Monday, December 1, 2014

ആമ്സ്റെര്‍ഡാമിലേക്ക്....

നെതര്‍ലാന്ടിന്റെ തലസ്ഥാനമായ ആമ്സ്റെര്‍ഡാമിലേക്ക് നടത്തിയ യാത്രയില്‍ ഞാന്‍ കണ്ട ചില കാഴ്ചകള്‍ ഇവിടെ കുറിക്കട്ടെ. വളരെ ആധികാരികമായ വിവരങ്ങള്‍ ഒന്നും നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ പറ്റാവുന്ന അത്ര വിവരങ്ങള്‍ ചേര്‍ത്ത് എഴുതാം. 
കൂടുതല്‍ ആധികാരികമായി നമ്മുടെ പ്രിയപ്പെട്ട നിരക്ഷരന്‍ എഴുതിയിട്ടുള്ളത് കൊണ്ട് അതിനു ഞാന്‍ മുതിരുന്നില്ല. 

പിന്നെ എന്റെ ഈ കുഞ്ഞുപോസ്റ്റിനെ അദ്ധേഹത്തിന്റെ യാത്രാവിവരണവുമായി കമ്പയര്‍ ചെയ്യുന്ന അത്ര വിവരക്കേട് ആരും കാട്ടില്ല എന്ന പ്രത്യാശയോടെ, നമുക്ക് ഞാന്‍ കണ്ട ആമ്സ്റെര്‍ഡാമിലേക്ക് സഞ്ചരിക്കാം..  

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നിന്നും രാത്രി നാലു അഞ്ചു ട്രെയിനുകള്‍ മാറി കയറി ആണ് രാവിലെ ആമ്സ്റെര്‍ഡാം സ്റ്റേഷനില്‍ എത്തിയത്. ജര്‍മ്മനിയിലെ തന്നെ കീലില്‍ നിന്നും എന്റെ ഒരു സുഹൃത്ത് ജെന്‍സെന്‍ മുന്നേ തീരുമാനിച്ച പ്രകാരം ആമ്സ്റെര്‍ഡാം സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. പെട്ടെന്ന് തീരുമാനിച്ചു കൈയില്‍ കിട്ടിയ സാധനങ്ങളും എടുത്തു, ഒരു പ്ലാന്നിങ്ങും ഇല്ലാത്ത യാത്ര ആയതിനാല്‍ നേരെ റെയില്‍ വെ സ്റ്റേഷനു സമീപത്തുള്ള ടൂറിസം ഹെല്പ് സെന്ററില്‍ ആണ്. 
ആമ്സ്റെര്‍ഡാം സെന്‍ട്രല്‍ സ്റ്റേഷന്‍ 
സിറ്റിയുടെ ഹൃദയഭാഗത്തുള്ള ആമ്സ്റെര്ഡാം സെന്‍ട്രല്‍ സ്റ്റേഷന്‍ ഏറ്റവും തിരക്കുള്ള വലിയ ഒരു സ്റ്റേഷന്‍ ആണ്. ഏകദേശം രണ്ടര ലക്ഷത്തോളം ആളുകള്‍ ദിനം പ്രതി കടന്നു പോകുന്ന ഈ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് 1889 ഇല്‍ ആണ്. 

ട്രാമുകളിലും ബസുകളിലും യാത്ര ചെയ്യാനുള്ള "I AMSTERDAM" കാര്‍ഡും, മാപ്പുകളും വാങ്ങി നേരെ ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലിലേക്ക് വിട്ടു. കുളിച്ചു ഫ്രഷ്‌ ആയി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാന്‍ എന്ന് ജെന്‍സെന്‍ അഭിപ്രായപെട്ടത് കൊണ്ട് വിശപ്പടക്കി ആദ്യം കണ്ട ബസ്സില്‍ തന്നെ ചാടി കയറി. കാര്‍ഡ്‌ സ്വൈപ്പ് ചെയ്യുന്ന പരിപാടി ആയതു കൊണ്ട് ചോദ്യം പറച്ചിലുകള്‍ ഒന്നും ഉണ്ടായില്ല. 
ഞങ്ങള്‍ ബുക്ക്‌ ചെയ്ത ഹോട്ടല്‍ അമിഗോ യിലേക്കുള്ള വഴി


ഞങ്ങള്‍ ചാടി കയറിയ ബസ് 

ജെന്‍സെന്‍ കയ്യിലുള്ള കാശും കൊടുത്തു അവന്റെ അത്ര സ്മാര്‍ട്ട്‌ അല്ലാത്ത സ്മാര്‍ട്ട്‌ ഫോണ്‍ ഇന്റര്‍നെറ്റ്‌ റീചാര്‍ജ് ചെയ്തിരുന്നു എന്നുള്ള ധൈര്യം കൊണ്ട് അവന്റെ ഫോണിളുള്ള ഗൂഗിള്‍ അമ്മച്ചി സ്ഥലമെത്തി എന്ന് പറയുന്നത് കാത്തു ഞാനും അവനും വഴികാഴ്ചകള്‍ ആസ്വദിച്ചു ഇരുന്നു. പക്ഷെ, ലാസ്റ്റ് സ്റ്റോപ്പ്‌ എത്തി, എന്താ ഇറങ്ങാത്തേ എന്ന് ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ആണ് ഞങ്ങള്‍ നേരെ വിപരീത ദിശയില്‍ ആണ് ഇത്ര നേരം സഞ്ചരിച്ചത് എന്ന് മനസ്സിലായത്‌. അവന്റെ പാട്ടഫോണിനെയും ഗൂഗിള്‍ അമ്മച്ചിയും ശപിച്ചു കൊണ്ട് ഡ്രൈവറുടെ കാലു പിടിച്ചപ്പോള്‍ അതെ ബസില്‍ തിരിച്ചു സെന്‍ട്രലില്‍ എത്താനുള്ള അനുമതി തന്നു, പൈസ പോയില്ല.ഭാഗ്യം.  
അങ്ങനെ തിരിച്ചെത്തി മുയിടെര്‍പോര്‍ട്ട്‌ (Muiderport) പോകാന്‍ ഉള്ള ബസ്‌ കയറി. അമിഗോ ബട്ജെറ്റ് ഹോട്ടല്‍ എത്താന്‍ പിന്നെയും മുയിടെര്‍പോര്‍ട്ടില്‍ നിന്ന് 5 മിനിറ്റ് നടക്കണം, ലിന്നയസ്സ്ട്രാറ്റ് ഓവര്‍ബ്രിഡ്ജ് കടന്നു ഇത്തിരി നടന്നപ്പോള്‍ ഹോട്ടല്‍ എത്തി. റൂം കീ വാങ്ങി ഡോര്‍മിറ്ററിയില്‍ ചെന്നപ്പോള്‍ നിറയെ പെണ്ണുങ്ങള്‍, സോറി റൂം തെറ്റി എന്ന് പറഞ്ഞു ഇറങ്ങി റിസപ്ഷനില്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു അത് തന്നെയാ റൂം എന്ന്. 6 പെണ്ണുങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന 8 ബെഡ് ഡോര്‍മിറ്ററിയില്‍ മൂലയ്ക്ക് രണ്ടു ബെഡ് കൂടി ഉണ്ടത്രേ!. ഈശ്വരാ, ഞങ്ങളെ കാത്തോളണേ (കണ്ട്രോള്‍!!) എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഫ്രഷ്‌ ആയി പുറത്തിറങ്ങി. ബട്ജെറ്റ് ഹോട്ടല്‍ ആയതു കൊണ്ട് തന്നെ ഇടുങ്ങിയ ഇടനാഴികളുള്ള ഒരു കൊച്ചു ഹോട്ടല്‍ ആയിരുന്നു അത്. ചുവപ്പ് പരവതാനി വിരിച്ച ഇടനാഴികളില്‍ മാരിഹുവാന വലിച്ചു ലഹരിയില്‍ ആറാടുന്ന കുറച്ചു പേര്‍ ഒരു സ്ഥിരകാഴ്ച ആണ്. 

ഹോട്ടലിലെ വീതികുറഞ്ഞ ഗോവണികള്‍
എന്തെങ്കിലും നന്നായി തന്നെ വിഴുങ്ങാം എന്ന ആഗ്രഹത്തോടെ സ്ട്രീറ്റ് മുഴുവന്‍ നടന്നെങ്കിലും നല്ല ഒരു പ്രാതല്‍ ആയി കഴിക്കാവുന്ന ഒന്നും കണ്ണില്‍ പെട്ടില്ല. പിന്നെ ചേരയെ തിന്നുന്ന നാട്ടില്‍ കിട്ടിയാല്‍ നടുകഷണം തന്നെ കഴിക്കണം എന്ന പ്രമാണം വച്ചു ഉയിട്സ്മിട്ടെര്‍ (uitsmijter) എന്ന ഒരു സാധനം കണ്ണും പൂട്ടി ഓര്‍ഡര്‍ ചെയ്തു. കൊണ്ട് വന്നപ്പോള്‍ എന്താ! ഡച്ച് ബ്രെഡും, ബുള്‍സെയും , ഹാം സ്ലൈസും. നല്ല ടേസ്റ്റ് ഉള്ളതുകൊണ്ടോ, അതിലേറെ വിശപ്പുള്ളത് കൊണ്ടോ, ഒന്ന് കൂടെ ഓര്‍ഡര്‍ ചെയ്യാന്‍ ഒരു മടിയും കാണിച്ചില്ല. പിന്നീട് യോഗർട്ടിൽ പഴങ്ങൾ ഇട്ടു തണുപ്പിച്ച ഹാങ്ങോപ്പ് എന്ന ഡ്രിങ്ക് ഓർഡർ ചെയ്തു. ആദ്യമായിട്ടാണ് അങ്ങനെ ഒരു ഡ്രിങ്ക് കാണുന്നത്, വയറിനു വേറെ പ്രശ്നങ്ങള ഒന്നും ഉണ്ടാവല്ലേ എന്ന് പ്രാര്തിച്ചു കുടിച്ചു..സത്യം പറയാമല്ലോ, അസാമാന്യ ടേസ്റ്റ് ആയിരുന്നു ... 

                                            ഉയിട്സ്മിട്ടെര്‍ (uitsmijter) ©K. Engelbrecht

                                                                    ഹാങ്ങോപ്പ്  © E. Schelkers
പിന്നെ നേരത്തെ കിട്ടിയ മാപ്പുകളും, നേരത്തെ കൈയിലുള്ള വിവരമില്ലായ്മയും കൊണ്ട് നാട് തെണ്ടാനിറങ്ങി. അപ്പൊ നമുക്ക് അടുത്ത ലക്കത്തിൽ ബോട്ട് യാത്രയും, റെഡ് സ്ട്രീറ്റ് യാത്രയും ഒക്കെ പോവാം ...അപ്പൊ പിന്നെ കാണാം...           

നിരക്ഷരന്‍റെ യാത്രകള്‍ ഇവിടെ വായിക്കാം 
4. തീരാവേദനയായി ഒരു പെണ്‍കുട്ടി  

(തുടരും)

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails