഗു തുറക്കാനുള്ള ശ്രമമാണോ? ഹേയ്..ആളെ കണ്ടാല്‍ അങ്ങനെ തോന്നില്ല. നോക്കീപ്പോ ആള്‍നല്ല ഉറക്കം. ഇനി ഉറങ്ങിയ മാതിരി അഭിനയിക്കുന്നതാണോ?

പിന്നെ ഉറക്കം വന്നില്ല, പോലീസുകാര്‍ കള്ളനെ വള വെച്ചു പിടിക്കുന്നപോലെ, ഞാന്‍ ഇതൊന്നുംഅറിഞ്ഞിട്ടേ ഇല്ല എന്ന ഭാവത്തില്‍ സിബ്ബിന്റെ പാതി തുറന്നിട്ടു ഉറങ്ങിയ പോലെ അഭിനയിച്ചു. ഇടയ്ക്കിടയ്ക്ക് കള്ളകണ്ണിട്ടു നോക്കി. ഹേയ്...മൂപ്പര്‍ക്കൊരു കുലുക്കവും ഇല്ല. ഛെ...ഞാന്‍ എന്തൊരുമനുഷ്യനാണ്‌..മാന്യനായ ഒരു മനുഷ്യനെ സംശയിച്ചു..എന്നെ ഓര്ത്തു എനിക്ക് തന്നെ ലജ്ജ തോന്നി. മ്ലേച്ചം...ആ സല്‍സ്വഭാവിയും , കോമളനും , കുങ്കനും, വങ്കനും, മങ്കനും (ഓ..ആളെ വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകള്‍കിട്ടുന്നില്ല) ആയ ഒരു ആളെ സംശയിച്ചു..മണ്ടന്‍ ഞാന്‍..

അത് കഴിഞ്ഞപ്പോള്‍ ആളെ എനിക്ക് ഭയങ്കര വിശ്വാസമായി. ബാഗ്‌ അടച്ചു വച്ചു ഞാനൊരു അസ്സല്‍ഉറക്കം പാസാക്കി. കുറച്ചു കഴിഞ്ഞ ഉടന്‍ വണ്ടി കോഴിക്കോടുള്ള ഒരു ഹോട്ടല്‍ സമീപം നിര്ത്തി. ഭക്ഷണം കഴിക്കാന്‍. ഒരു വിധത്തില്‍ പെട്ട എല്ലാരും ഇറങ്ങി ഹോട്ടലില്‍ കയറി വിഴുങ്ങാന്‍ തുടങ്ങി. എന്റെ അടുത്തിരിക്കുന്ന സല്‍സ്വഭാവി ഇറങ്ങുന്ന ലക്ഷണമില്ല. ചോദിച്ചപ്പോള്‍ വിശക്കുന്നില്ല എന്ന്മൊഴിഞ്ഞു. ഓഹോ..നല്ല കാര്യം ..എന്റെ ബാഗിന് ഒരു കൂട്ടും ആയി.

ബാഗു സൂക്ഷിക്കണം എന്ന് പറഞ്ഞു ഞാനും ഹോട്ടലില്‍ കയറി ശാപ്പാടടിക്കാന്‍ ഇരുന്നു. ഒരുബിരിയാണി ഓര്‍ഡര്‍ ചെയ്തു , വരുന്ന ലക്ഷണമില്ല. ഞാനാണെങ്കില്‍ വിശന്നു കുടല്‍ കരിയുന്ന മണംആസ്വദിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ മുന്‍പിലത്തെ ടേബിളില്‍ ബസിലെ കിളിയും ഡ്രൈവറുംഇരിക്കുന്നുണ്ട്‌. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ബിരിയാണി വന്നു.

ഒരു വിധത്തില്‍ ഞാന്‍ ആ ബിരിയാണിയെ ആക്രാന്തത്തോടെ ആക്രമിച്ചു കീഴടക്കി. കോഴികാലിനോടും, മുട്ടയോടും യുദ്ധം ചെയ്തു വിയര്‍ത്തു കുളിച്ചു പ്ലേറ്റില്‍ നിന്നും തല പൊക്കി നോക്കിയപ്പോള്‍കിളിയെ കാണാനില്ല. ഡ്രൈവര്‍ മാത്രം ഉണ്ട്. കിളി എങ്ങോട്ടെങ്ങിലും പറന്നു പോയിക്കാണും.

ബില്ലും അടച്ചു പുറത്തു വന്നു നോക്കിയ ഞാന്‍ ആ ഞെട്ടിക്കുന്ന രണ്ടു സത്യങ്ങള്‍ മനസ്സിലാക്കി.

1) എന്റെ മുന്‍പിലെ ടേബിളില്‍ കിളിയുടെ കൂടെ ഉണ്ടായിരുന്ന ആള്‍ വേറെ ഒരു ബസിലെ ഡ്രൈവര്‍ആണ്.
2) എന്നെ കയറ്റാതെ എന്റെ ബസ്സ് യാത്ര തുടര്‍ന്ന്, അതായതു ബസ്സ് നിന്നിടത്തു ബസിന്റെ പൂട, അല്ലപാടു പോലും കാണാനില്ല.

ഈ സത്യങ്ങള്‍ മനസ്സിലാക്കിയ ഉടനെ എന്റെ കണ്ണിലെ ബള്‍ബ്‌ ഡിം ആയി. കണ്ണുകളില്‍അന്ധകാരം നിറയാന്‍ തുടങ്ങി..പക്ഷെ ചിന്തിച്ചു നില്ക്കാന്‍ സമയം ഇല്ല. ഓട്ടോ പോയിട്ട് ഒരു പട്ടസൈക്കിള്‍ പോലും സമീപത്തെങ്ങും ഇല്ല.

അടുത്ത് കണ്ട ഒരു ആളോട്‌ "ചേട്ടാ ...തൃശൂര്‍ക്ക് ഏത് വഴിക്കാ പോകുക ?" എന്ന് കിട്ടിയ ശബ്ദത്തില്‍അലറി വിളിച്ചു ചോദിച്ചു.
"തെക്കോട്ട്‌" എന്ന് ആ പുന്നാര മോന്റെ മറുപടിക്ക് മറുപടി നല്കാന്‍ നിക്കാതെ, (പറയുകയാണേല്‍ "നിന്റെ തന്തയെ ആണെടാ തെക്കോട്റെടുക്കേണ്ടത്" എന്ന് പറയേണ്ടി വരും. പറയാതിരുന്നത് അവന്റെ, അല്ല, എന്റെ ഭാഗ്യം. പറഞ്ഞിരുന്നേല്‍ കാണാമായിരുന്നു...എന്ത്... എനിക്ക് അടി കിട്ടുന്നതെ...ഹി ഹി) വടക്കും തെക്കുംനിശ്ചയമില്ലാത്ത ഞാന്‍ കണ്ടവഴിയില്‍ കൂടി ഓടാന്‍ തുടങ്ങി.

ഓട്ടത്തിനിടക്ക്‌ വിളിക്കാത്ത ദൈവങ്ങളില്ല, നേരാത്ത നേര്ച്ചകളില്ല. പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റ്സുംപോയാല്‍ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. വിദേശയാത്ര എന്തേലും ആകട്ടെ, ഇനി സര്‍കാര്‍ഓഫീസില്‍ പോകുമ്പോള്‍ ഞാന്‍ ഇന്ന ആളാണെന്ന് എങ്ങനെ തെളിയിക്കും, ഇത്രേം പഠിച്ചതിനു ക്യാഫലം!!

ഒരു രണ്ടു മിനിട്ട് ഓടി കിതച്ചിരിക്കും, അതാ നില്ക്കുന്നു ഒരു ഫാസ്റ്റ് പാസഞ്ചര്‍. അതേ വണ്ടി തന്നാണോഎന്ന് നിശ്ചയമില്ല. ഓട്ടത്തിന്റെ സ്പീഡ് കൂടി. ബസിന്റെ തൊട്ടടുത്ത്‌ എത്തിയ ഉടന്‍ ബസ്സ് എടുത്തു. ആരെയോ ഇറക്കാന്‍ നിര്‍ത്തിയതാണ്.

ബസ് നിര്‍ത്താന്‍ വേണ്ടി ബസിന്റെ കൂടെ ഓടി , ബസിനെ ഇടിച്ചും മാന്തിയും എല്ലാം ശബ്ദമുണ്ടാക്കി, ഒരു വിധത്തില്‍ ബസ്സ് പിടിച്ചു നിര്ത്തി. കിതപ്പിനിടയില്‍ ബസിലേക്ക് ചാടിക്കയറിയ ഞാന്‍അറിയാവുന്ന പച്ച മലയാളത്തില്‍ "@#$@#@#@#@" (sensored) എന്ന് വിളിച്ചു. ഉടന്‍ കിളി നയംവ്യക്തമാക്കി. ഇതു തന്റെ തെറ്റല്ലെന്നും ആരെങ്കിലും കയറാനുണ്ടോ എന്ന് ചോദിച്ചതാണത്രേ..സീറ്റില്‍ഉണ്ടായിരുന്ന ആള്‍ ഒന്നും മിണ്ടിയില്ല!

അപ്പൊ അത് ആ മാന്യന്‍ ഒപ്പിച്ച പണിയാണ്. തിരിഞ്ഞു നോക്കിയ ഉടന്‍ ആ "സല്‍സ്വഭാവിമോന്‍" സീറ്റില്‍ നിന്നും മെല്ലെ പിന്നോട്ട് പതുങ്ങി പതുങ്ങി നടക്കുന്നു,. ഓടി ചെന്നു കഴുത്തില്‍ പിടിച്ച ഉടന്‍ആള്‍ കാല് പിടിച്ചു..അറിയാതെ പറ്റി പോയതാണത്രെ..!! വൃത്തികെട്ടവന്‍....നാറി...@##@#@....
അതിനിടക്ക് കിളിയും നല്ലവരായ സഹയാത്രികരും ചേര്ന്നു ആളെ കൈകാര്യം ചെയ്യാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ പാവം തോന്നി, വിട്ടോളാന്‍ പറഞ്ഞു നോക്കുമ്പോള്‍ ഉണ്ട്ആളുടെ പോക്കറ്റില്‍ നിന്നും വരുന്നു എന്റെ മൊബൈല് ഫോണ്‍. ചാര്‍ജ് തീര്ന്നു ബാഗിലിട്ടതാ....ദ്രോഹി!...

എന്തായാലും ആളെ അടുത്ത സ്റ്റോപ്പില്‍ തന്നെ ഇറക്കി വിട്ടു. പിന്നെ തൃശൂര്‍ എത്തുന്നത്‌ വരെ ആ ബാഗ്‌ പോയിരുന്നുവേന്കില്‍ എന്തായിരുന്നേനെ എന്റെ ഗതി എന്നായിരുന്നു എന്റെ ചിന്ത .
.വാല്‍ക്കഷ്ണം: കഴിഞ്ഞ മാസം തുടക്കത്തില്‍ നടന്ന എന്നെ വളരെ വിഷമിപ്പിച്ച സംഭവം ആണ് എന്ന്നെ ഈ കഥ നിങ്ങളോട് പറയാന്‍ പ്രേരിപ്പിച്ചത്. ആമ്പല്ലൂര്‍ ഉള്ള ഒരു പാവം ടീച്ചറുടെ പേഴ്സ് ആരോ ബസില്‍ വച്ച് മോഷ്ടിച്ചു. ശമ്പളം വാങ്ങി തിരിച്ചു വരുന്ന വഴിയാണത്രേ പേഴ്സ് കളവു പോയത്. കഷ്ടം!..ആ പാവം ടീച്ചറിന്റെ പണം അടിച്ചു മാറ്റിയ ദ്രോഹി മുടിഞ്ഞു പോകട്ടെ!

Monday, July 18, 2011

ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...


"കൌസല്യ സുപ്രജ രാമ സന്ധ്യ പ്രവര്‍ത്തതെ..." എന്റെ ഗ്രാമത്തിലെ പ്രഭാതം പൊട്ടിവിടരുന്നത് ഇങ്ങനെയാണ് എല്ലാ ദിവസവും. അമ്പലത്തിനടുത്തുള്ള ട്രാന്‍സ്ഫോര്‍മര്‍ അടിച്ചു പോയ സമയത്തൊഴിച്ച്.. പക്ഷെ ഇതൊന്നും ഞാന്‍ അറിയാറില്ല. എന്റെ പ്രഭാതം പലപ്പോഴും പൊട്ടിവിടരുന്നത് പുറത്തു ചൂലുംകെട്ടു വീഴുംപോഴോ അല്ലെങ്കില്‍ ഒരു കുടം വെള്ളം പുറത്തു വീണു ഞെട്ടി ഉണരുംപോഴോ ആണ്.. അമ്മയുടെ പൊന്നുണ്ണി എന്നുള്ള വിളി മാറി "മണ്ണുണ്ണി" എന്ന് ആകുന്നതും ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ്. ഓഹ്‌! പുലര്‍ച്ചെ പത്തുമണിക്ക് എണീറ്റ്‌ വീണ്ടും ഒരു അഞ്ചോ പത്തോ മിനിറ്റ് ഉറങ്ങാന്‍ എന്ത് രസമാണെന്നോ? അല്ലെങ്കിലും നേരത്തെ എണീക്കുന്നവര്‍ക്ക് ഇതിന്റെ എല്ലാം വില എങ്ങനെ മനസ്സിലാവാന്‍!

ചില സമയത്ത് എന്റെ ബാല്യകാല സുഹൃത്ത്‌ ജോമോന് തടി കുറക്കാനുള്ള ആഗ്രഹം മൂക്കും, അപ്പൊ പിന്നെ പണി കിട്ടുന്നത് സുഹൃത്തുക്കളായ എനിക്കും രൂപെഷിനും ആയിരിക്കും., പാതിരാത്രി അഞ്ചു മണിക്ക് കയറി വരും ഓടാന്‍ പോവാം എന്ന് പറഞ്ഞു.. മനുഷ്യന്റെ ഉറക്കം കളയാന്‍ !
ചില ദിവസങ്ങളില്‍ ജന്മന ഈര്‍ക്കിലി പോലിരിക്കുന്ന എന്റെ മറ്റൊരു സുഹൃത്തും കൂടും ഓടാന്‍. ശെടാ! ഞങ്ങള്‍ ഈ കഷ്ടപ്പെട്ട് ഉറക്കം കളയുന്നത് തടി കുറക്കാന്‍ ആണ് എന്നെങ്കിലും മനസിലാക്കാം, ഈ "സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ ശരീര സൌന്ദര്യമുള്ളവന്‍ എന്തിനാ വീണ്ടും ഓടി കഷ്ടപ്പെടുന്നത് എന്ന് ഇരുന്നും കിടന്നും ഉറങ്ങിയും ചിന്തിച്ചിട്ടും ഞങ്ങള്‍ക്ക് മനസ്സിലായില്ല. ചോദിച്ചാല്‍ അവന്‍ ഒട്ടു പറയുകയും ഇല്ല! ഒരു ദിവസം ഗെഡി വന്നു പറയുകയാണ് "എടാ നമുക്ക് വൈകീട്ട് ആയാലോ ഈ ജോഗ്ഗിംഗ്" എന്ന്. ഇത് കെട്ട ഉടന്‍ ജോമോന്‍ അവന്റെ കഴുത്തില്‍ കേറി പിടിച്ചു, "എടാ, മേരി പള്ളിയില്‍ പോക്ക് വൈകീട്ടത്തേക്ക് ആക്കിയല്ലേ വായനോക്കി", എന്ന്. ഇത് കേട്ടതും ജോഗ്ഗിങ്ങിന്റെ മറ്റൊരു ഗുണം ഞങ്ങള്‍ ഞെട്ടലോടെ മനസ്സിലാക്കി. പിന്നെ നമ്മുടെ ഗെഡി ഞങ്ങളുടെ കൂടെ ഉളള ഓട്ടം നിര്‍ത്തി.

ഒരു ദിവസം ഓടുന്നതിനിടയില്‍ രൂപേഷ് പതുക്കെ ചെവിയില്‍ പറഞ്ഞു, നമുക്ക് ജോമോനെ പറ്റിക്കാം, അവന്‍ ഓടിക്കോട്ടേ എന്ന്.
"എങ്ങനെ?"
ഉടനെ വന്നു അവന്റെ മറുപടി, " എടാ അവന്‍ മുന്‍പില്‍ ഓടിക്കോട്ടേ, നമുക്ക് ഓടുന്ന പോലെ അഭിനയിക്കാം, ആ മണ്ടനെ പറ്റിക്കാം"
ഇങ്ങനെ ഒക്കെ ആണെങ്കിലും രാവിലെ എഴുന്നേല്‍ക്കുക എന്നത് ഏറ്റവും ദുസ്സഹമായ ഒരു കാര്യം ആയിരുന്നു. ഇതില്‍ നിന്നൊക്കെ രക്ഷപെടാന്‍ ഞങ്ങള്‍ രണ്ടു പേരും ഒരു ഉറച്ച തീരുമാനത്തില്‍ എത്തി. - ജോമോന്‍ തടി ഒട്ടും കൂടുതല്‍ അല്ല, പിന്നെ ആരെങ്കിലും അവനെ നോക്കി തടി കൂടുതല്‍ ആണെന്ന് പറയുകയാണെങ്കില്‍ അവരെ ആദ്യം അടിക്കുന്നത് ഞങ്ങള്‍ ആയിരിക്കും!

ഇതൊക്കെ കഴിഞ്ഞു യൂനിവേര്സിടിയില്‍ എത്തിയപ്പോള്‍ അവിടേം കിട്ടി എനിക്ക് ജോമോനെ പോലെ ഒരു ദോസ്ത്. തൊരപ്പന്‍ എന്ന് സ്നേഹം വരുമ്പോഴും, എടാ മൈ... എന്ന് വഴക്ക് കൂടുമ്പോഴും ഞങ്ങള്‍ സ്നേഹ പൂര്‍വ്വം വിളിച്ചിരുന്ന ജോമിച്ചന്‍. കഷ്ടകാലത്തിനു അവന്‍ എന്റെയും കൊട്ടണ്ണന്‍ ന്റെയും റൂം മേറ്റ്‌ ആയി വന്നു. എന്റെ കണ്ടകശനി സമയമായതിനാല്‍ അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടും ആയി!
ജോമിച്ചനെ പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അസദുള്ളയുടെ കഥയാണ്. MA ഹിസ്റ്ററിയില്‍ പഠിച്ചിരുന്ന അസദുള്ളയെ ടെന്‍ഷന്‍ അടിപ്പിച്ചു കിറുക്കിയ ജോമിച്ചന്‍ അഥവാ തൊരപ്പന്റെ കഥ. എങ്ങനെന്നല്ലേ, ഞങ്ങള്‍ ജോയിന്‍ ചെയ്ത സമയം. ആരെയും അത്രയ്ക്കങ്ങോട്ട് പരിചയപ്പെട്ടിട്ടില്ല. നമ്മുടെ തൊരപ്പന് എവിടെയോ വച്ചു കണ്ട തമിഴത്തി കുട്ടിയോട് കലശലായ പ്രേമം. പ്രേമംന്നു പറഞ്ഞാ ഒരു മാതിരി തലയ്ക്കു പിടിച്ച പ്രേമം. അവനാണെങ്കില്‍ കുട്ടിയുടെ പേരറിയില്ല, ഡിപ്പാര്‍ട്ട്മെന്റ് അറിയില്ല. കേറിച്ചെന്നു അങ്ങോട്ട്‌ ചോദിക്കാനും പേടി. റൂമില്‍ ആണെങ്കില്‍ ഞങ്ങള്‍ പിരിവെടുത്തു വാങ്ങിയ ടേപ്പ് റിക്കാര്‍ഡര്‍ തമിഴ് പ്രണയ ഗാനങ്ങള്‍ കഷ്ടപ്പെട്ട് പാടിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്കാണെങ്കില്‍ ഇതൊക്കെ കേട്ടു പരമ ബോറും.

ഒരു ദിവസം ഞാന്‍ രണ്ടും കല്പിച്ചു തോരപ്പനോട് അവളെ അവളുടെ ക്ലാസ്സില്‍ ചെന്ന് പരിചയപ്പെടാം എന്ന് പറഞ്ഞു, അതിനു ക്ലാസ്സ്‌ ഏതാണെന്ന് അറിയണ്ടേ എന്ന് അവന്‍. എന്നാലും എങ്ങനെയോ അവന്‍ രണ്ടു ദിവസത്തിനകം ക്ലാസും പേരും തപ്പിയെടുത്തു.
പേര് ഭുവനേശ്വരി, ഫസ്റ്റ് ഇയര്‍ ഹിസ്റ്ററി.
ഇത്രയും വിവരങ്ങള്‍ ധാരാളം.. അന്ന് തന്നെ ഇന്റര്‍ വെല്ലില്‍ ഹിസ്റ്ററി ക്ലാസ്സില്‍ കയറി ഭുവനേശ്വരി ഉണ്ടോ എന്ന് ചോദിച്ചു. കഷ്ടകാലത്തിനു അവള്‍ ലീവ് ആണത്രേ. പിന്നെ ഡേ സ്കോളര്‍ ആണെന്നും അറിയാന്‍ കഴിഞ്ഞു.
അന്ന് വൈകീട്ട് ഞാനും തൊരപ്പനും റൂമില്‍ ഇരിക്കുമ്പോള്‍ ഒരു തമിഴന്‍ കയറി വന്നു. പേര് അസദുള്ള, ഹിസ്റ്ററി ഫസ്റ്റ് ഇയര്‍ എന്ന് പരിചയപ്പെടുത്തി. ഹിസ്റ്ററി എന്ന് കേട്ടപ്പോള്‍ തന്നെ ജോമിച്ചന്റെ ചരിത്രവും പൌരധര്മവും ചോര്‍ന്നു പോയി. അവന്‍ ഓടാനുള്ള സ്റെപ്പ് ഇട്ടു.
അസദുള്ള ചോദിച്ചു, "നിങ്ങള്‍ എന്തിനാ ഭുവനേശ്വരിയെ തേടി വന്നതു?"
ജോമിച്ചന്‍ കേട്ടപാതി "ഏതു ഭുവനേശ്വരി?" എന്ന് ചോദിച്ചു.
ഉടനടി ഞാന്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചു " ഹിസ്റ്ററി ക്ലാസ്സില്‍ പഠിക്കുന്ന ഭുവനേശ്വരിയെ ഞങ്ങളുടെ ജോമിച്ചന്‍ പ്രണയിക്കുന്നു. അവള്‍ക്കു സമ്മതമാണെങ്കില്‍ അവന്‍ അവളെ കെട്ടുകയും കെട്ടാത്ത പക്ഷം അവനെ ഞങ്ങള്‍ തട്ടുകയും ചെയ്യുന്നതാണ്‌"
പറഞ്ഞു കഴിഞ്ഞ ഉടനെ അസദുള്ളയെ കാണാനില്ല. ഓടിയോ?
ഇല്ല! അസദുള്ള അതാ ഞങ്ങളുടെ കാല്‍ച്ചുവട്ടില്‍ കിടക്കുന്നു.
അസദുള്ളയുടെ ലൈന്‍ ആണത്രേ ഭുവനേശ്വരി. ദയവായി ആ ലൈന്‍ പൊളിക്കരുത് എന്ന്.
ഇത് നിന്റെ നമ്പര്‍ അല്ലെ, തെളിവ് വേണം എന്ന് തൊരപ്പന്‍.
ഉടനടി നാലു അഞ്ചു ഫോട്ടോസ് എടുത്തു ഞങ്ങളെ കാണിച്ചു നോക്കുമ്പോള്‍ എല്ലാ ഫോടോസിലും ഭുവനേശ്വരിയും വേറെ രണ്ടു പെണ്‍ പിള്ളേരും മാത്രം ഉണ്ട്. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഫ്രൈമിന് പുറത്തു നിന്നും തല ഉള്ളിലേക്ക് നീട്ടി ഫോട്ടോയില്‍ പെടാന്‍ ഉളള സര്‍ക്കസ് കാണിക്കുന്ന അസദുള്ള! ഫോട്ടോ എടുക്കുന്നതായോ, അസദുള്ള ഇങ്ങനെ സര്‍ക്കസ് കാണിക്കുന്നതായോ ഫോടോയിലുള്ള ബാക്കി മൂന്നു പേരും അറിഞ്ഞിട്ടില്ല. അമ്പട ഗള്ളാ!
പിന്നെ അന്വേഷണത്തില്‍ അത് ഒരു വണ്‍ വേ പ്രണയം ആണെന്ന് മനസ്സിലായി. റണ്‍ വേ ആയിട്ടില്ല!
പിന്നെ എന്തായാലും എന്റെ അറിവില്‍ തൊരപ്പന്‍ ആ വഴി പോയിട്ടില്ല.

പിന്നെ തൊരപ്പന്റെ വേറെ ഒരു പതിവ് തടി കുറക്കാനുള്ള ഓട്ടമാണ്. എന്തൊക്കെ ചെയ്താലും തടി ഒട്ടു കുറഞ്ഞ ചരിത്രവും ഇല്ല . അതെങ്ങനാ, രാവിലെ എഴുന്നേറ്റു ജോഗ്ഗിങ്ങും, രാത്രി അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഗംഭീര തീറ്റ മത്സരവും,!

തൊരപ്പന്‍ രാത്രി പത്തു മണിക്ക് ബെല്‍ അടിച്ച പോലെ വന്നു ബെഡില്‍ കിടക്കും, ഒരു സ്വിച്ച് ഇട്ട പോലെ ഉറങ്ങുകയും ചെയ്യും. പിന്നെ അഞ്ചു മണിക്ക് എഴുന്നേറ്റു ഓടാന്‍ വിളിക്കും. ചെന്നില്ലെങ്കില്‍ തലയില്‍ വെള്ളം ഒഴിക്കും, എന്നിട്ടോടും. ഞാനാരാ മോന്‍!അവനെ ഇടിക്കാന്‍ വേണ്ടി പുറകെ ഓടും, കുറെ ഓടുമ്പോള്‍ അവന്‍ പറയും"ഇന്നിത്രേം മതി, ഇനി തിരിച്ചു ഓടാം" എന്ന്. അപ്പൊ ഞാന്‍ ആരായി!
ഇവനിട്ടൊരു പണി കൊടുക്കണം എന്ന് തീരുമാനിച്ചു ഞാനും കൊട്ടണ്ണനും കൂടി ഒരു പദ്ധതി പ്ലാന്‍ ചെയ്തു.

ഒരു ദിവസം അവന്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ അവന്റെ വാച്ചിലെയും മൊബൈല്‍ലേയും അലാറംലെയും സമയം മാറ്റി സെറ്റ് ചെയ്തു.
എന്നിട്ട് ഞങ്ങള്‍ ഉറങ്ങുന്നപോലെ അഭിനയിച്ചു. കൃത്യം പതിനൊന്നരക്ക് അവന്റെ അലാറം ശബ്ദിച്ചു. അത് കിടന്നു കൂക്കി വിളിക്കാന്‍ തുടങ്ങി. ബാക്കി എല്ലാ ദിവസങ്ങളിലും മരണ മണി പോലെ തോന്നാറുള്ള ആ സാധനത്തിന്റെ ശബ്ദം ഏതോ ഒരു ഗന്ധര്‍വ സംഗീതം പോലെ (അത്രയും വേണ്ടല്ലേ!).

തൊരപ്പന്‍ ബെഡില്‍ നിന്ന് ചാടി എണീറ്റു, വാച്ചിലേക്കും മൊബൈലിലേക്കും മാറി മാറി നോക്കി. എനിട്ട്‌ ഓടി ചെന്ന് ഡ്രസ്സ്‌ മാറി. ഷൂസ് ഇട്ടു. പുറത്തേക്കിറങ്ങി.
പുറത്തു ഇറങ്ങിയപ്പോള്‍ ഒരു വിധം പിള്ളേരൊക്കെ പുറത്തു സൊറ പറഞ്ഞിരിക്കുന്നുണ്ട്. രാത്രി പന്ത്രണ്ട് മണിക്ക് ജോഗ്ഗിംഗ് ചെയ്യാന്‍ ഇറങ്ങിയവനെ കണ്ടു എല്ലാരും അമ്പരന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് ഇരുന്നു സൊറ പറയുന്ന ഹോസ്റ്റല്‍ മേറ്റ്സ്നെ കണ്ടു തൊരപ്പനും അമ്പരന്നു!
ഓടുന്നതിനിടയില്‍ തൊരപ്പന്‍ വിളിച്ചു ചോദിച്ചു "പുലര്‍ച്ച സമയത്തിരുന്നാണോ കത്തി വെക്കുന്നത് ..ബോധമില്ലേടാ നിങ്ങള്‍ക്കൊന്നും എന്ന്"
ഇത് കേട്ടു കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരുവന്‍, നിന്റെ റൂം മേറ്റ്‌നു അര്‍ദ്ധ രാത്രി വട്ട് ഇളകിയോ എന്നെന്നോട്.
ഇതൊന്നും ഓട്ടത്തിനിടക്ക്‌ തൊരപ്പന്‍ കേട്ടില്ല..ഭാഗ്യം
ഞങ്ങള്‍ ആണെങ്കില്‍ പിറകെ പതുങ്ങി പതുങ്ങി ഫോളോ ചെയ്യുന്നുണ്ട് .. ഞങ്ങളുടെ ഗേറ്റില്‍ എത്തിയ ഉടന്‍ തന്നെ സെക്യൂരിറ്റി പിടിച്ചു. "എന്ന തമ്പീ, ഇന്ത ടൈം ലെ ഷൂസ് പോട്ട് എങ്കെ പോരിങ്കെ?"(എങ്ങോട്ടാ ഈ പാതിരക്ക് ഷൂസും ഇട്ടുകൊണ്ട്‌ പായുന്നത് എന്ന് തമിഴില്‍ ചോദിച്ചു). തമിഴ് കാര്യമായി അറിയാത്ത തൊരപ്പന്‍ ഇംഗ്ലീഷില്‍ വച്ച് കാച്ചി. " ദിസ്‌ ഈസ്‌ ഏര്‍ളി മോര്‍ണിംഗ്.
ഐ ജോഗ്ഗിംഗ് ഗോയിംഗ് ഓണ്‍" (ജോഗ്ഗിംഗ്നു പോവുകയാണെന്ന്!)

എന്തായാലും ഗേറ്റ് കടന്ന തൊരപ്പന്‍ ചെന്ന് പെട്ടത് സാക്ഷാല്‍ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് ന്റെ മുന്‍പില്‍. സിറ്റിയില്‍ നിന്നും ഒരു VIP ഗസ്റ്റ്നെ കൊണ്ട് വരാന്‍ പോയി തിരിച്ചു വരുന്ന വഴി ആണ്.
HOD യെ മുന്‍പില്‍ കണ്ടതും തൊരപ്പന്‍ "ഗുഡ് മോര്‍ണിംഗ് സര്‍" എന്ന് നീട്ടി വിഷ് ചെയ്തു.
പാതിരാത്രിക്ക് ഷൂസും ഇട്ടു ജോഗ്ഗിങ്ങിനു ഇറങ്ങിയ സ്ടുടെന്റിനെ കണ്ടു അമ്പരന്ന HOD , തന്റെ വാച്ച് കാണിച്ചു ചോദിച്ചു " ഈസ്‌ ദിസ്‌ ദി ടൈം ഫോര്‍ ജോഗ്ഗിംഗ്?"
വാച്ചിലെ സമയം ശ്രദ്ധിച്ച തൊരപ്പന്‍ ആകെ ചമ്മി നാറിപ്പോയി.
പിന്നെ അങ്ങോട്ടോടിയതിന്റെ ഇരട്ടി വേഗത്തില്‍ തിരിച്ചോടിയ തൊരപ്പനു ഞങ്ങള്‍ കൂക്കി വിളികളോടെ ഗംഭീര സ്വീകരണമാണ് നല്‍കിയത്!

Monday, March 21, 2011

വെളിച്ചെണ്ണ +വെള്ളം = വെള്ള്ള്ളിച്ചെണ്ണ


അനുഭവങ്ങള്‍ ...അത് എല്ലായ്പോഴും ഓര്‍ക്കാന്‍ രസമുള്ളവ ആയിരിക്കണം എന്നില്ല , പ്രത്യേകിച്ചുംഅത് അബദ്ധങ്ങള്‍ ആണെങ്കില്‍ . പക്ഷെ ചില അബദ്ധങ്ങള്‍ ഓര്‍ത്താല്‍ ചിരിവരും..അത് സമയത്ത് നമ്മളെ ഒരുപാട് വെള്ളം കുടിപ്പിച്ചു എങ്കിലും. ഞാനും അങ്ങനെ ഒരു അനുഭവം ഇവിടെപങ്കുവെക്കട്ടെ ..

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വീട്ടില്‍ കടയില്‍ പോക്കും പാല് വാങ്ങലും എല്ലാം ഞാന്‍തന്നെയാണ് ചെയ്തിരുന്നത്. ഓരോ പ്രാവശ്യം കടക്കു പോകുമ്പോഴും കടക്കാരന്‍ ജോര്‍ജേട്ടന്‍ ഓരോമിട്ടായി ബോണസ് ആയി തരും എന്നതിനാല്‍ വീട്ടില്‍ നിന്ന് തരുന്ന തുകയുടെ ബാക്കി കൃത്യമായിതിരിചെല്‍പ്പിച്ചിരുന്നു. ( ആവശ്യങ്ങള്‍ വെറും ഒരു മിഠായിയില്‍ ഒതുങ്ങാത്ത കാലം വരെ ). അങ്ങനെഒരു നാള്‍ ഞാന്‍ കടക്കു പോയി വരുന്ന വഴിക്ക് ഞങ്ങളുടെ നാട്ടിലെ ലൂയിസ് ചേട്ടന്‍ സൈക്കിള്‍ ചവിട്ടിവരുന്നത് കണ്ടത്. ലൂയിസ് ആരെന്നല്ലേ ? പറയാം ..തിരക്ക് കൂട്ടല്ലേ, ആദ്യം ഇത് കേള്‍ക്കു.. അപ്പൊഎവിടാ നമ്മള്‍....സൈക്കിള്‍..അതെ, എനിക്കപ്പോള്‍ സൈക്കിളില്‍ കയറണം എന്നൊരാഗ്രഹംആഗ്രഹം എന്ന് പറഞ്ഞാല്‍ കലശലായ ആഗ്രഹം ..ആള്‍ എവിടെക്കോ ധ്രിതിപിടിച്ചുപോകുകയാണ് ..ഇപ്പൊ എന്റെ ആഗ്രഹം പറഞ്ഞാല്‍ ആള്‍ ചൂടാവും.. പിന്നെ എന്റെ കണ്ട്രോള്പോകും, പൊട്ടനാണ്‌ ചട്ടനാണ് എന്നൊന്നും ഞാന്‍ നോക്കില്ല, നല്ല അടി കൊള്ളും ഞാന്‍ ! നല്ലഅന്തസ്സായിട്ടു തന്നെ!! ഹല്ലാ പിന്നെ,. പിന്നെ എന്താ ഒരു വഴി? ആലോചിച്ചു തലപുകച്ചപ്പോള്‍തലയില്‍ നിന്നും ഒരു മുട്ടന്‍ ഐഡിയ പുറത്തു ചാടി.
അങ്ങനെ ഞാന്‍ ചാടി സൈക്കിളിനു മുന്‍പില്‍ നിന്ന് കൊണ്ട് അലറി ."ചേട്ടാ ..അച്ഛമ്മ വിളിക്കുന്നുണ്ട്ഉടനെ കാണണംത്രെ"
"എന്തിനാടാ" ലൂയിസ് മുരണ്ടു ..

" വീട്ടില്‍ കോഴി ഉണ്ട് ...ഇന്ന് സ്പെഷ്യല്‍ ആണ് " വീട്ടില്‍ കോഴിക്കറി വെക്കുമ്പോള്‍ ഒരു പാത്രം നിറച്ചുലൂയിസിന് കൊടുക്കാറുണ്ട് . വീട്ടിലെയും പറമ്പിലെയും അല്ലറ ചില്ലറ പണികള്‍ എല്ലാം ചെയ്യുന്നത്ലൂയിസ് ആണ്,
"ആണോടാ.. എന്ന നീ കേറ്..വേഗം പോകാം " അങ്ങനെ കോഴിക്കറി തിന്നാനുള്ള ആഗ്രഹം നടക്കുംഎന്ന പ്രതീക്ഷയില്‍ ലൂയിസും, ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തില്‍ ഞാനും സൈക്കിളില്‍കയറി...കുറച്ചു ദൂരം പോയില്ല, അപ്പോഴേക്കും അത് സംഭവിച്ചു ! എന്താണെന്നല്ലേ ?
ലൂയിസ് പൈസ കൊടുക്കാനുണ്ടായിരുന്ന തോമ ചേട്ടന്‍ വഴി വന്നു. വന്നെന്നു മാത്രമല്ല "എടാകള്ളന്‍ ലൂയിസേ " എന്ന് ഉറക്കെ അലറി ! ഇത് കെട്ട ഉടന്‍ സൈക്കിളില്‍ നിന്നും എന്തോ വീഴുന്നത്കണ്ടു .. തോമചേട്ടനോടുള്ള ദേഷ്യത്തില്‍ ലൂയിസ് എന്തോ എറിഞ്ഞത് ആണെന്നാ ഞാന്‍ കരുതിയത്‌പക്ഷെ സൈക്കിളും ഞാനും അടുത്തുള്ള തെങ്ങിന്‍ കുഴിയില്‍ വീണപ്പോള്‍ ആണ് സൈക്കിളില്‍ നിന്ന്വീണത്‌ ലൂയിസ് ആണെന്ന് മനസിലായത്.! തോമ ചേട്ടനെ കണ്ട ഉടന്‍ പേടിച്ചു ചാടിയതാണ്ത്രെ..

എന്തായാലും എനിക്ക് കോളടിച്ചു..സൈക്കിളില്‍ കയറാന്‍ ആഗ്രഹം തോന്നിയ ഞാന്‍ വീട്ടിലെത്തിയത്അയല്‍പക്കത്തെ രാധപ്പന്റെ കാറില്‍..കൈയിലെയും കാലിലെയും പെയിന്റ് പോയിട്ടാണ് എന്നവ്യത്യാസം മാത്രം!
എന്തായാലും വീട്ടിലെത്തിയ ഉടനെ അമ്മയുടെ വക ഉഗ്രന്‍ ചീത്ത കിട്ടി, വീട്ടിനകത്ത് കയറിഇരുന്നപ്പോഴാണ് ഞാന്‍ ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലാക്കിയത്‌ . ഞാന്‍ വാങ്ങിയ വെളിച്ചെണ്ണകുപ്പിയിലെ പാതി വെളിച്ചെണ്ണയും തെങ്ങിന് വളമായിരിക്കുന്നു!! അരക്കിലോ വെളിച്ചെണ്ണക്ക് പകരംകാല്‍ കിലോ ആയി നില്‍ക്കുന്നതും അമ്മ വന്നു നല്ല വടികൊണ്ട് "ചടോ പടോ" എന്ന് സമ്മാനംനല്‍കുന്നതും ഞാന്‍ വിജയശ്രീ ലാളിതനായി നിന്ന് കരയുന്നതും ഒക്കെ ഇമാജിന്‍ ചെയ്തപ്പോള്‍ വീണ്ടുംഎന്റെ ബുദ്ധി പ്രയോഗിക്കാന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആയി.

വേഗം പാതി നിറഞ്ഞിരിക്കുന്ന വെളിച്ചെണ്ണ പാത്രവും എടുത്തു കൊണ്ട് ഞാന്‍ ഓടി .. ഓട്ടംഅവസാനിച്ചത്‌ വീട്ടിന്റെ പിന്നിലുള്ള പൈപ്പിന്റെ അടുത്താ ! ആദ്യം ഇച്ചിരി വെള്ളം ഒഴിച്ച് നോക്കി. നന്നായി ഒന്ന് കുലുക്കി ! കൊള്ളാം.. വല്ല്യ വ്യത്യാസം ഇല്ല ..യുറേക്ക (യുറീക്ക അല്ല) ..ഞാന്‍ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നു . ആപ്പിള്‍ തലയില്‍ വീണ ന്യൂട്ടന്‍ കണ്ടു പിടിച്ച പോലെ ഒന്നും ഞാനുംകണ്ടെത്തിയിരിക്കുന്നു! സൈക്കിളില്‍ നിന്ന് വീണപ്പോള്‍ ! എന്റെ ബുദ്ധിയില്‍ അഭിമാനം തോന്നി, ഇനിവെളിച്ചെണ്ണ വാങ്ങുമ്പോള്‍ പാതി പൈസക്ക് വാങ്ങ്യ മതി , ബാക്കി തോട്ടില്‍ നിന്ന് നിറക്കാം!
... . ..
"വെളിച്ചെണ്ണ +വെള്ളം = വെള്ള്ള്ളിച്ചെണ്ണ"

പുതിയ ഒരു സമവാക്യവും ഞാന്‍ ഉണ്ടാക്കി . കിടക്കട്ടെ സയന്‍സ് നു എന്റെ വഹ ഒരു സംഭാവന .

അന്നുച്ചക്കു കടുക് വറുക്കാന്‍ വേണ്ടി അമ്മ ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചപ്പോള്‍ "ടപ്പ ഠപ്പേ'' എന്ന്പൊട്ടുന്നു. ഇനി കടുക് വെളിച്ചെണ്ണയില്‍ " ഇന്‍ബില്‍റ്റ്" ആണോ എന്നറിയാന്‍ വെളിച്ചെണ്ണകൈയിലെടുത്തപ്പോള്‍ അല്ലെ അമ്മയുടെ ചങ്ക് പൊളിച്ച അല്ല എന്റെ പുറം പൊളിച്ച സത്യം അമ്മമനസ്സിലാക്കിയത്‌. പിന്നെ പുറം പൊളിഞ്ഞത് എങ്ങനെയാണെന്ന് ഞാന്‍ പറയണ്ടല്ലോ!

കുറച്ചു കഴിഞ്ഞ ഉടനെ ചിക്കന്‍ കറി തിന്നാന്‍ ലൂയിസ് വീട്ടുമുറ്റത്ത്‌ ഹാജെര്‍. കോഴി ഉണ്ടെന്നല്ലേഅല്ലാതെ കോഴികറി ഉണ്ടെന്നല്ലല്ലോ ഞാന്‍ പറഞ്ഞത് , കോഴി ഞാന്‍ വളര്ത്തുന്നതാ എന്നഎന്റെ വിശദീകരണം കേട്ടു ലൂയിസ് അന്ന് എന്നെ കൊല്ലാതിരുന്നത് കൊണ്ട് ഇന്ന് ഇത് എഴുതാന്‍പറ്റി!!!

Friday, July 16, 2010

സാവോ പൌള ടു ജോഹന്നെസ് ബെര്‍ഗ് (മറക്കാനാവാത്ത ഒരനുഭവം)

2009 ജനുവരിയില്‍ എനിക്കൊരു മൂന്നു മാസത്ത്ത് വിദേശ യാത്ര ഉണ്ടായിരുന്നു, എന്ന് വച്ചാല്‍ രണ്ടുമൂന്നു രാജ്യങ്ങള്‍, പിന്നെ നോക്കെത്താ ദൂരത്തോളം പറന്നു കിടക്കുന്ന കടലില്‍ (കപ്പലില്‍) ഒരു മൂന്നുമാസം. കേപ് ടൌണില്‍ നിന്നാരംഭിച്ചു ചിലി വരെ ആയിരുന്നു മൂന്നു മാസത്തെ യാത്ര. polarstern എന്ന ജര്‍മന്‍ പ്പലില്‍. പിന്നെ വിമാനത്തില്‍ ചിലിയിലെ punta arenas , അവിടെ നിന്നുംസാന്റിയാഗോ, പിന്നെ സാവോ പൌള. അവിടെ നിന്നും ജോഹന്നെസ് ബെര്‍ഗ്, സൌത്ത് ആഫ്രിക്കന്‍എയര്‍ ലൈന്‍സില്‍. ഞാന്‍ പറഞ്ഞു വരുന്നത് സാവോ പൌലയില്‍ നിന്നും ജോഹന്നെസ്ബെര്‍ഗിലെക്കുള്ള യാത്രക്കിടയിലെ നിക്ക് മറക്കാനാവാത്ത ഒരു അനുഭവത്തെ റ്റിയാണ്.



ചിലിയില്‍
പാവം ഞാന്‍
കേപ് ടൌണിലെ ടേബിള്‍ മൌന്റൈനില്‍ നിന്നെടുത്ത ഫോട്ടോ

സാവോപൌളോയില്‍ രാത്രി എത്തിയ ഞങ്ങളുടെ ടീം (എന്ന് പറഞ്ഞാല്‍ ഒരു ഇരുപതു പേര്‍ വരും), എയര്‍ പോര്‍ട്ടില്‍ കിടന്നുറങ്ങി ഫ്രഷ്‌ ആയി എയര്‍ പോര്ടിലെ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞു, ജോഹന്നെസ്ബെര്‍ഗിലെക്കുള്ള ഫ്ലൈറ്റ് പുറപെടുന്ന ടെര്‍മിനലില്‍ എത്തി. രാവിലെ ആറ്‌ മണിക്കാണ്ഫ്ലൈറ്റ്. ചില നേരം പോക്കുകളും, തമാശകളും ആയി ഞങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍ ഒരുഅനൌന്‍സ്മെന്റ്, ഞങ്ങളു
ടെ കൂടെയുള്ള ഗൌരി, ദിവ്യ തുടങ്ങിയവര്‍ ഉടനെ റിപ്പോര്‍ട്ട്‌ ചെയ്യണംത്രേ,.
കേപ് ടൌണിലെ ഒരു തെരുവ്

എന്തോ പ്രശ്നം ആണ്, അറിയാന്‍ വേണ്ടി അനൌന്‍സ്മെന്റ് ടേബിളിന്റെ അടുത്ത് ചെന്നപ്പോഴല്ലേകാര്യം പിടികിട്ടിയത്. ഒരു അമേരിക്കകാരന്‍ സായിപ്പും ഫാമിലിയും ടെര്‍മിനലില്‍നില്‍ക്കുന്നുണ്ടയിരുന്നത്രേ, ആളുടെ ഒരു വയസ്സായ കൊച്ചിന്റെ ഫോട്ടം പിടിച്ചത്രേ ഞങ്ങളുടെകൂടെയുണ്ടായിരുന്ന ഗൌരി. അതിനാല്‍ അയാളുടെ ജീവനും സ്വത്തിനും ഭീഷണി ആണത്രേ..!! സായിപ്പു ഉടനെ പോയി കംപ്ലൈന്റ്റ്‌ ചെയ്തു, രണ്ടു മൂന്നു ഇന്ത്യക്കാര്‍ ന്റെ കൊച്ചിന്റെ ഫോട്ടോ പിടിച്ചു, വരുടെ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യണംത്രേ..എന്ത് ന്യായമായ എളിയ ആവശ്യം!! എയര്‍ പോര്‍ട്ട്‌അതോരിടിയിലെ ലോറ എന്ന ഒരു സ്ത്രീ ഞങ്ങളെ വിളിച്ചു കാര്യം പറഞ്ഞു.

കൊച്ചിന്റെ ഓമനത്തം കണ്ടു എടുത്തതാണ് ത്രെ ഫോട്ടോ, അച്ഛന്‍ ഇത്രേം ഓമനത്തം ഉളള ആളാണെന്ന് അറിഞ്ഞു കാണില്ല! എന്താണെങ്കിലും ഫോട്ടോ ആളുടെ മുന്‍പില്‍ വച്ച് ഗൌരി തന്നെ ഡിലീറ്റ് ചെയ്തു. എന്നാലും സായിപ്പു വിടാന്‍ ഉദ്ദേശം ഇല്ല!, ഒരു വിധത്തില്‍ ലോറ ആളെസമാധാനിപ്പിച്ചു.

ഫ്ലൈറ്റ് ല്‍ കയറി സീറ്റ്‌ പിടിച്ചപ്പോള്‍ ഞാനും ഗൌരിയും ഇരുന്ന സീടുകള്‍ക്ക് തൊട്ടടുത്തായി തന്നെ സായിപ്പിന്റെ സീറ്റ്‌, വീണ്ടും തുടങ്ങി ആളുടെ വക, ജീവനും സ്വത്തിനും ഭീഷണി ആണത്രേ..(തലക്കിട്ടു ഒന്ന് കൊടുക്കുകയാ വേണ്ടത് ), എന്നാലും ഒരു കറുത്ത് സുന്ദരി ആയ എയര്‍ ഹോസ്റ്റെസ് വന്നു ആള്‍ക്കും ഫാമിലിക്കും വേറെ സീറ്റ്‌ ഏര്‍പാടാക്കി കൊടുത്തു.കപ്പലില്‍ നിന്നെടുത്ത ഫോട്ടോ (താഴെ കാണുന്നത് മഞ്ഞു കട്ടകള്‍ )

പിന്നീട് സീറ്റില്‍ വന്നത് ഒരു നീഗ്രോ യുവതി ണ്, മുപ്പതിനോട് അടുത്ത് പ്രായം വരും, വന്നഉടനെ എന്നെ പരിചയപ്പെട്ടു, കരകൌശല വസ്തുക്കള്‍ കയറ്റി അയക്കുന്ന ജോലി ആണത്രേ, പക്ഷെപറയത്തക്ക വരുമാനം ഒന്നും ല്ല, ഘാനയിലെ ഒരു നിര്‍ധന കുടുംബത്തിലെ അംഗം. പേര്ചോദിച്ചപ്പോള്‍ മരിയ എന്നാണ് പറഞ്ഞത്, പക്ഷെ ആളുടെ ടിക്കറ്റില്‍ വേറെ ഏതോ ഒരുപേരായിരുന്നു. എന്റെ പേര്‍ ഉച്ചരിക്കാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ലത്രേ, എത്ര പറഞ്ഞു കൊടുത്താലുംസുസിത് ' എന്നെ വരുന്നുള്ളൂ..

പോളാര്‍സ്റ്റെര്ണ്‍- ഉത്തര ധ്രുവത്തിലെ താരം (ഐസ് കട്ടര്‍ )
സംസാരിച്ചു വന്നപ്പോള്‍ ആളുടെ ഇടക്കുള്ള ചേഷ്ടകള്‍ കണ്ടപ്പോള്‍ എന്തോ ഒരു പ്രശ്നം ഇല്ലേഎന്നൊരു തോന്നല്‍, എന്തോ ഒരു മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉളള ആളാണെന്ന് തോന്നി. വെള്ളം കൊണ്ട് വന്ന ഉടനെ ഒരു ഡസന്‍ ഗുളിക എടുത്തു വിഴുങ്ങുന്നത് കണ്ടു. വട്ടിനുള്ള ഗുളികആണോ കഴിക്കുന്നതെന്നു ചോദിയ്ക്കാന്‍ ഇത്തിരി ധൈര്യം കൂടുതല്‍ ഉള്ളത് കൊണ്ട് കഴിഞ്ഞില്ല, വേഗംഗൌരിയെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ പറയുവാ, നിനക്കെന്താ വട്ടുണ്ടോ എന്ന്, മാന്യമായിഇരിക്കുന്ന സ്ത്രീയെപ്പറ്റി അപവാദം പറയല്ലെന്നു..ഈശ്വരാ ...!! അപ്പൊ വാദി പ്രതി ആയോ? കൊള്ളാം...

കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തുടങ്ങി ആള്‍ മുഖം കൊണ്ടുള്ള ചില പ്രത്യേക ചേഷ്ടകള്‍. കുറെ നേരംസഹിച്ചിരുന്നു, വീണ്ടും തുടങ്ങിയപ്പോള്‍ ഗൌരിയോട് സീറ്റ് മാറാം എന്ന് പറഞ്ഞു നോക്കി, അപ്പോള്‍അവള്‍ പറയുന്നു, സ്ത്രീ എന്ത് വിചാരിക്കും ന്നു. മം..ദ്രോഹീ .. സ്ത്രീ എന്ത് വിചാരിക്കും ന്നു, നിനക്ക്പേടിയാണേല്‍ അത് പറ! അല്ല പിന്നെ.

കുറച്ചു കഴിഞ്ഞപ്പോള്‍ കുറച്ചു നോട്ടീസ്കളുമായി രാള്‍ വന്നു. അതില്‍ നിറയെ ഷോപ്പിംഗ്‌ ഐറ്റംസ്. അതില്‍ ഏതാ വേണ്ടെന്നു മാര്‍ക്ക്‌ ചെയ്തു തിരിച്ചു കൊടുത്താല്‍ കൊണ്ട് തരും ത്രെ! പൈസ സാധനംകൊണ്ടുവന്നിട്ടു ഇഷ്ടപ്പെട്ടാല്‍ കൊടുത്ത മതി. അപ്പൊ ഫ്ലൈറ്റ്ലും തുടങ്ങിയോ പരിപാടി? ഞാന്‍ നേത്രാവതിയിലും, മംഗളയിലും കണ്ടിട്ടുണ്ട് ഇതേ പോലെ വില്‍ക്കുന്നവരെ. എന്തായാലുംഇഷ്ടപ്പെട്ട ഒന്ന് രണ്ടു ഐറ്റംസ് മാര്‍ക്ക്‌ ചെയ്തു കൊടുത്തയച്ചു. ഉടനടി ഡെലിവറി ആയി. സോറിതെറ്റിദ്ധരിക്കരുത്, സാധനം കൊണ്ട് വന്നുന്നു. പേഴ്സ്ല്‍ നിന്നൊരു 120 $ (ഡോളര്‍) എടുത്തുകൊടുത്തപ്പോള്‍ അടുത്തിരുന്ന സ്ത്രീ പേഴ്സ് ലേക്ക് നോക്കുന്നത് കണ്ടു ഞാന്‍ പേഴ്സ് സ്ഥലം മാറ്റി വച്ചു.



സീല്‍ (കടല്‍ സിംഹം )

കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീ വീണ്ടും തുടങ്ങി, പ്രാവശ്യം കൈ കൊണ്ടും കോപ്രായങ്ങള്‍കാണിക്കുന്നുണ്ട്. ഞാന്‍ ആരാ മോന്‍, ധൈര്യം സംഭരിച്ചു, കൈ എല്ലാം മടക്കിവച്ച് കണ്ണുമടച്ചു ഒറ്റഉറക്കം വച്ചു കൊടുത്തു..ഹ്മം,..എന്നോടാണോ കളി!!

അങ്ങനെ നല്ല നല്ല സുന്ദരികളായ എയര്‍ ഹോസ്ടെസ്, സഹ മദാമ്മകള്‍ എന്നിവരെ സ്വപ്നം കണ്ടുഉറങ്ങുന്നതിനിടയില്‍ എന്തോ ഒന്ന് കാലില്‍ പിടിച്ചു വലിക്കുന്നില്ലേ എന്നൊരു സംശയം. കണ്ണ് തുറന്നുനോക്കിയപ്പോള്‍ അതാ നമ്മുടെ കഥാപാത്രം, മരിയ എന്ന് പറയപ്പെടുന്ന സ്ത്രീ അപസ്മാരംബാധിച്ചത് പോലെ കിടന്നു വിറക്കുകയാണ്. കണ്ട ഉടനെ ജന്മന ബോധം ഇല്ലാത്തതു കൊണ്ട്ബോധം പോയില്ല. ഓടി പോയി ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു. oxygen കൊടുത്തു, പിന്നെഞങ്ങളുടെ സീറ്റില്‍ കിടന്നോളാനും പറഞ്ഞു. ഞങ്ങള്‍ക്ക് പിന്നില്‍ വേറെ ഒരു സീറ്റ്‌ കിട്ടി.

പിന്നില്‍ പോയി ഇരുന്ന ഉടനെ എനിക്ക് ടെന്‍ഷന്‍ ആയി. ഇനി ഇവര്‍ നാടകം കളിച്ചതാണോ എന്റെകയിലെ പണം പിടുങ്ങാന്‍. എന്നെപ്പറ്റി ഇല്ലാത്തതു എന്തേലും പറഞ്ഞാലോ..എന്റെ പഴനിമല മുരാ....(സുരാജ് വെഞാറമൂട് വെര്‍ഷന്‍)
പിന്നെ ജോഹന്നെസ് ബെര്‍ഗ് എത്തണ വരെ ടെന്‍ഷനോട് ടെന്‍ഷന്‍...

പക്ഷെ, അവിടെ എത്തിയ ഉടന്‍ സ്ത്രീ എന്റെ അടുത്ത് വന്നു കരഞ്ഞു പറഞ്ഞു ഞാന്‍ അവരുടെജീവന്‍ രക്ഷിച്ചത്രേ, ഓഹ്‌..ഇപ്പോഴാണ്‌ എനിക്ക് ജീവന്‍ വച്ചത്. പിന്നെ. അവര്‍ എയര്‍പോര്ടിലുണ്ടായിരുന്ന അവരുടെ ബന്ധുക്കള്‍ക്കും എന്നെ പരിചയപ്പെടുത്തി കൊടുത്തു, അവരുടെമുഖത്തെല്ലാം എന്നോടുള്ള നന്ദിയും ക്രിതാര്തതയും മാത്രം. ഓഹ്‌..എനിക്കെന്നോടു തന്നെ അസൂയതോന്നുന്നു. (അഹങ്കാരി!) . കൂടെ ഒരുപാടു പേര്‍ ഉള്ളതിനാല്‍, പിന്നീട് ഒരുമിച്ചു ചായകുടിക്കാനുള്ളഅവരുടെ ക്ഷണം ചിരിച്ചു കൊണ്ട് നിരസിക്കാനെ എനിക്ക് കഴിയുമായിരുന്നുള്ളൂ... '

Friday, April 2, 2010

ഒരു ഏപ്രില്‍ ഫൂള്‍ ദുരന്തം.

തലേ ദിവസം രാത്രി ഏറെ വൈകി ലാബില്‍ നിന്നും തിരിച്ചു പോയതിനാല്‍ അന്ന് ഞാന്‍ നന്നായി ഉറങ്ങിപ്പോയി. ഉറക്കത്തിന്റെ ഏതോ യാമത്തില്‍ ആരെയൊക്കെയോ സ്വപ്നവും കണ്ടു കിടക്കുമ്പോള്‍, മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി.

സമയത്ത് വിളിച്ചവനെ പ്രാകിക്കൊണ്ട്‌ നോക്കിയപ്പോ "വിനീത് കാളിംഗ്"
എന്റെ സഹപ്രവര്‍ത്തകന്‍ ആണ്. അതായതു സഹ ഗവേഷകന്‍.
ഈശ്വരാ...ഓഫീസില്‍ നിന്നാണ്. സമയം നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. "പതിനൊന്നു മണി"

സര്‍ ലീവില്‍ ആയിരുന്നല്ലോ...വന്നു കാണും..ഇനി നല്ല കോളാ..!!

അറ്റന്‍ഡ് ചെയ്ത ഉടനെ മറുതലക്കല്‍ "കഹാം ഹൈ തു ? സര്‍ ഡൂണ്ട് രഹ ഹൈ"

കൊള്ളാം...അത് തന്നെ.." പ്ലീസ് മാനേജ്! വില്‍ ബി ദേര്‍ വിതിന്‍ നോ ടൈം"...

ഉറക്കം പമ്പയും, ശബരിമലയും കടന്നു, ഓടി ബാത്ത് റൂമിലേക്ക്‌.

കുളിച്ചെന്നു വരുത്തി , ഡ്രസ്സ്‌ ചെയ്തു "യാഹൂ" എന്ന് പറഞ്ഞു ബൈക്കില്‍ ചാടിയപ്പോള്‍ ആണ് ഓര്‍ത്തത്‌ , പല്ല് തേച്ചില്ല...പോട്ടെ..ഇനീം നേരം വൈകിയാല്‍ ഭാവിയില്‍ തേക്കാന്‍ പല്ലുണ്ടാവില്ല എന്നറിയാവുന്നതിനാല്‍, എന്റെ പള്‍സര്‍ ന്റെ കിക്കെറില്‍ ആരോടൊക്കെയോ ദേഷ്യം തീര്‍ക്കാന്‍ ആഞ്ഞു ചവിട്ടി. ഇതല്ലേ നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റൂ,,..

മൊബൈല്‍ വീണ്ടും റിങ്ങ്സ്..

പരിചയമില്ലാത്ത നമ്പര്‍...

സര്‍ ആയിരിക്കും..ഹൃദയം പടപടാ ഇടിക്കാന്‍ തുടങ്ങി..

എന്തെങ്കിലും ചോദിച്ചാല്‍ കാരണം പറയാനുള്ള നല്ല പത്തു കള്ളത്തരങ്ങള്‍ മനസ്സില്‍ വിചാരിച്ചു ഫോണ്‍ അറ്റന്‍ഡ് ചെയ്തു...

"
വോഡഫോണ്‍ മേ ആപ് സാബ്‌ സ്വാഗത് ഹൈ"
ഛെ! കാലത്ത് തന്നെ മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ ...വോഡഫോണ്‍ ആണത്രേ വോഡഫോണ്‍!! പാട്ട ഫോണ്‍..അല്ല എന്റെയെ..

വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നില്ല.. വീണ്ടും ശ്രമിച്ചു..നോ ഫലം..

പള്‍സറിനേം പ്രാകാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത് ,

റൂമില്‍ നിന്നും വണ്ടിയുടെ കീ എടുക്കാന്‍ മറന്നു!!

പാവം എന്റെ പള്‍സര്‍..സോറി ചക്കരെ...

അങ്ങനെ ഒരു വിധത്തില്‍ ഓഫീസില്‍ കിതച്ച്ചെത്ത്തിയപ്പോള്‍ വിനീത് ലാബിന്റെ മുന്‍പിലുണ്ട്..

ലാബില്‍ എത്തിയപ്പോള്‍ മായചേച്ചി ഒരു മയവും ഇല്ലാതെ പറഞ്ഞു, സര്‍ വിളിക്കുന്നു.

ഓടി മുകളില്‍ എത്തിയപ്പോള്‍ സാറിന്റെ റൂമില്‍ ആരും ഇല്ല..

പയുണിന്റെ അടുത്ത് ചോദിച്ചപ്പോള്‍ പറഞ്ഞു സര്‍ ലീവില്‍ ആണെന്ന്...

പിന്നെ...!! എന്നെ വിളിച്ചത്???

അമ്പട ഗള്ളാ!!

ഇന്ന് ഏപ്രില്‍ ഒന്ന്...അതായതു ഞാന്‍ ഫൂള്‍ ആയെന്നു..

മം...കാണിച്ചു തരാം..

താഴെ വന്നു സീരിയസ് ആയി മായ ചേച്ചിയോട് പറഞ്ഞു, " സര്‍ ഭയങ്കര ചൂടില്‍ ആണ്, സാറിന്റെ പേര് പറഞ്ഞു കളി ആകിയതിനു..ഹി ഈസ്‌ കാളിംഗ് യു..."

ആളുടെ മുഖം കാണണം പിന്നെ!!! ഒരു മാതിരി തേനീച്ച കുത്തിയ പോലെ..(എന്റെ കൂട്ടുകാരന്‍ "ഹണി ബീ " കുടിക്കുമ്പോഴും ഇങ്ങനെ ഉണ്ടാകാറുണ്ട്)

ആള്‍ കുറ്റസമ്മതം നടത്തി..വെറുതെ ഏപ്രില്‍ ഫൂളാക്കാന്‍ ചെയ്തതാണത്രേ..ഇങ്ങനെ കര്യാവുംന്നു ഞാന്‍ അറിഞ്ഞില്ല എന്ന്..എന്തായാലും സാറിനോട് സോറി പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞു മുകളില്‍ പോയി..

തിരിച്ചു ഫൂള്‍ ആക്കി എന്ന ചാരിതര്ത്യത്തില്‍ ഞാന്‍ ഓഫീസിലോട്ടും..

ഒരു ഉച്ച ആയിക്കാണും, എന്റെ കൂടുകാരന്‍ ഫോണില്‍ വിളിച്ചു" എടാ നമ്മുടെ ശിവന്‍കുട്ടി ആക്സിടെന്റ്റ് പറ്റി ഹോസ്പിറ്റലില്‍ ആണ്..അര്‍ജെന്റ്റ് ആയി കുറച്ചു രൂപ വേണം.."

ഹി ഹി..വേണ്ടും ഏപ്രില്‍ ഫൂളാക്കാന്‍ ശ്രമിക്കുന്നോ? എന്നോടാണോ കളി..?

"
ഇപ്പൊ വരാം ട്ടോ..ഇപ്പൊ തന്നെ വരാം" എന്ന് ഫോണിലും, " ഫൂളാകാന്‍ എന്റെ പട്ടി വരും" എന്ന് മനസ്സിലും പറഞ്ഞു, ഞാനെന്റെ വര്‍ക്ക് കണ്ടിന്യൂ ചെയ്തു ..

കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും വിളിച്ചു, "ഡാ..നീ എവിടെ എത്തി?"

മം..വിടാന്‍ ഉദ്ദേശമില്ല അല്ലെ? " എവിടെയാ വരണ്ടേ?"

"
നീ ഫ്ലാവിയോ ബാറിനു മുന്‍പില്‍ വാ.."

കൊള്ളാം..എല്ലാരും ഉണ്ടാവും അവിടെ ..ശിവന്‍കുട്ടി കുറച്ചു മുന്‍പ് വരെ എന്റെ മുഖത്ത് നോക്കി ചിരിച്ചിട്ട് പോയതാ...എന്തോ പ്ലാന്‍ മണക്കുന്നുണ്ടല്ലോ.,മം ..എന്തായാലും ഞാനില്ല..

കുറച്ചു കഴിഞ്ഞ ഉടനെ വേറെ ഒരു സുഹൃത്ത്‌ വിളിച്ചു പറഞ്ഞു " എടാ , ശിവന്‍ കുട്ടി ആശുപത്രീലാ..ബ്ലഡ്‌ വേണം ത്രെ.."

"
ഇനി ചിലപ്പോ ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ " എന്ന് പറഞ്ഞപോലെ പോയി നോക്കാം എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു.

പോയപ്പോള്‍ ബാറിനു മുന്‍പില്‍ ഉണ്ട് എന്റെ കൂട്ടുകാരന്‍..നേരെ വണ്ടിയും കൊണ്ട് ഗോവ മെഡിക്കല്‍ കോളേജ്,

അവിടെ ചെന്ന് ശിവന്‍ കുട്ടിയുടെ കിടപ്പ് കണ്ടപ്പോളാണ് മനസ്സിലായത്, അവന്‍ ഞങ്ങളെ ഫൂള്‍ ആക്കിയതല്ല, സ്വയം ഫൂള്‍ ആയതാണെന്നു..

നടന്നതെന്താണെന്ന് വച്ചാല്‍, അന്നേ ദിവസം ഒരു ബസ്‌ ഹൈ വെയില്‍, ണ്‍ വെ ക്രോസ് ചെയ്യുന്നതിനിടയില്‍ ഇടിച്ചിരുന്നു, അത് സംഭവ ദിവസം രാവിലെ മുതല്‍ റോഡിനു കുറുകെ കിടക്കുന്നതാണ്, നമ്മുടെ ശിവന്‍ കുട്ടി വഴി ബൈക്കില്‍ ഹൈ സ്പീഡില്‍ വന്നപ്പോള്‍ ബസ്‌ കണ്ടു,

ആള്‍ വിചാരിച്ച്ത്രേ അത് ഓടുന്ന ബസ്‌ ആണെന്ന്, അപ്പോള്‍ തന്നെ ആള്‍ മനസ്സില്‍ "ഒരു വസ്തു നിശ്ചിത സമയത്തില്‍ സഞ്ചരിക്കുന്ന ദൂരം , ഡി= ആര്‍*ടി " എന്ന ഫോര്‍മുല കണക്കാക്കി ബസിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചു!!

തൊട്ടടുതെതിയപ്പോള്‍ ആണത്രേ ആള്‍ക്ക് അബദ്ധം മനസ്സിലായത് ..അതിനുള്ളില്‍ എല്ലാം സംഭവിച്ചിരുന്നു..

പിന്നെ , എന്റെ സുഹൃത്തുക്കള്‍ക്ക് വിളിച്ചു കാര്യം പറയുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് "പറ്റിക്കാന്‍ നോക്കണ്ട" എന്ന..നോക്കണേ ഒരു ഏപ്രില്‍ ഫൂള്‍ വരുത്തി വച്ച വിന.
എന്തായാലും ശിവന്‍ കുട്ടിക്ക് കാര്യമായി ഒന്നും പറ്റിയില്ല , അത് തന്നെ ഭാഗ്യം.!

നോട്ട്"

ഞാന്‍ കഥ ഇന്നലെ അതായതു ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പോസ്ടാം എന്ന് വിചാരിച്ചതാ, പക്ഷെ നിങ്ങള്‍ ആരും വിശ്വസിക്കില്ലല്ലോ എന്ന് കരുതി ഇന്ന് പോസ്റ്റുന്നു...ബിലെറ്റെഡ് ഏപ്രില്‍ ഫൂള്‍ വിഷെസ്..

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails