പ്രാഗിനെ പറ്റി ഒന്നാം ഭാഗം എഴുതി പബ്ലിഷ് ചെയ്ത ഉടനെ പണിതിരക്കുകൾ അധികമായതിനാൽ ഈ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആയില്ല. രണ്ടാം ഭാഗം എഴുതി മുഴുവനാക്കണം എന്ന് വിചാരിക്കാൻ തുടങ്ങീട്ടു ഇന്നാണ്(21-9-2013) ഇത്തിരി സമയം കിട്ടിയത്. പറ്റിയാൽ ഇന്ന് തന്നെ പ്രാഗ് വിശേഷങ്ങൾ പറഞ്ഞു തീര്ക്കണം. പക്ഷെ തിരക്കുകൾക്കിടയിലും ഇവിടെ ലണ്ടൻ മലയാളി അസോസിയേഷൻ എം എ യു കെ യുടെ "കട്ടൻകാപ്പിയും കവിതയും" എന്ന പരിപാടിയിലും, ഓണസദ്യയിലും പങ്കുചേരാനും ലണ്ടനിലെ പ്രഗല്ഭരായ മലയാളികളുടെ ഇടയിൽ ഇരിക്കാനും പരിചയപ്പെടാനും കഴിഞ്ഞതിൽ എന്റെ ഏറ്റവും വലിയ നന്ദി ബിലാത്തിപട്ടണം എഴുതുന്ന (ബ്ലോഗ്ഗർ, മജീഷ്യൻ) മുരളീമുകുന്ദൻ ചേട്ടനോട് ആണ്. ലണ്ടനിലെ ജോലിതിരക്കുകൾക്കിടയിലും എഴുതാനും, ജാലവിദ്യകൾക്കും സമയം കണ്ടെത്തുന്നതും ഒരു കഴിവ് തന്നെ.
അപ്പൊ പ്രാഗിലേക്ക് സ്വാഗതം. ഒന്നാം ഭാഗം വായിക്കാത്തവർ ദയവായി ഇവിടെ ക്ലിക്കി അത് വായിച്ചു വേഗം തിരിച്ചു വരിക.
അങ്ങനെ ഞാൻ ഡാൻസിംഗ് കെട്ടിടം കണ്ടു, ചാൾസ് ബ്രിഡ്ജ് കറങ്ങി അല്ലറ ചില്ലറ ഷോപ്പിങ്ങും നടത്തി നേരെ ഓൾഡ് ടൌണ്‍ സ്ക്വയറിലേക്ക് വച്ച് പിടിച്ചു.
പിന്നീട് സെന്റ് ജെയിംസ് പള്ളിയുടെ അടുത്തുകൂടി ജെവിഷ് ടൌണിൽ എത്തി. അവിടെ കുറച്ചുനേരം കറങ്ങി നടന്നു നേരെ നാഷണൽ മ്യുസിയം കാണാൻ മാപ്പിൽ നോക്കി നടന്നു. വഴിക്ക് കണ്ട കലാപരിപാടികളും സുന്ദരികളും പല പ്രാവശ്യം വഴിതെറ്റിച്ചെങ്കിലും എങ്ങനെയോ എത്തേണ്ടഇടത്ത് എത്തി.
വഴിയിൽ എന്നെ ഹഠാദാകര്ഷിച്ച :-) ഒരു നൃത്തം കണ്ടു ഞാൻ അങ്ങനെ നിന്ന് പോയി. നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ അണിഞ്ഞ പ്രാഗ് സുന്ദരികൾ. ഭലേ ഭേഷ്. പക്ഷെ, നൃത്തം കഴിഞ്ഞതിനു ശേഷം ആണ് ഞാൻ അത് ശ്രദ്ധിച്ചത്,അവരുടെ തൊട്ടു പിന്നിൽ കാണുന്നതാണ് നാഷണൽ മ്യുസിയം . പക്ഷെ നൃത്തം ആസ്വദിച്ചു മയങ്ങി നിന്ന ഞാൻ അത് കണ്ടില്ല. നേരെ നടന്നു മ്യൂസിയത്തിന് മുൻപിൽ എത്തി. പക്ഷെ, നിര്ഭാഗ്യം എന്ന് പറയട്ടെ, മ്യൂസിയത്തിനു അകത്തു കയറാൻ പറ്റിയില്ല. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്നതിനാൽ, പാരീസിലെ ലൂവ്ര് കണ്ട എനിക്ക് "ഇതൊക്കെ എന്ത് !" എന്ന ഗമയിൽ പുറത്തു വായ് നോക്കി നിന്ന്, അത്രയും നടന്നത് മുതലാക്കി. എന്നോടാണോ കളി!
നാഷണൽ മ്യൂസിയം
പിന്നീട് നേരെ സ്റ്റേറ്റ് ഓപെറയിലേക്ക് വച്ച് പിടിച്ചു. നാഷണൽ തീയേറ്ററിന്റെ ഭാഗമായ സ്റ്റേറ്റ് ഒപെര തുടങ്ങിയത് 1992ഇൽ ആണ്. ചെക്ക് ഭാഷയിലുള്ള ഏതോ പരിപാടി ആയതിനാൽ ടിക്കറ്റ് എടുത്തു കാണാൻ നിന്നില്ല. സമയദാരിദ്ര്യവും ഒരു പ്രശ്നം തന്നെ.
(സ്റ്റേറ്റ് ഓപെറ)
കുറച്ചു നടന്നു അടുത്ത് കണ്ട സ്റ്റേഷനിൽ നിന്നും ട്രാം പിടിച്ചു നേരെ ഉസ്ജെദ് സ്റ്റേഷനിൽ ഇറങ്ങി. പെട്രിൻ ടവർ കാണുകയാണ് ലഷ്യം. അവിടെ ഇറങ്ങിയ ഉടൻ പെട്രിൻ ടവറിന് സമീപത്തേക്ക് നയിക്കുന്ന ബോർഡുകൾ കണ്ടു. വളരെ പ്രകൃതിരമണീയമായ സ്ഥലം. പൂത്തുലഞ്ഞു നില്ക്കുന്ന മരങ്ങൾ, അതും പല വർണങ്ങളിൽ. പെട്രിൻ എന്നാ ഒരു മലമുകളിൽ ആണ് ടവർ സ്ഥിതി ചെയ്യുന്നത്. ടോവേരിനു അടുത്തേക്ക് എത്തണമെങ്കിൽ ടിക്കറ്റ് എടുത്തു Funicular Railway കയറി മുകളിൽ എത്തണം. പിന്നീട് കഷ്ടപ്പെട്ട് 299 പടികൾ കയറണം. അത്രയും കഷ്ടപ്പെടണോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ അതാ ഒരു അമ്മൂമ്മ വടിയും കുത്തിപ്പിടിച്ചു വരിയിൽ കാത്തു നില്ക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ പോയി ടിക്കറ്റ് എടുത്തു. ഈ ടവർന്റെ പ്രത്യേകത ഇറങ്ങുവാനും കയറുവാനും വെവേറെ പടികൾ ആണെന്നതാണ്. എങ്ങാനും പടി മാറി കയറിയാൽ എതിരെ വരുന്നവരുടെ തെറി കേട്ട് ഒരു വഴിക്കാവും., (അനുഭവം ഗുരു). കയറി ചെല്ലുമ്പോൾ മുകളിൽ നിന്നുള്ള നഗര ദ്രിശ്യവും, തുറന്നിട്ട ജനാലകളിൽ കൂടി ഒഴുകിവരുന്ന കാറ്റും മനം മയക്കുന്നവ തന്നെ.
അങ്ങനെ പ്രാഗ് കാഴ്ചകൾ പരമാവധി കണ്ടു കഴിഞ്ഞു അലയാവുന്ന ഇടങ്ങളിലെല്ലാം അലഞ്ഞു വലഞ്ഞു, വീണ്ടും നാഷണൽ മ്യൂസിയത്തിന് സമീപം എത്തി. ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തികഴിഞ്ഞു സമയം നോക്കിയപ്പോൾ 11.30pm. പ്രാഗ് അതിന്റെ ദൈവീകമായ, മൃദുലമായ സൌന്ദര്യം മടക്കി പെട്ടിയിൽ വച്ച് വ്യഭിചരിക്കാൻ തുടങ്ങുന്നു രാത്രിയായാൽ. പകൽ കണ്ട ഒരു നഗരമേ അല്ല രാത്രിയായാൽ! സ്ട്രിപ് ക്ലബ്ബുകളും, കാസിനോകളും, വഴിയിൽ അങ്ങിങ്ങായി നിരന്നു നില്ക്കുന്ന ശരീര വില്പനക്കാരും , അതിലേറെ പിടിച്ചുപറി ക്കാരും ആയി നഗരം അതിന്റെ വികൃത രൂപം പ്രദര്ശിപ്പിക്കുന്നു. പിന്നെ ഇവിടെ കാണുന്നത് പ്രകൃതി സൌന്ദര്യത്തിന്റെ നൈർമല്യം അല്ല, കമനീയ കെട്ടിടങ്ങളുടെ ചാരുത അല്ല, മറിച്ച്, പണത്തിനു വേണ്ടി ജീവിക്കുന്നവരും, പണമുണ്ടെങ്കിൽ എന്തും ചെയ്യുന്നവരും കൂടി പ്രാഗ് എന്ന സുന്ദരിയെ ബാലാത്കാരം ചെയ്തു മാനഭംഗം വരുത്തുന്ന കാഴ്ച ആണ്. പകൽകാഴ്ചകളിൽ പ്രാഗ് എന്ന സുന്ദരിയോട് അല്പം ആരാധനയും, സ്നേഹവും തോന്നിയത് കൊണ്ട് "കണ്ണേ മടങ്ങുക" എന്നുരുവിട്ടു കൊണ്ട് രാമനാമം ജപിച്ചു (ഈശ്വരാ! ശക്തി തരൂ) നേരെ തിരിച്ചു ഹോട്ടെലിൽ വന്നു കിടന്നുറങ്ങി.
ഇനി കാണുമ്പോൾ നമുക്ക് ആംസ്റെർഡാം വിശേഷങ്ങൾ പങ്കു വക്കാം... അത് വരേയ്ക്കും....മംഗളങ്ങൾ നേര്ന്നുകൊണ്ടു നിർത്തട്ടെ... ശുഭം.