Saturday, September 21, 2013

സ്വപ്നസുന്ദരമാണീ പ്രാഗ്....part- 2


പ്രാഗിനെ പറ്റി ഒന്നാം ഭാഗം എഴുതി പബ്ലിഷ് ചെയ്ത ഉടനെ പണിതിരക്കുകൾ  അധികമായതിനാൽ ഈ ഭാഗത്തേക്ക്‌ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആയില്ല.  രണ്ടാം ഭാഗം എഴുതി മുഴുവനാക്കണം  എന്ന് വിചാരിക്കാൻ തുടങ്ങീട്ടു ഇന്നാണ്(21-9-2013) ഇത്തിരി സമയം കിട്ടിയത്. പറ്റിയാൽ ഇന്ന് തന്നെ പ്രാഗ് വിശേഷങ്ങൾ  പറഞ്ഞു തീര്ക്കണം. പക്ഷെ തിരക്കുകൾക്കിടയിലും ഇവിടെ ലണ്ടൻ മലയാളി അസോസിയേഷൻ  എം എ യു കെ യുടെ "കട്ടൻകാപ്പിയും കവിതയും" എന്ന പരിപാടിയിലും, ഓണസദ്യയിലും പങ്കുചേരാനും ലണ്ടനിലെ പ്രഗല്ഭരായ മലയാളികളുടെ ഇടയിൽ  ഇരിക്കാനും പരിചയപ്പെടാനും കഴിഞ്ഞതിൽ എന്റെ ഏറ്റവും വലിയ നന്ദി ബിലാത്തിപട്ടണം എഴുതുന്ന (ബ്ലോഗ്ഗർ, മജീഷ്യൻ) മുരളീമുകുന്ദൻ ചേട്ടനോട് ആണ്. ലണ്ടനിലെ ജോലിതിരക്കുകൾക്കിടയിലും എഴുതാനും, ജാലവിദ്യകൾക്കും  സമയം കണ്ടെത്തുന്നതും ഒരു കഴിവ് തന്നെ. 

അപ്പൊ പ്രാഗിലേക്ക് സ്വാഗതം. ഒന്നാം ഭാഗം വായിക്കാത്തവർ  ദയവായി ഇവിടെ ക്ലിക്കി  അത് വായിച്ചു വേഗം തിരിച്ചു വരിക.

അങ്ങനെ ഞാൻ ഡാൻസിംഗ് കെട്ടിടം കണ്ടു, ചാൾസ് ബ്രിഡ്ജ് കറങ്ങി അല്ലറ ചില്ലറ ഷോപ്പിങ്ങും നടത്തി നേരെ ഓൾഡ്‌ ടൌണ്‍ സ്ക്വയറിലേക്ക് വച്ച് പിടിച്ചു.  

ഇവിടെ ആണ് നമ്മുടെ ലോകപ്രശസ്തമായ ആസ്ട്രോണമിക്കൽ ക്ലോക്ക് സ്ഥിതി ചെയ്യുന്നത്. ഒർലൊയ് എന്ന് പേരുള്ള ഈ ഭീമൻ ക്ലോക്ക് (സാധാരണ ക്ലോക്ക് അല്ല കേട്ടോ, ഒരു ഒന്നൊന്നര ക്ലോക്ക്)  1410 എഡി യിൽ ഹാനസ്  എന്ന ഒരു ക്ലോക്ക് മേക്കെർ ഉണ്ടാക്കിയതാണ് എന്നാണ് വിക്കിപീഡിയ പറയുന്നത്. ഈ ക്ലോക്ക് പലതവണ പണി മുടക്കി, പലതവണ റിപെയർ ചെയ്തു. അതിൽ പിന്നീട് ചേര്ത്ത നാല് രൂപങ്ങൾ  1. കണ്ണാടി നോക്കി സ്വയം ആസ്വദിക്കുന്ന ആൾ ആത്മവിശ്വാസം , പ്രൌഡി  എന്നിവയെയും, 2. പണസഞ്ചിയും ആയിനില്ക്കുന്ന ആൾ പിശുക്ക്, അത്യാഗ്രഹം എന്നിവയെയും  3. അസ്ഥികൂടം മരണത്തെയും 4. പാടുന്ന ആൾ കലാസ്വാദനം, ആഘോഷം എന്നിവയെയും പ്രതിനിധാനം ചെയ്യുന്നു.പിന്നീട് സെന്റ്‌ ജെയിംസ്‌ പള്ളിയുടെ അടുത്തുകൂടി ജെവിഷ് ടൌണിൽ എത്തി. അവിടെ കുറച്ചുനേരം കറങ്ങി നടന്നു നേരെ നാഷണൽ മ്യുസിയം കാണാൻ മാപ്പിൽ നോക്കി നടന്നു.  വഴിക്ക് കണ്ട കലാപരിപാടികളും സുന്ദരികളും പല പ്രാവശ്യം വഴിതെറ്റിച്ചെങ്കിലും എങ്ങനെയോ എത്തേണ്ടഇടത്ത് എത്തി. വഴിയിൽ  എന്നെ ഹഠാദാകര്ഷിച്ച :-) ഒരു നൃത്തം കണ്ടു ഞാൻ അങ്ങനെ നിന്ന് പോയി. നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ  അണിഞ്ഞ പ്രാഗ് സുന്ദരികൾ. ഭലേ ഭേഷ്. പക്ഷെ, നൃത്തം കഴിഞ്ഞതിനു ശേഷം ആണ് ഞാൻ അത് ശ്രദ്ധിച്ചത്,അവരുടെ തൊട്ടു പിന്നിൽ കാണുന്നതാണ്  നാഷണൽ മ്യുസിയം . പക്ഷെ നൃത്തം ആസ്വദിച്ചു മയങ്ങി നിന്ന ഞാൻ അത് കണ്ടില്ല. നേരെ നടന്നു മ്യൂസിയത്തിന് മുൻപിൽ എത്തി. പക്ഷെ, നിര്ഭാഗ്യം എന്ന് പറയട്ടെ, മ്യൂസിയത്തിനു അകത്തു കയറാൻ പറ്റിയില്ല. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്നതിനാൽ, പാരീസിലെ ലൂവ്ര് കണ്ട എനിക്ക് "ഇതൊക്കെ എന്ത് !" എന്ന ഗമയിൽ പുറത്തു വായ്‌ നോക്കി നിന്ന്,  അത്രയും നടന്നത് മുതലാക്കി.  എന്നോടാണോ കളി! 

നാഷണൽ മ്യൂസിയം 

പിന്നീട് നേരെ സ്റ്റേറ്റ് ഓപെറയിലേക്ക് വച്ച് പിടിച്ചു. നാഷണൽ തീയേറ്ററിന്റെ  ഭാഗമായ സ്റ്റേറ്റ് ഒപെര തുടങ്ങിയത് 1992ഇൽ  ആണ്. ചെക്ക്‌ ഭാഷയിലുള്ള ഏതോ പരിപാടി ആയതിനാൽ ടിക്കറ്റ്‌ എടുത്തു കാണാൻ നിന്നില്ല. സമയദാരിദ്ര്യവും ഒരു പ്രശ്നം തന്നെ. 

(സ്റ്റേറ്റ് ഓപെറ)
കുറച്ചു നടന്നു അടുത്ത് കണ്ട സ്റ്റേഷനിൽ  നിന്നും ട്രാം  പിടിച്ചു നേരെ ഉസ്ജെദ് സ്റ്റേഷനിൽ  ഇറങ്ങി. പെട്രിൻ ടവർ കാണുകയാണ് ലഷ്യം. അവിടെ ഇറങ്ങിയ ഉടൻ പെട്രിൻ ടവറിന് സമീപത്തേക്ക് നയിക്കുന്ന ബോർഡുകൾ കണ്ടു. വളരെ പ്രകൃതിരമണീയമായ സ്ഥലം. പൂത്തുലഞ്ഞു നില്ക്കുന്ന മരങ്ങൾ, അതും പല വർണങ്ങളിൽ.  പെട്രിൻ എന്നാ ഒരു മലമുകളിൽ  ആണ് ടവർ സ്ഥിതി ചെയ്യുന്നത്. ടോവേരിനു അടുത്തേക്ക് എത്തണമെങ്കിൽ ടിക്കറ്റ്‌ എടുത്തു  Funicular Railway കയറി  മുകളിൽ  എത്തണം. പിന്നീട് കഷ്ടപ്പെട്ട് 299 പടികൾ കയറണം. അത്രയും കഷ്ടപ്പെടണോ  എന്ന് ആലോചിച്ചു നിൽക്കുമ്പോൾ അതാ ഒരു അമ്മൂമ്മ വടിയും കുത്തിപ്പിടിച്ചു വരിയിൽ  കാത്തു നില്ക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ പോയി ടിക്കറ്റ്‌ എടുത്തു. ഈ ടവർന്റെ പ്രത്യേകത ഇറങ്ങുവാനും കയറുവാനും വെവേറെ പടികൾ ആണെന്നതാണ്. എങ്ങാനും പടി മാറി കയറിയാൽ എതിരെ വരുന്നവരുടെ തെറി കേട്ട് ഒരു വഴിക്കാവും., (അനുഭവം ഗുരു). കയറി ചെല്ലുമ്പോൾ മുകളിൽ  നിന്നുള്ള നഗര ദ്രിശ്യവും, തുറന്നിട്ട ജനാലകളിൽ കൂടി ഒഴുകിവരുന്ന കാറ്റും മനം മയക്കുന്നവ തന്നെ. 


അങ്ങനെ പ്രാഗ് കാഴ്ചകൾ പരമാവധി കണ്ടു കഴിഞ്ഞു അലയാവുന്ന ഇടങ്ങളിലെല്ലാം അലഞ്ഞു വലഞ്ഞു, വീണ്ടും നാഷണൽ മ്യൂസിയത്തിന് സമീപം എത്തി. ചെറിയ ഷോപ്പിംഗ്‌ ഒക്കെ നടത്തികഴിഞ്ഞു  സമയം നോക്കിയപ്പോൾ 11.30pm. പ്രാഗ് അതിന്റെ ദൈവീകമായ, മൃദുലമായ സൌന്ദര്യം മടക്കി പെട്ടിയിൽ വച്ച് വ്യഭിചരിക്കാൻ തുടങ്ങുന്നു രാത്രിയായാൽ. പകൽ  കണ്ട ഒരു നഗരമേ അല്ല രാത്രിയായാൽ! സ്ട്രിപ് ക്ലബ്ബുകളും, കാസിനോകളും, വഴിയിൽ  അങ്ങിങ്ങായി നിരന്നു നില്ക്കുന്ന ശരീര വില്പനക്കാരും , അതിലേറെ പിടിച്ചുപറി ക്കാരും ആയി നഗരം അതിന്റെ വികൃത രൂപം പ്രദര്ശിപ്പിക്കുന്നു. പിന്നെ ഇവിടെ കാണുന്നത് പ്രകൃതി സൌന്ദര്യത്തിന്റെ നൈർമല്യം അല്ല, കമനീയ കെട്ടിടങ്ങളുടെ ചാരുത അല്ല, മറിച്ച്,  പണത്തിനു വേണ്ടി ജീവിക്കുന്നവരും, പണമുണ്ടെങ്കിൽ എന്തും ചെയ്യുന്നവരും കൂടി പ്രാഗ് എന്ന സുന്ദരിയെ ബാലാത്കാരം ചെയ്തു മാനഭംഗം വരുത്തുന്ന കാഴ്ച ആണ്. പകൽകാഴ്ചകളിൽ പ്രാഗ് എന്ന സുന്ദരിയോട്‌ അല്പം ആരാധനയും, സ്നേഹവും തോന്നിയത് കൊണ്ട് "കണ്ണേ മടങ്ങുക" എന്നുരുവിട്ടു കൊണ്ട് രാമനാമം ജപിച്ചു (ഈശ്വരാ! ശക്തി തരൂ) നേരെ തിരിച്ചു ഹോട്ടെലിൽ വന്നു കിടന്നുറങ്ങി. 

ഇനി കാണുമ്പോൾ നമുക്ക് ആംസ്റെർഡാം വിശേഷങ്ങൾ  പങ്കു വക്കാം... അത് വരേയ്ക്കും....മംഗളങ്ങൾ നേര്ന്നുകൊണ്ടു നിർത്തട്ടെ... ശുഭം. 

Monday, August 19, 2013

സ്വപ്നസുന്ദരമാണീ പ്രാഗ്....part- 1

 ലണ്ടൻ എന്ന മഹാ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ബെർലിൻ എന്ന സ്വപ്ന ഭൂമിയിൽ  വന്നെങ്കിലും എവിടെയും പോകാൻ ഒഴിവു കിട്ടിയിരുന്നില്ല. ലണ്ടൻ ഞാൻ ഒരിക്കലും സ്വപ്നം പോലും കാണാത്ത അത്ര സുന്ദരം ആണ്, പക്ഷെ ഒരു സഞ്ചാരി എന്ന നിലയിൽ  ഞാൻ എവിടെയും സഞ്ചരിച്ചിട്ടില്ല. നമ്മുടെ തൃശൂർ കൂടെയോ ഗോവയിലൊ  നടക്കുന്ന ഒരു പ്രതീതി എപ്പോഴും , അതിനു കാരണങ്ങൾ രണ്ടാണ്, ഒന്ന് മുറ്റത്തെ മുല്ലക്ക് മണമില്ല, രണ്ടു,....അത് പിന്നെ പറയാം..

അപ്പൊ പറഞ്ഞു വന്നത് വളച്ചു കെട്ടാതെ പറയാം.. ബെര്ളിനിലെ കാര്യപരിപാടികളിൽ നിന്ന് ഒരു ചെറിയ ഇടവേള ലഭിച്ചപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത് ഒരു യാത്ര പോകുന്നതിനെ പറ്റിയാണ്. അങ്ങനെയാണ് ഞാൻ ജർമ്മനിയിലുള്ള മറ്റു നഗരങ്ങളൽ , അടുത്തുള്ള രാജ്യങ്ങളൽ  എന്നിങ്ങനെ എത്തിപ്പെടാൻ കഴിയാവുന്ന എല്ലാ സ്ഥലങ്ങളെ  പറ്റിയും നമ്മുടെ ഗൂഗിൾ അമ്മച്ചിയോട്‌ ചോദിക്കുന്നത്. അങ്ങനെ തപ്പി തപ്പി ആകെ ആശയക്കുഴപ്പത്തിൽ ഇരിക്കുന്ന നേരത്താണ് എന്റെ ഒരു സീനിയർ മായചേച്ചിയും ഭർത്താവ് ജെസിനും കൂടി പണ്ട് ഹണിമൂണ്‍ പോയ സ്ഥലത്തിന്റെ ചിത്രങ്ങൾ ആകസ്മികമായി നമ്മുടെ മുഖപുസ്തകം, അതേന്നേ..നമ്മുടെ ഫേസ്ബുക്ക്‌ ഏറെ മുന്പിലേക്കു വാരി വിതറിയത്. പ്രാഗ്...വശ്യ സുന്ദരമായ പ്രാഹ....പണ്ട് ഈ ചിത്രങ്ങൾ ആദ്യമായി കണ്ടപ്പോൾ മനസ്സില് ഒരായിരം വര്ണ ചിത്രങ്ങൾ നെയ്തതാണ്. അന്ന് പ്രാഗ് കാണണം എന്നതൊരു ആഗ്രഹം ആയിരുന്നില്ല, ഒരു അത്യാഗ്രഹം ആയിരുന്നു. ഒട്ടകാലണക്കാരന്റെ കീശയിൽ എന്ത് കാണാൻ? സബ്രോം കാ സിന്ദഗി...എന്തോ? അയ്യോ തെറി പറയണ്ട നിർത്തി.
അങ്ങനെ നേരെ വച്ച് പിടിച്ചു പ്രാഗിലേക്ക്. സ്ടുടെന്റ്സ് ഏജൻസി വഴി വളരെ കുറഞ്ഞ വിലക്ക് ടിക്കെടും കിട്ടി. പോകുന്നതിനു മുൻപേ ബ്ലോഗ്ഗർ പഥികൻ  എഴുതിയ പ്രാഗിലേക്ക്  എന്നയാത്രക്കുറിപ്പ്‌ വളരെ ആവേശത്തോടെ ആണ് വായിച്ചു തീര്ത്തത്. ഏറെ കുറെ ഞാനും കണ്ട കാഴ്ചകൾ സമാനമാണെങ്കിലും ആവര്ത്തന വിരസത ഒഴിവാക്കാൻ ശ്രമിക്കാം.

അങ്ങനെ ഒരു വെള്ളിയാഴ്ച വൈകുന്നേരം പ്രാഗിലെ ഫ്ലോറെൻസിൾ  ഉള്ള കോച്ച് സ്റ്റേഷനിൽ  എത്തിച്ചേര്ന്നു. റൂം ബുക്ക്‌ ചെയ്തത് എയർ പോർട്ട്‌നു അടുത്തുള്ള ഒരു ഹോട്ടലിൽ ആയതിനാൽ വെറുതെ സിറ്റിയിൽ ഒന്ന് വലം വച്ച് ഹോട്ടലിലേക്ക് വച്ച് പിടിച്ചു.ഫ്ലോറെൻസ്നു അടുത്തുള്ള ഒരു കെട്ടിടത്തിൽ Dějiny – památky – lidé, എന്നെഴുതി വച്ചിരിക്കുന്നത് കണ്ടു . അതിന്റെ അർഥം "ചരിത്രം- ലോകകാഴ്ചകൾ- ജനങ്ങൽ" എന്നാണ്. അങ്ങനെ അവിടെ നിന്നും തിരിച്ചു ടൂറിസ്റ്റ് ഓഫീസിൽ എത്തി പണം മാറുവാനായി വരിയിൽ  നിന്നു. ഒരു യുറോ കൊടുത്താൽ 24 ക്രൌണ്‍ ആണ് കിട്ടുക. പിന്നെ ജർമ്മനിയെ അപേക്ഷിച്ച് പ്രാഗിൽ ജീവിത ചിലവുകളും കുറവാണ്. 80 ക്രൌണ്‍ അല്ലെങ്കിൽ 3 യുറോ കൊടുത്താൽ  അത്യാവശ്യം നല്ല ഭക്ഷണവും ബിയറും കിട്ടും. അങ്ങനെ വരിയില നിൽക്കുമ്പോൾ അത്യാവശ്യം മാന്യനായ ഒരു വ്യക്തി വന്നു ഇവിടെ വിനിമയ നിരക്ക് വളരെ കുറവാണ് ഞാൻ വേണമെങ്കിൽ  നിങ്ങള്ക്ക് ഒരു യുറോക്ക് 35-40 ക്രൌണ്‍ തരാം എന്ന് പറഞ്ഞു. തട്ടിപ്പാണോ എന്ന ഒരു ചിന്ത ഒരു ഭാഗത്തും കൂടുതൽ പണം കിട്ടുമല്ലോ എന്ന ചിന്ത വേറെ വശത്തും നിന്നും കടിപിടി കൂടിയപ്പോൾ ഞാൻ ആകെ ആശയ കുഴപ്പത്തിൽ ആയി. പിന്നെ ആൾ വീണ്ടും നിര്ബന്ധിക്കുന്നത് കണ്ടപ്പോൾ ഒരു പന്തികേടു തോന്നി. പെട്ടെന്ന് രണ്ടു പോലീസ്കാര് ആ വഴിക്ക് വന്നപ്പോൾ അയാൾ അപ്രത്യക്ഷനായി. അപ്പൊ അത് തന്നെ കാര്യം. കള്ള നോട്ട് ആയിരിക്കണം. എന്തായാലും ഞാൻ ഒരു 200 യുറോ കൊടുത്തു നല്ല അസ്സൽ  ക്രൌണ്‍ തന്നെ വാങ്ങി.

 100 ക്രൌണ്‍ നോട്ട്

20 ക്രൌണ്‍ 
അങ്ങനെ ഹോട്ടലിൽ ചെന്ന് ഒന്ന് ഫ്രഷ്‌ ആയി രാത്രി 11 മണിയോടെ കുറച്ചു ദൂരെ ഉള്ള ഒരു പബിൽ പോയി ഭക്ഷണവും പ്രാഗിൽ നിര്മിച്ച ബിയറും കഴിച്ചു. തിരിച്ചെത്തിയപ്പോൾ സമയം രാത്രി 1 മണി. ബെഡ് കണ്ട ഉടനെ വെട്ടിയിട്ട പോലെ കിടക്കാം എന്ന് വിചാരിച്ചു റൂം തുറന്നു അകത്തു കയറി വാതിൽ  അടച്ച ഉടനെ ആരോ വന്നു കതകിൽ തട്ടി. വാതിൽ  തുറന്നു നോക്കിയപ്പോൾ ഒരു കറുത്ത കണ്ണടയും വച്ച് ഒരു അറുപതു വയസ്സുള്ള ചെറുപ്പക്കാരൻ. അടുത്ത റൂമിൽ  താമസിക്കുന്നതാണത്രേ, പരിചയപ്പെടാൻ വന്നതാ. സമയം രാത്രി ഒന്നര! (ഏതോ പഴയ നസീർ  സിനിമയിൽ ടൈപ്പ് റൈറ്റർ ജോലിക്ക് രാത്രി രണ്ടു മണിക്ക് വന്നു വീടിന്റെ കതകിൽ തട്ടി അപ്പൊ തന്നെ ജോലിക്ക് പ്രവേശിച്ചു ടൈപ്പ് ചെയ്യുന്നതു ഓര്മ വന്നു). എന്നാ ശെരി! പരിചയപ്പെടാം. കാനഡയിൽ നിന്ന് പ്രാഗിൽ വന്നു ഇംഗ്ലീഷ് പ്രൊഫസർ ആയി ജോലി ചെയ്യുന്ന ആൾ  ആണ്. പുള്ളി ചില നിർദേശങ്ങൾ തരാൻ വന്നതാണ്. വാതിൽ  ലോക്ക് ചെയ്യാതെ എങ്ങോട്ടും  പോകരുത്, കള്ളന്മാരുടെ ശല്യം ഉണ്ട് എന്നൊക്കെ . പിന്നെ പുള്ളി ഒരു മാപ്പും തന്നു(പാതിരാത്രി വന്നു എന്റെ  ഉറക്കം കളഞ്ഞത് അയാൾ, എന്നിട്ടെനിക്ക്‌ മാപ്പ് തരുന്നോ! ഇതതല്ല ..പ്രാഗിന്റെ മാപ്പ്). എന്തായാലും ആൾ നല്ല മര്യാദക്കാരൻ  ആണ്. അധിക നേരം ബുദ്ധിമുട്ടിച്ചില്ല. 

രാവിലെ നേരത്തെ എഴുന്നേറ്റു എയർ പോർട്ട്‌നു അടുത്തുള്ള സ്റ്റാൻഡിൽ നിന്ന് ബസ്‌ പിടിച്ചു മലോസ്ട്രാന്സ്കാ  (Malostranska) എന്ന സ്റ്റേഷനിൽ പോയി അവിടെ നിന്ന് ട്രാം  പിടിച്ചു പ്രാഗ് കാസിൽ  കാണാൻ പോയി. 

(എയർ പോർട്ടിനു സമീപത്തു നിന്നും മലോസ്ട്രന്സ്ക പോകുന്ന ബസ്‌) )

                           (പ്രാഗിനു പല ദേശങ്ങളിൽ പല പേരുകളാണ്. ജർമ്മനിക്കാർ  പ്രാഹ എന്ന് പറഞ്ഞാണ് കേട്ടിട്ടുള്ളത്).
(മാപ്പിൽ A . മലോസ്ട്രന്സ്ക, അവിടെ നിന്ന് prazky hrad  എന്ന ജങ്ക്ഷൻ വരെ ട്രാമിൽ.) 


                             മലോസ്ട്രന്സ്ക മെട്രോ സ്റ്റേഷൻ
                 (ചില പ്രാഗ് കാസിൽ ദൃശ്യങ്ങൾ)
ഗിന്നെസ് ബുക്കിൽ ലോകത്തിലെ ഏറ്റവും വലിയ പുരാതനമായ കൊട്ടാരം എന്ന ഖ്യാതി നേടിയിട്ടുള്ളതാണ്. ഈ കൊട്ടാരത്തിന്റെ നിര്മിതി ആദ്യമായി തുടങ്ങി വച്ചത് എ.ഡി. 870 ഇൽ  ആണ്. പിന്നീട് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെങ്കിലും ഇന്ന് കാണുന്ന രീതിയിൽ മോഡി പിടിപ്പിച്ചത്  പതിനാലാം നൂറ്റാണ്ടിൽ ചാൾസ് നാലാമൻ ആണ്. പക്ഷെ പതിനാറാം നൂറ്റാണ്ടിൽ കൊട്ടാരത്തിന്റെ പല ഭാഗങ്ങളും കത്തി നശിച്ചു പോയി. 
                             (പ്രാഗ് കാസിലിനു  മുന്നിൽ  നിന്നുള്ള കാഴ്ച)


അങ്ങനെ പ്രാഗ് കാസിൽ സന്ദര്ശിച്ച ശേഷം സെന്റ്‌ നിക്കോളാസ് പള്ളി കാണാം എന്ന് കരുതി തെരുവിലൂടെ താഴോട്ട് നടന്നപ്പോൾ ചെക്ക്‌ റിപബ്ലിക്ലെ പ്രസിദ്ധമായ ട്രെഡെൽനിക്ക് എന്ന പലഹാരം ഉണ്ടാക്കി വില്ക്കുന്ന കട കണ്ടു. ഒന്നിന് 40 ക്രൌണ്‍ ആണ് വില. മോശമില്ല, ഒന്ന് വാങ്ങി കഴിച്ചു. മാവു കുഴച്ചു ഒരു ഇരുമ്പ് ദണ്ടിൽ ചുറ്റി പഞ്ചസാരയും വാൽനട്ട്, കപ്പലണ്ടി എന്നിവ പൊടിച്ചു ചേർത്ത് ഗ്രിൽ ചെയ്തു ഉണ്ടാക്കുന്നതാണ്. പ്രാഗിൽ വന്നാൽ തീര്ച്ചയായും രുചിച്ചു നോക്കെണ്ടുന്ന ഒരു വിഭവം.


(ട്രെഡൽനിക്ക്/ Trdelník/  Kürtőskalács) (name courtesy:Wikipedia) 
പതിനേഴാം നൂറ്റാണ്ടിൽ നിര്മിച്ച ഈ പള്ളി പ്രാഗ് കാസിലിന്റെ തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും നേരെ പോയത് മലാസ്റ്റാനക്കടുത്തുള്ള വാല്ലസ്റ്റൈൻ കൊട്ടാരത്തിലെക്കാണ് . കൊട്ടാരത്തിന്  ചുറ്റും സുന്ദരമായ ഒരു പൂന്തോട്ടം ഉണ്ട്. പച്ച പുതച്ചു നില്ക്കുന്ന ചെടികളും, പല നിറങ്ങളിലുള്ള തുലിപ് പൂക്കളും, സുന്ദരമായ ശില്പങ്ങളും, പീലി വിടര്ത്തി ആടുന്ന മയിലുകളെ കൂടാതെ അപൂർവമായി മാത്രം കാണുന്ന വെള്ള മയിലുകളും...അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാഴ്ചകളെ കൊണ്ട് മനം മയക്കുന്ന ഒരു പൂന്തോട്ടം. ഒരു പാട് നേരം അവിടെ ചിലവഴിച്ചു. 
പതിനാറാം നൂറ്റാണ്ടിൽ രൂപകല്പന ചെയ്ത ഈ കൊട്ടാരം Albrecht von Wallenstein എന്ന പ്രഭു ആണ് പണിയിച്ചത്(ref : wiki ). ഇവിടെ നിന്ന് നോക്കിയാൽ പ്രാഗ് കാസിലിന്റെ ഗോപുരം കാണാം. 
                                                വാല്ലസ്റ്റൈൻ കൊട്ടാര ദൃശ്യങ്ങൾ 


അങ്ങനെ അവിടെ നിന്നും നടന്നു ചാൾസ് ബ്രിഡ്ജിനു സമീപം എത്തി. വില്ടാവാ നദിക്കു കുറുകെ ചാൾസ് നാലാമൻ പതിമൂന്നാം നൂറ്റാണ്ടിൽ പണിതതാണ് ഈ പാലം. പഴമയുടെ പ്രൗഡി ഉയർത്തി ഈ പാലം പ്രാഗിലെ ഒരു പ്രധാന കാഴ്ചയാണ് . പാലത്തിൽ അങ്ങോളം ഇങ്ങോളം കാണുന്ന പ്രതിമകളും സദാസമയവും ഉത്സവ പ്രതീതി നിലനിരത്തുന്ന സംഗീത നൃത്ത കലാകാരന്മാരും ഈ പാലത്തിലേക്ക് ജനങ്ങളെ എപ്പോഴും  ആകര്ഷിച്ചുകൊണ്ടിരിക്കുന്നു. പാലത്തിന്റെ ഒരു വശത്ത് നിറയെ ചിത്രകാരൻമാരാണ്. കാരികേചെർ, ഗ്രൂപ്പ്‌ ചിത്രങ്ങൾ എന്നിവ അവർ നിമിഷ നേരങ്ങൾക്കുള്ളിൽ വരച്ചു കൊടുക്കുന്നു. വളരെ മിഴിവാര്ന്ന ചിത്രങ്ങൾ. 
                                                 (ചില ചാൾസ് ബ്രിഡ്ജ് കാഴ്ചകൾ )
ചാൾസ് ബ്രിഡ്ജ് കടന്നു വില്ടാവാ നദിയിലെ കാഴ്ചകൾ കണ്ടു നടക്കുമ്പോൾ അങ്ങകലെ ഒരു വളഞ്ഞു ചരിഞ്ഞു നിൽക്കുന്ന ഒരു കെട്ടിടം കണ്ടു, അടുത്തെത്തിയപ്പോൾ ആണ് പിടി കിട്ടിയത്, കുറെ അധികം കേട്ടിരിക്കുന്നു ഈ ഡാൻസിംഗ് കെട്ടിടതിനെപറ്റി . വളരെ അടുത്ത കാലത്ത് മാത്രം പണിത ഈ കെട്ടിടം അതിന്റെ ആകൃതിയുടെ പേരിൽ  പ്രശസ്തമായതാണത്രെ!.

                                                                                                                        (തുടരും...)

Sunday, August 11, 2013

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്


ഹോസ്റ്റലില്‍
എന്റെ അടുത്ത റൂമില്‍ താമസിച്ചിരുന്ന എന്റെ ജൂനിയര്‍ അനില്‍ ...പുളു എന്ന് പറഞ്ഞാല്‍ഇമ്മാതിരി പുളു അടിക്കണ ഒരാളെ എന്റെ ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല.. അവനെ പറ്റി പറഞ്ഞു തുടങ്ങിയാല്‍തീരില്ല..അത്രയ്ക്കുണ്ട് വിശേഷണങ്ങള്‍ ..ജൂനിയര്‍ പെണ്‍ പിള്ളേരെ മാത്രമല്ല സീനിയര്‍ പെണ്ണുങ്ങളെ പോലുംവെറുതെ വിട്ടിരുന്നില്ല അവന്‍ ..ഒരു നിഷ്കളങ്കനായ സ്ത്രീലംപടന്‍ ..മണ്ടന്‍ ..വങ്കന്‍ .. മൊത്തത്തില്‍നോക്കിയാല്‍ ഒരു പാവം.


ആള്‍ ഒരു തമിഴനാണ്. വീട്ടില്‍ പൂത്ത പണമുണ്ട്, അതിന്റെ ഒരംശം പോലും തലച്ചോറ് ഇല്ല.. കോളേജില്‍ ഉളളസകല പെണ്‍ പിള്ളേരുടെയും ബയോഡേറ്റ വിത്ത്‌ മൊബൈല്‍ നമ്പര്‍ അവന്റെ കൈയില്‍ ഉണ്ടാകും..ഇതൊന്നുംഅവര്‍ കൊടുക്കുന്നതല്ല കേട്ടോ. എങ്ങനെ ഒപ്പിക്കുന്നു എന്ന് ചോദിച്ചാല്‍ അവന്‍ പറയും പെണ്‍പിള്ളാരൊക്കെ അവന്റെ ഫാന്‍സ്‌ ആണ് കോപ്പ് ആണ് എന്നൊക്കെ. പക്ഷെ അവന്റെ കള്ളത്തരം കൈയോടെപിടിക്കുന്നത്‌ വരെ ഞങ്ങളും ഇതൊക്കെ വിശ്വസിച്ചിരുന്നു.


അവന്‍ നമ്പര്‍ ഒപ്പിചിരുന്നത് എങ്ങനെയാണെന്ന് കേള്‍ക്കണ്ടേ. ഹോസ്റ്റലില്‍ ഉളള ആണ്‍പിള്ളേരുടെ മൊബൈല്‍പൊക്കും, പല പല ക്ലാസ്സുകളിലുള്ളവരുടെ, പിന്നെ അതിലുള്ള നമ്പര്‍ മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്യും, എന്നിട്ട്ഒന്നുമറിയാത്ത പോലെ മൊബൈല്‍ തിരിച്ചു വക്കും. പിന്നെ അതിലുള്ള നമ്പരുകളിലേക്ക്മിസ്സ്കാല്‍..മെസ്സേജ്..അങ്ങനെയങ്ങനെ..( പെണ്‍ പിള്ളേരുടെ മൊബൈലിലേക്ക് എന്ന് പ്രത്യേകം പറയണ്ടല്ലോ!)

പക്ഷെ ഇത് വരെ അവന്റെ വലയില്‍ ആരും കുടുങ്ങിയിട്ടില്ല..അതിനുള്ള ബുദ്ധിയും വിവരവും ഒന്നും അവനില്ലകേട്ടോ..


പിന്നെന്താ..കഴുത കാമം കരഞ്ഞു തീര്‍ക്കും എന്ന് പറഞ്ഞ പോലെ, അവന്‍ എന്നും ഞങ്ങളുടെ റൂമില്‍ വന്നുഓരോന്ന് പറഞ്ഞോണ്ടിരിക്കും..അവള്‍ എന്നെ വിളിക്കുന്നു, ലവ് യു ന്നു പറയുന്നു. ഫിലിമിനു പോകാന്‍വരാന്‍ പറയുന്നു എന്നൊക്കെ. പക്ഷെ ഓരോ ദിവസവും "അവള്‍ക്കു" പല പല പേരുകള്‍ ആയിരിക്കും.പറഞ്ഞു പറഞ്ഞു യുനിവേര്‍സിടിയിലുള്ള പെണ്‍പിള്ളേര്‍ മുഴുവന്‍ അവന്റെ പിന്നാലെ നടക്കുന്നു എന്ന ഒരുലൈന്‍ . ഇതെല്ലാം കേട്ടു കേട്ടു ഞങ്ങള്‍ക്ക് മടുത്തു. മടുത്തൂന്നല്ല, പ്രാന്ത് പിടിച്ചു. ഇങ്ങനേം ഉണ്ടോ ഒരു പുളൂസ്..


ഒരു ദിവസം എന്റെ റൂം മേറ്റ്‌ കൊട്ടണ്ണന്‍ ഒരു പുതിയ ഐഡിയ നമ്പര്‍ എടുത്തു. എസ്ടിഡി കാളിനു ഓഫര്‍ഉണ്ടെന്നു പറഞ്ഞിട്ട് എടുത്തതാ. ഇത് കണ്ടപ്പോള്‍ എന്റെ റൂം മേറ്റ്‌ തൊരപ്പന് ഒരു ഐഡിയ. ഇത് വെച്ച്അനിലിനു ഒരു പണി കൊടുത്താലോ..വാട്ട് അന ഐഡിയ


വാട്ട്‌ ആന്‍ ഐഡിയ തൊരപ്പാ..

അങ്ങനെ ഞങ്ങള്‍ അനിലിനു പണി കൊടുക്കാന്‍ ഒരു പ്ലാന്‍ ഉണ്ടാക്കി..


ആദ്യത്തെ ദിവസം ഒരു മിസ്സ്‌ കാള്‍ ... അതില്‍ വീണില്ലെങ്കില്‍ ഒരു മെസ്സേജ്, അതിലും വീണില്ലെങ്കില്‍ ഏതെങ്കിലുംപെണ്‍പിള്ളേരെ കൊണ്ട് വിളിപ്പിക്കുക. പിന്നെ എല്ലാം പ്ലാന്‍ പടി. പക്ഷെ എങ്ങനെ വീഴാതിരിക്കും? വീഴാന്‍വേണ്ടി കാത്തിരിക്കുകയല്ലേ..ആദ്യത്തെ മിസ്ഡ് കാളില്‍ തന്നെ ആള്‍ ഫ്ലാറ്റ്. പിന്നെ തിരിച്ചു മെസ്സേജ് വന്നുതുടങ്ങി, ഇര കൊത്തുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഫോണ്‍ മാറ്റിവച്ചു ഇരുന്നു.


ആദ്യ മിസ്ഡ് കാള്‍ കിട്ടിയ ശേഷം ഞങ്ങള്‍ക്ക് കിട്ടിയ മെസ്സേജ്കള്‍

മിസ്ഡ് കാള്‍ അറ്റ്‌ 6 :15 PM


1 ) " ഹു ആര്‍ യു" അറ്റ്‌ 6:19 PM. (ഫസ്റ്റ് മെസ്സേജ്, ചൂണ്ടയില്‍ കൊത്തി !)


2) "മേ നോ യുവര്‍ നെയിം" 6:21PM


3) "പ്ലീസ് കാള്‍ ബാക്ക്. അം അനില്‍, അം ഹാന്‍ഡ്‌സം ഗയ് " 6:25PM ( ഹാ...മണ്ടന്‍ !)

"

"

"

25) "മേ നോ യുവര്‍ നെയിം, ആര്‍ യു സുനിത? " അറ്റ്‌ 9:00 PM

"

"

30) "ആര്‍ യു രാജി?" 9:30 PM

31) "ഗുഡ് നൈറ്റ്‌ ഡിയര്‍ ഫ്രണ്ട് " 9:31PM


ഇതിനിടക്ക്‌ കുറെ പ്രാവശ്യം വിളിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ചുമ്മാ ഒരു മിസ്സ്‌ കാള്‍ കൊടുത്തപ്പോള്‍ ഇത്രയുംവിചാരിച്ചില്ല. കരിമീനാണെന്ന് കരുതി ചൂണ്ടയിട്ടപ്പോള്‍ കുടുങ്ങിയത് തിമിങ്കലമോ?

എന്തായാലും ജൂനിയര്‍ കാമദേവന്‍ ഇന്ന് ഉറങ്ങില്ല . അതുറപ്പാ...


പിറ്റേ ദിവസം രാവിലെ അഞ്ചു മണിക്ക് തന്നെ അവന്റെ റൂമില്‍ അലാറം ശബ്ദം കേട്ടു .


കൃത്യം അഞ്ചെ അഞ്ചിന് മൊബൈല്‍ കരഞ്ഞു വിളിച്ചു, മെസ്സേജ് ആണ്.


" ഡിയര്‍ ഫ്രണ്ട്, ഇന്നലെ രാത്രി നിന്നെ ആലോചിച്ചു കിടന്നു ഉറക്കം വന്നില്ല, നിന്റെ ശബ്ദം കേള്‍ക്കാന്‍കൊതിയാവുന്നു. ഞാന്‍ എന്റെ ഹോസ്റ്റല്‍ലെ മറ്റു പിള്ളേരെ പോലെ അല്ല, ദിവസവും 5 മണിക്കേ എണീറ്റ്‌പഠിക്കാന്‍ തുടങ്ങും..etc etc.."

(അതെ! തലയ്ക്കു മീതെ സൂര്യന്‍ വന്നാലും എണീക്കാത്ത ദ്രോഹി ഒരു പെണ്ണ് എന്ന് കേട്ടപ്പോള്‍ കണ്ടോ..ചെറ്റ!)


ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..നല്ല ഒരു മറുപടി അയച്ചു , " അം യുവര്‍ ജൂനിയര്‍ ആന്‍ഡ്‌ അംയുവര്‍ ഫാന്‍ ടൂ. ബൈ യുവേര്‍സ് ഒണ്‍ലി "എസ്" . പിന്നെ അവന്റെ മൊബൈലിനു വിശ്രമം കിട്ടികാണില്ല.എവിടെ നിന്നോ ഒക്കെ ഉളള ഇന്ഗ്ലീഷ് കവിതകള്‍ തിരിച്ചും മറിച്ചും ഇട്ടു അയക്കുന്നു, ഓരോ നിമിഷവുംഎന്തൊക്കെയാ ചെയ്യുന്നേ എന്നയക്കുന്നു..പിന്നെ പത്തു മെസ്സേജ് നു ഒരു റിപ്ലയ് ആണെങ്കിലും പുള്ളിക്ക് ബോറടിഒന്നും ഇല്ല...ഇങ്ങനെ വന്നു കൊണ്ടേ ഇരിക്കും നിര്‍ത്താതെ.


രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പുള്ളിക്കൊരു പ്രൊമോഷന്‍ കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ ഒരുഫ്രണ്ട് റോസിനെ കൊണ്ട് ഞങ്ങള്‍ സംസാരിപ്പിക്കാന്‍ തീരുമാനിച്ചു. ആദ്യം ഒന്ന് വിസംമതിചെങ്കിലും കാര്യങ്ങള്‍പറഞ്ഞഅപ്പോള്‍ അവള്‍ വിളിക്കമെന്നു ഏറ്റു .അന്ന് ഉച്ചക്ക് അവന്റെ ഫോണിലേക്ക് വിളിച്ചു ," ഹെലോ, അം സുസന്‍ , ലവ് യു" എന്ന് പറഞ്ഞ ഉടനെ കട്ട്‌ ചെയ്തു. അവന്റെ ജൂനിയര്‍സിലാര്‍ക്കും സുസന്‍ എന്നപേരില്ല എന്ന് ഉറപ്പാക്കി തന്നെയാണ് പേര് പറഞ്ഞത്.


അന്ന് വൈകീട്ട് അനില്‍ ഞങ്ങളുടെ റൂമില്‍ വന്നു . എന്നിട്ട് പറയുകയാ, രണ്ടു ദിവസമായി ഒരു പെണ്ണ് അവന്റെപുറകെ നടക്കുന്നു, മൈന്‍ഡ് ചെയ്യാതിരുന്നിട്ടും ഒഴിഞ്ഞു പോകുന്നില്ല, സ്വൈര്യം തരുന്നില്ല, എന്നൊക്കെ. പിന്നെസുസന്‍ എന്ന് പേരുള്ള ആരെയെങ്കിലും അറിയുമോ എന്നും.


ഞാനാരാ മോന്‍ . അങ്ങനെ വിട്ടു കൊടുക്കുമോ, സുസന്‍ എന്ന ഒരു കുട്ടിയെ ബാങ്കില്‍ വെച്ച് കണ്ടിട്ടുണ്ടെന്നുംആള്‍ സുന്ദരി ആണെന്നും വച്ചു കാച്ചി. ഓഹ്‌! അവന്റെ മുഖത്ത് ഒരു സൂര്യനുദിച്ച പ്രകാശം. കള്ളന്‍ !


പിന്നെ പല നമ്പരുകളില്‍നിന്നും വിളിക്കാന്‍ നോക്കി അവന്‍ , ഞങ്ങളുണ്ടോ അറ്റന്‍ഡ് ചെയ്യുന്നു! മെസ്സേജ്കളുടെസ്റ്റാന്‍ഡേര്‍ഡ് കൂടി. പക്കാ റൊമാന്‍സ് കവിതകളും, ഡയലോഗ്സും. പുള്ളി ലൈബ്രറിയില്‍ ഒക്കെ കേറാന്‍തുടങ്ങി, എന്തിനാന്നല്ലേ , പുതിയ റൊമാന്‍സ് കവിതകള്‍ വായിക്കാന്‍ , അടിച്ചുമാറ്റാന്‍ . ഇപ്പൊ "101റൊമാന്‍സ് എസ് എം എസ് " എന്നൊരു പുസ്തകം കാണുകയാണെങ്കില്‍ അവന്‍ അത് ആയിരം രൂപകൊടുത്താലും വാങ്ങും. ഹല്ല പിന്നെ.


രണ്ടു ദിവസം കൂടി കഴിഞ്ഞു , കള്ളകാമുകന്റെ പള്ള പൊളിക്കാനുള്ള ദേഷ്യം ഞങ്ങള്‍ക്കെല്ലാര്‍ക്കും .അസൈന്‍മെന്റുകള്‍ക്കും സെമിനാര്‍കള്‍ക്കും ഇടയില്‍ അവനെ കളിപ്പിച്ചു കൊണ്ടിരിക്കാന്‍ സമയമില്ലെന്നായി.ഇതിനകം തന്നെ ഞങ്ങളുടെ കയിലിരിക്കുന്ന മൊബൈല്‍ അവനെ കണ്ട്രോള്‍ ചെയ്യാന്‍ പറ്റുന്ന ഉഗ്രനൊരു റിമോട്ട്ആയിക്കഴിഞ്ഞിരുന്നു. ഇതാണ് പറ്റിയ ടൈം. അവനുള്ള പണി ഞങ്ങളുടെ വക പാര്‍സല്‍ ആയി അവന്റെമൊബൈലിലേക്ക് അന്ന് വൈകീട്ട് മെസ്സേജ് ചെയ്തു.

" ഹായ് ഡിയര്‍ , വാണ്ട്‌ ടു മീറ്റ്‌ യു . ടുമോറോ ആഫ്റ്റര്‍ ക്ലാസ്സ്‌. ഷാര്‍പ് അറ്റ്‌ 4 PM ."

അത് കിട്ടിയ ഉടനെ തുള്ളിച്ചാടിക്കൊണ്ട് ഞങ്ങളുടെ റൂമിലെത്തി. 'അണ്ണാ, അവള്‍ ചെല്ലാന്‍ പറയുന്നു. കാണാന്‍തോന്നുന്നെന്നു. കണ്ടില്ലെങ്കില്‍ മരിച്ചു കളയും എന്ന് പറയുന്നു. '
അതേടാ..മരിക്കും..അതിനിച്ചിരി പുളിക്കും..
"ഓഹ്‌..ചെല്ലെട..പാവം കൊച്ച് . ഒന്ന് ചെന്ന് കാണു, കൂടെ ഞങ്ങളും വരാം "എന്ന് തൊരപ്പന്‍.
"ഹേയ്..ഇല്ലില്ല .എന്നോട് ഒറ്റയ്ക്ക് വരാനാ പറഞ്ഞത് " എന്ന് അവന്റെ മറുപടി കേട്ടു ഞങ്ങള്‍ അന്തം വിട്ടുപരസ്പരം നോക്കി.
"അല്ല അണ്ണാ, ഏതു ഡ്രെസ്സ ഇടണ്ടേ ? എനിക്കേറ്റവും ചേരുന്നത് ഏതാ? "
സര്‍ക്കസിലെ കോമാളി വേഷം, എന്നെകൊണ്ടൊന്നും പറയിക്കല്ലേ, എന്ന് മനസ്സില്‍ വന്നെങ്കിലും അടക്കി.
ഉടനെ തൊരപ്പന്‍ കേറി ഇടപെട്ടു , "നീ അവളോട്‌ ചോദിക്കെടാ .."

ഉടനെ മൊബൈലും എടുത്തോടി, "അണ്ണാ നല്ല ഐഡിയ, അവളോട്‌ ചോദിക്കാം " എന്നും പറഞ്ഞുകൊണ്ട്.

സമയം അവനു കൊടുക്കാനുള്ള അടുത്ത പണിയുടെ പണിപ്പുരയിലായിരുന്നു ഞങ്ങള്‍, അവനോടു ചോപ്പ്പാന്റും, പച്ച ഷര്‍ട്ടും, മഞ്ഞ തൊപ്പിയും ഇട്ടു വരാന്‍ പറഞ്ഞു.
ചുവന്ന പാന്റ് ഇല്ലത്രെ, കടും പച്ച നിറത്തിലുള്ള പാന്റ് ഉണ്ടത്രേ. തൊപ്പി ഉള്ളത് ചുവപ്പാണ്, അപ്പൊ ഡ്രസ്സ്‌കോഡ് തീരുമാനിച്ചു. പച്ച പാന്റും , മഞ്ഞ ഷര്‍ട്ടും, ചുവന്ന തൊപ്പിയും. ഇത് കലക്കും.

പിറ്റേന്ന് രാവിലെ തന്നെ അവന്‍ റൂമില്‍ വന്നു, പക്ഷെ ഡ്രസ്സ്‌ കോഡ് തെറ്റിച്ചിരിക്കുന്നു, വേറെ ഏതോ ഷര്‍ട്ടുംപാന്റും.
തൊരപ്പന്‍ :"ഇതാണോട അവള്‍ക്കു ഇഷ്ടപെട്ട ഡ്രസ്സ്‌? "
അനില്‍: "അല്ല അണ്ണാ, അത് ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ ഇടാം, അപ്പോഴല്ലേ അവള്‍ കാണു."
അപ്പൊ അദ്ദാണ് ..ഇതിനിടയില്‍ ഞാന്‍ പുറത്തിറങ്ങി. അവനോടു മെസ്സേജ് അയച്ചു, " ഡാര്‍ലിംഗ്, ഇന്ന് രാവിലെതന്നെ കാണണം എന്ന് ഒരാഗ്രഹം, ഇന്ന് പോകുമ്പോള്‍ ലൈബ്രറി വഴി പോകണം. ഞാന്‍ ദൂരെ നിന്ന് കണ്ടോളാം.വൈകീട്ട് കണ്ടു സംസാരിക്കാം. , യുവേര്‍സ് ഒണ്‍ലി സുസന്‍ "

ഇത് കിട്ടിയ പാടെ റൂം തുറന്നു അവന്‍ ഓടുന്നത് കണ്ടു. പിന്നെ കാണുമ്പോള്‍ നമ്മുടെ ജൂനിയര്‍ കാമദേവന്‍പക്കാ നാടോടി നൃത്തകരുടെ വേഷത്തില്‍ .
തൊരപ്പനും ഞാനും അടുത്ത് കൂടി, എടാ കൊള്ളാം ല്ലോ. സൂപ്പര്‍ . കലക്കി എന്നൊക്കെ പറഞ്ഞു കാമുകന്ആത്മവിശ്വാസം കൊടുത്തു.

സമയം വൈകീട്ട് നാല് മണി . ഞങ്ങള്‍ ലൈബ്രറിയുടെ ഉള്ളില്‍ പുറത്തു നടക്കുന്ന രംഗങ്ങള്‍ വീക്ഷിക്കാന്‍ പറ്റുന്നവണ്ണം ഒത്തു കൂടി. കൃത്യം 4:01 PM നു നമ്മുടെ കാമുകന്‍ സര്‍ ഹാജര്‍ .
സമയത്ത് ലൈബ്രറി കോമ്പൌണ്ടില്‍ ഭേദപ്പെട്ട തിരക്കുണ്ടാകും, അതും പെണ്‍പിള്ളേര്‍ അധികം. നല്ലകോളാ!!

പ്രതീക്ഷിച്ച പോലെ അവന്റെ മെസ്സേജ് വന്നു. എവിടെയാണെന്ന് ചോദിച്ച്.

"ഞാന്‍ ഒരു മഞ്ഞ ചുരിദാര്‍ ആണ് ഇട്ടിരിക്കുന്നത്."
അതെ സമയം ലൈബ്രറി കോമ്പൌണ്ടില്‍ ആകെ മൊത്തം അഞ്ചു മഞ്ഞ കിളികള്‍ .
ലോട്ട് ഓഫ് ചോയ്സ് ഫോര്‍ അനില്‍ .

അവന്‍ ഓരോരുത്തരുടെയും മുന്‍പില്‍ ചെന്ന്, ചാഞ്ഞും ചെരിഞ്ഞും നോക്കാന്‍ തുടങ്ങി.

ഒരു കുട്ടി അവളുടെ ബോയ്‌ ഫ്രെണ്ടിന്റെ കൂടെ നില്‍ക്കുന്നത് കണ്ടു. അവള്‍ ഇട്ടിരിക്കുന്നതും മഞ്ഞ!! ഉടനടിതൊരപ്പന്‍ എന്റെ കൈയില്‍ നിന്നും മൊബൈല്‍ വാങ്ങി, അവനു മെസ്സേജ് ചെയ്തു. "ഒരു ആണ്‍കുട്ടി എന്നെശല്യം ചെയ്യുന്നു"

അടുത്ത നിമിഷം അവന്‍ പെണ്‍ കുട്ടിയുടെ അടുത്തേക്ക് പായുന്നതും കണ്ടു, ഉടനടി തളര്‍ന്ന തൊട്ടാവാടിപോലെ തിരച്ചു വരുന്നതും കണ്ടു. രണ്ടു പേരും കൂടി നല്ല ചീത്ത പറഞ്ഞു ഓടിപ്പിച്ചിരിക്കുന്നു.

അപ്പോഴാണ് ഞങ്ങളുടെ സീനിയര്‍ അഞ്ജലി ചേച്ചി കുറെ പുസ്തകങ്ങളും കൈയില്‍ പിടിച്ചു മഞ്ഞ ചുരിദാറുംഇട്ടോണ്ട് വരുന്നു. ഇത് കണ്ട ഉടനെ എന്റെ തലയില്‍ അടുത്ത ഐഡിയ. ഉടനടി അത് മെസ്സേജ് ആയി അവന്റെസെല്ലില്‍ എത്തി
" നീ എന്താ മറ്റു പെണ്‍പിള്ളേരെ വായ നോക്കി നില്‍ക്കുന്നത്. ഞാന്‍ പിടിച്ചിരിക്കുന്ന ബുക്സ് ചുമക്കാന്‍ എന്നെസഹായിച്ചൂടെ ?"

സുന്ദരിയായ അഞ്ജലിചേച്ചിയെ കണ്ട ഉടനെ അനിലിന്റെ മനസ്സില്‍ ഒരു "ലഡ്ഡു " പൊട്ടി...
അവന്‍ ആദിവാസികള്‍ അച്ചപ്പം കണ്ടപോലെ ഓടിച്ചെന്നു അഞ്ജലി ചേച്ചിയുടെ ബുക്കില്‍ കേറി പിടിച്ചു.കാര്യം എന്താണെന്നു അറിയാത്ത അഞ്ജലി ചേച്ചി ശെരിക്കും പേടിച്ചു. ഫലമെന്താ ! രണ്ടാമത്തെ "ലഡ്ഡു "പൊട്ടുന്നതിനു മുന്‍പ് അവന്റെ കരണത്ത് ഒന്ന് പൊട്ടി . അടികിട്ടിയതിന്റെ ഞെട്ടലില്‍ അവനും, കളികാര്യമായെന്ന ഷോക്കില്‍ ഞങ്ങളും നിന്നപ്പോള്‍ അഞ്ജലി ചേച്ചി കൂള്‍ ആയി നടന്നു പോയി. അത് കണ്ടു നിന്നമറ്റു ചിലരാകട്ടെ അവന്‍ അഞ്ജലി ചേച്ചിയെ കേറി പിടിച്ചെന്നു കരുതി അവനെ ഓടിച്ചു. അന്ന് അവന്‍ ഓടിയവഴിയില്‍ പുല്ലു മുളച്ചിട്ടില്ല..ഇത് വരേയ്ക്കും. സത്യം..!!

ഇത് ഞങ്ങളാണ് ചെയ്തതെന്ന് അവന്‍ അറിഞ്ഞിട്ടും ഇല്ല. അവന്റെ മനസ്സില്‍ ഇപ്പോഴും സുസന്‍ അവനെവഞ്ചിച്ച പെണ്ണാണ്‌. !അത് കൊണ്ടെന്താ, അടുത്ത സെമെസ്റെര്‍ വരെ ഒരു പെണ്‍കുട്ടിയുടെ പോലും പേര്പറഞ്ഞു അവന്‍ ഞങ്ങളുടെ മുന്‍പില്‍ എന്നല്ല ആരുടെ മുന്‍പിലും ചെന്നിട്ടില്ല.

ഞങ്ങള്‍ പരസ്പസം പറഞ്ഞു "ആന്‍ ഐഡിയ ഹാസ്‌ ചേഞ്ച്‌ഡ് അനില്‍സ് ലൈഫ്"

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails