Wednesday, June 22, 2016

ഓർമയിൽ ചില കുസൃതികൾ 2

പുറനാട്ടുകര ശ്രീരാമകൃഷ്ണ സ്കൂൾ  എന്റെ ജീവിതത്തിൽ  ഒരിക്കലും മറക്കാൻ  കഴിയാത്ത പല മധുരിക്കുന്നതും കയ്പേറിയതും ആയ സ്മരണകളുടെ ഉറവിടം ആണ്. ഒന്നാം ക്ളാസ്  മുതൽ  + 2 വരെ ഞാൻ  സ്കൂളിൽ  നിന്ന് പഠിച്ചത് പാഠ ഭാഗങ്ങളേക്കാൾ  സ്നേഹം, മതേതരത്വം , സാഹോദര്യം എന്നിവയ്ക്ക് ജീവിതത്തിൽ  ഉള്ള പങ്കു തന്നെ ആയിരുന്നു. സത്യം പറയാമല്ലൊ , മതം എന്നുള്ളത് ഒരു തരം  തിരിവായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. സാംസ്കാരിക തലത്തിൽ  ഏറെ മുന്നിട്ടു നിന്നിരുന്ന / നില്ക്കുന്ന ഞങ്ങളുടെ അടാട്ട് പഞ്ചായത്ത് ഏതൊരു  പ്രധാന ചടങ്ങിനും വിവിധ മതാചാര്യന്മാർ  കൈകോര്ത്തു വേദി പങ്കിടുന്ന, മതത്തെ പറ്റി  യാതൊന്നും പറയാതെ, സാമൂഹ്യനന്മയെ പറ്റി  മാത്രം പ്രസംഗിക്കുന്ന ഒരുപാട് വേദികള്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.. .

 ഈ ഒരു പ്രവണത പുതുതലമുറയെ ജീവിതത്തിന്റെ ഒരുപാട് നന്മകൾ  പഠിപ്പിച്ചിട്ടുണ്ട്, എന്റെ ചെറുപ്പകാലത്ത് ഞാൻ  കണ്ടിട്ടുള്ള ഓരോ മുഖങ്ങളിലും ആ നന്മയുടെ വിസ്ഫുരണങ്ങള് ഞാന് ദര്ശിച്ചിട്ടുണ്ട് . 
ഒരുപക്ഷെ, പുറനാട്ടുകര സ്കൂള് വിദ്യാഭ്യാസം ഞങ്ങള് നാട്ടുകാരില് വളര്ത്തിയ ഒരു നന്മ, അതാണ്  ഞങ്ങളെ മറ്റുള്ളവരിൽ  നിന്ന് വ്യത്യസ്തരാക്കുന്നത്. ഒരിക്കലും ഓണം, വിഷു ഹിന്ദുക്കളുടെ ആണെന്നോ,ക്രിസ്ത്മസ്ക്രിസ്ത്യാനികളുടെ ആണെന്നോ റംസാൻ  മുസ്ലിംകളുടെ മാത്രം ആണെന്നോ ആരും ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. ഓരോ ഉത്സവങ്ങളും നാടിന്റെ ഉത്സവങ്ങൾ  ആയിരുന്നു. അങ്ങനെ ഞങ്ങൾ  അടാട്ട് ദേശക്കാർ  ഒരുപാട് ആഘോഷിച്ചിട്ടുള്ള , ഇപ്പോള് നാമമാത്രമായ ഒരു ആഘോഷമാണ്  "പോത്തോട്ടം ". ഉടലക്കാവ് അമ്പലത്തിൽ  ഉത്സവത്തിന് പറ വയ്ക്കുന്ന ക്രിസ്ത്യന് വീടുകളും, പള്ളി പെരുന്നാളിന് അമ്പു / ബാന്ഡ് സംഗം സ്വാഗതം ചെയ്യുന്ന ഹിന്ദുമുസ്ലിം വീടുകളും ഞങ്ങളുടെ നാട്ടിൽ  സർവസാധാരാണമാണെന്നു ഒരല്പം അഹങ്കാരത്തോടെ അതിലേറെ അഭിമാനത്തോടെ  മറ്റുള്ള നാടുകളില് പോയി പറയുവാൻ  എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. 

പറഞ്ഞു പറഞ്ഞു ഫോറെസ്റ്റ് കയറിയോ? അല്ലെങ്കിലും എന്റെ സ്കൂൾ  , നാട് എന്നിവയെ വർണിക്കാൻ  തുടങ്ങിയാൽ  ഞാൻ  നിർത്തില്ല . 
അപ്പൊ, സംഭവം നടക്കുന്നത് നമ്മുടെ പുറനാട്ടുകര സ്കൂളിൽ  വച്ചാണ്. ഞാൻ  ഒമ്പതാം ക്ളാസ്സില്  പഠിക്കുന്ന സമയം. ദിനേശൻ  മാഷ് ആണ് അന്നത്തെ എന്റെ ക്ളാസ്  ടീച്ചർ  . ഒരു സത്യം പറഞ്ഞാല് കളി ആക്കരുത്, ആന്നു  ഞാൻ  ആയിരുന്നു ക്ളാസ് ലീഡർ  . അന്ന് ഞങ്ങളുടെ സ്കൂളിൽ  നേരം വൈകി വരുന്നവരുടെയും ബഹളം ഉണ്ടാക്കുന്നവരുടെയും പ്രധാന ശത്രു ഓരോ ക്ളാസ്സിലെയും ക്ളാസ്  ലീഡര്മാർ  ആയിരുന്നു, എന്തെന്നാൽ  ഇത്തരക്കാരുടെ പേര് എഴുതി മാഷേ കാണിച്ചു അടി മേടിച്ചു കൊടുക്കണ്ട ചുമതല ലീഡര്ക്കായിരുന്നു.
കൈക്കൂലിയുടെ വില മനസ്സിലാക്കിയ സമയം ആയിരുന്നു ആ കാലം. പേര് ലിസ്റ്റിൽ  നിന്ന് വെട്ടുന്നതിനു പ്രത്യേകം കൈക്കൂലി ചോക്ലേറ്റ് ആയും ഞങ്ങൾ  "നേബിള് " എന്ന് വിളിക്കുന്ന നെയിം സ്ളിപ്പ്  ആയും യഥേഷ്ടം കിട്ടിക്കൊണ്ടിരുന്നു. ഒരു അടി ഒഴിവാക്കാൻ  ആരാ ആഗ്രഹിക്കാതിരിക്കുക ! 
ഞാൻ അന്ന് ക്ലാസ് ലീഡർ ആണ്, കൂടുതൽ മാർക്ക് കിട്ടുന്നതു കൊണ്ട് മാത്രം ലീഡർ ആയി പോയ ഹത ഭാഗ്യൻ, കൂടുതൽ മാർക്ക് കിട്ടുന്നത് ഭയങ്കര ബുദ്ധി ആയതുകൊണ്ടൊന്നും അല്ല, എന്റെ ക്ലാസ്സ് ഡിവിഷൻ ഇ അതായത് ഉള്ള മണ്ടന്മാരെ മുഴുവൻ തള്ളുന്ന ഒരു ക്ലാസ് ആയിരുന്നു. നമ്മുടെ കഥയിൽ സഹനായകൻ സലിം കുമാറും അജു വർഗീസും ഒക്കെ തിരക്കിൽ ആയതു കൊണ്ട് ഞാൻ തന്നെ ആണ്, നായകൻ എന്റെ അനിയനും.
എന്റെ അനിയൻ അന്ന് മൂന്നാം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു, അന്ന് കിറ്റ് കാറ്റ് ചോക്ലേറ്റ് കടകളിൽ സുലഭമായി വന്നു കൊണ്ടിരുന്ന കാലം ആണ്, അനിയൻ ആണെങ്കിൽ അന്ന് ഭയങ്കര ആക്രാന്തവും!
ഈ ചോക്ലേറ്റ് കിട്ടുന്ന കടയുടെ മുന്നിൽ എത്തിയ ഉടൻ അവൻ വെള്ളം കണ്ട കുതിരയെ പോലെ സഡൻ ബ്രേക്ക് ഇട്ടു നിൽക്കും, പിന്നെ റോഡ് സൈഡിൽ അത്യാഗ്രഹം മൂത്തു സത്യാഗ്രഹം ഇരിക്കും, കിറ്റ്കാറ്റ്  കിട്ടാതെ അവിടുന്ന് അനങ്ങില്ല എന്നതാണ് പ്രധാന മുദ്രാവാക്യം. ഇതൊക്കെ വീട്ടിൽ റിപ്പോർട്ട് ചെയ്തു അവനു കിട്ടുന്ന അടി ഷെയർ ചെയ്തില്ലെങ്കിലും ആ വകയിൽ കിട്ടുന്ന ചോക്ലേറ്റ് ഭൂരിഭാഗവും എത്തിയിരുന്നത് എന്റെ വയറ്റിൽ ആണെന്നത് വേറെ ഒരു കാര്യം.
അങ്ങനെ ഇരിക്കെ എനിക്ക് ഒരു സൈക്കിൾ കിട്ടി, ചാച്ചൻ സ്കൂട്ടർ വാങ്ങിയതു പ്രമാണിച്ചു പഴയ സൈക്കിൾ എനിക്ക് തീറെഴുതി തന്നതാണ്, അന്ന് ചാച്ചൻ ചോദിച്ചു, " ഡാ നിനക്ക് സന്തോഷമായോ?" , ഞാൻ പറഞ്ഞു എനിക്ക് സ്കൂട്ടർ മതിയായിരുന്നു എന്ന്, അന്ന് ചാച്ചൻ സ്കൂട്ടറും കൊണ്ട് സ്കൂട്ടായി.
ആ സമയത്തു അനിയനെയും വച്ച് സൈക്കിളിൽ പുറനാട്ടുകര പള്ളി കയറ്റം ചവിട്ടി കയറ്റുക ആയിരുന്നു എന്റെ അക്കാലത്തെ ഏറ്റവും വലിയ ഡെയിലി അച്ചീവ്മെമെന്റ്! 
മുൻപ് പറഞ്ഞ പോലെ ഞാൻ ക്ലാസ് ലീഡർ ആയിരുന്നു എങ്കിലും നേരത്തെ ക്ലാസ്സിൽ എത്തുന്നത് ഒക്കെ വല്യ പാടുള്ള കാര്യം ആയിരുന്നു. വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങുമെങ്കിലും ലോകകാര്യങ്ങൾ ഒക്കെ അന്വേഷിച്ചു സ്കൂളിൽ എത്തുമ്പോൾ നല്ല സമയം ആകുമായിരുന്നു.  ഒമ്പതിൽ ക്ലാസ് ടീച്ചർ അന്ന് ദിനേശൻ മാഷ് ആയിരുന്നു. സർ ഭയങ്കര സുന്ദരൻ ആയിരുന്നെങ്കിലും പിള്ളേർക്കൊക്കെ ആളെ നല്ല പേടി ആയിരുന്നു. (എനിക്കും) ;) 
അന്ന് നേരം വൈകി എത്തിയപ്പോൾ ദിനേശൻ മാഷ് പിടിച്ചു, ഒരു ചെറിയ നുണ പറഞ്ഞു രക്ഷപെടാൻ നോക്കിയ ഞാൻ ശെരിക്കും പെട്ട്, സൈക്കിൾ പഞ്ചർ ആയെന്നു പറഞ്ഞ ഉടനെ പറഞ്ഞു സാക്ഷിയെ ഹാജർ ആക്കാൻ, അനിയനെ വിളിച്ചു വരാൻ ഓർഡർ ആയി, ഞാൻ വിറച്ചു കൊണ്ട് അവന്റെ ക്ലാസ്സിൽ പോയി അവനെ വിളിച്ചു. അവൻ ആണെങ്കിൽ ചേട്ടൻ കാരണം ലേറ്റ് ആയെന്നു പറഞ്ഞു എസ്സ്ക്കേപ് ആയി ഇരിക്കുകയാണ്. ഞാൻ അവനെ പറഞ്ഞു പഠിപ്പിച്ചു പഞ്ചർ ആയെന്നു പറയാൻ, എനിക്ക് അന്നേ ശിക്കാരി ശംബുവും, മായാവിയും വായിക്കുന്നത് കൊണ്ട് ഭയങ്കര ബുദ്ധി ആയിരുന്നു. ഞാൻ അവനെ ഫ്രണ്ട് ടയർ ആണ് പഞ്ചർ ആയതെന്ന് പറയാൻ പ്രത്യേകം പഠിപ്പിച്ചു, 
ദിനേശൻ മാഷെ കണ്ട ഉടൻ എന്റെ അനിയന്റെ ഗ്യാസ് ഒക്കെ പോയെന്നു എനിക്ക് മനസ്സിലായി, എന്നാലും അവൻ കട്ടക്ക് പിടിച്ചു നിന്നു, പക്ഷെ ഒരു കുഴപ്പം ഈ ഫ്രണ്ട് ടയർ പിന്നിൽ ആണോ മുന്നിൽ ആണോ എന്ന് ഒരു ചെറിയ സംശയം! അവൻ കുളമാക്കും എന്ന് തോന്നിയ ഉടൻ ഞാൻ ഒരു കരച്ചിൽ അങ്ങ് കാച്ചി, പാവം എന്റെ അനിയനെ കാരയിക്കല്ലേ എന്ന്, അത് കണ്ടു അവന്റെ ചിരി! ചിരിക്കല്ലേ ചിരിക്കല്ലേ എന്ന് കണ്ണടച്ച് കാണിച്ചപ്പോൾ ചിരി കൂടി, എന്തായാലും മാഷ് അവനെയും കൊണ്ട് പുറത്തു പോയി, പ്യൂൺനെ വിളിച്ചു അവനെ ക്ലാസ്സിൽ എത്തിക്കാൻ പറഞ്ഞു.
നാടകം വിജയിച്ചു രക്ഷപ്പെട്ടതിന്റെ സന്തോഷത്തിൽ ഞാൻ ചെന്നിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ മാഷ് എന്നോട് ഒരു കാര്യം പറഞ്ഞു, അത് കേട്ട് ഞാൻ ഞെട്ടി, ഭാഗ്യത്തിന് അന്ന് അടി കിട്ടിയില്ല, എന്താണെന്നോ കാര്യം!
പേടിപ്പിച്ചിട്ടും, ദേഷ്യപ്പെട്ടിട്ടും കീഴടങ്ങാതെ ധീരനായ അനിയൻ ഒരു ചോക്ലേറ്റ് തരാം എന്ന പ്രലോഭനത്തിൽ സ്വന്തം ചേട്ടനെ ഒറ്റു കൊടുത്തിരിക്കുന്നു, ചോക്ലേറ്റ് വാങ്ങിത്തരാം എന്ന് പറഞ്ഞ ഉടൻ ചേട്ടൻ ഇന്ന് രാവിലെ  വല്യ ചേട്ടന്മാരുടെ കൂടെ മീൻ പിടിക്കാൻ പോയതാണെന്ന സത്യം അവൻ തുറന്നു പറഞ്ഞു! 

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails