Wednesday, December 23, 2009

ഓര്‍മയില്‍ ചില കുസൃതികള്‍.

കഴിഞ്ഞ ആഴ്ച മാതൃഭൂമി പത്രം ഓണ്‍ലൈനില്‍ എടുത്തു ചുമ്മാ ഓടിച്ചുവായിക്കുന്നതിനിടയില്‍ ഒരു മുഖം കണ്ടു ഞാന്‍ ശെരിക്കും അമ്പരന്നു പോയി.എന്റെ കസിന്‍ അരുണ്‍ തലയില്‍ സ്ടിട്ച്ചുകളും കെട്ടുകളും ആയി ഒരു സ്റ്റയിലന്‍പോസ്!! ലോ കോളേജില്‍ ചേര്ന്നു എന്ന് വിളിച്ചു പറഞ്ഞിട്ട് അധികം നാളായികാണില്ല, അതിനുള്ളില്‍ വീണ്ടും... നന്നാവും എന്നൊക്കെ വിചാരിച്ചത് വെറുതെആയി..പണ്ടത്തെ ചങ്കരന്‍ തെങ്ങുംമേല്‍ തന്നെ, വിദ്യാര്‍ഥി രാഷ്ട്രീയം കളിച്ചു നടന്നുഡിഗ്രി കളഞ്ഞു..ഇനി ഇതും..!

ഫോണെടുത്ത് കറക്കി വിളിച്ചപ്പോള്‍ ഏതോ ഒരു പെണ്ണ് പറയുന്നു നിങ്ങള്‍വിളിക്കുന്ന ആള്‍ റേഞ്ച് നു പുറത്തു ആണത്രെ..!!..കറക്റ്റ്‌.. ഓള്‍ പറയണത്ശെരിയാ..ഇവനൊക്കെ തലക്കകത്ത് റേഞ്ച് ഉണ്ടേല്‍ ഇമ്മാതിരി പണിക്കുപോകുമോ?? നന്ദി പറയാന്‍ തുടങ്ങുന്നതിനു മുന്പ് അവള്‍ വച്ചുപൊയ്ക്കളഞ്ഞു.ഒരു ബൈ പോലും പറയാതെ."മൈ..മൈ..അല്ലേല്‍വേണ്ട..മണുക്കൂസ്!! ഇവള്ക്കൊന്നും യാതൊരു മാന്നെര്സും ഇല്ലേ?"
പിന്നെ അനിയന്റെ മൊബൈലില്‍ ട്രൈ ചെയ്തപ്പോള്‍ അവന്‍ ഹോസ്പത്രീല്‍ തന്നെഉണ്ട്..
"ഹലോ..ചേട്ടാ..ഇവന്‍ പുലി ആണ് കേട്ടാ ...നല്ല അടിപോളിയായിട്ടു തല്ലു മേടിച്ചുപഞ്ചര്‍ ആയി കെടക്കണ കണ്ടാ ... പത്രക്കാര്‍ മുഴുവന്‍ ഉണ്ട് ഇവിടെ"
അതേടാ..അവന്‍ പുപ്പുലിയാണ്...ഒറ്റ അടിപോലും പുറത്തുപോയികാണില്ല..പിന്നെ! പത്രക്കാര്‍ക്ക് വേറെ പണി ഒന്നും ഇല്ലല്ലോ...എടാ..നീ കുന്തം എടുത്തു അവന്റെ ചെവിയില്‍ വച്ചു കൊട്...
ആ ഫോണ്‍..


"ആ ശെരി ചേട്ടാ, ഒന്ന് ഹോള്‍ഡ്‌ ചെയ്യ്"
.
.
അതിനിടയില്‍ എന്റെ ചിന്ത കുറെ പിന്നിലോട്ടു പോയി..ഞങ്ങള്‍ ജനിച്ച സമയത്ത്..അല്ല..അത്രേം വേണ്ട, കുട്ടികാലത്ത്. കുറെയേറെ വികൃതികളുമായി പാറിപറന്നു നടന്ന കാലം. ഓര്‍മയില്‍ തെളിഞ്ഞു വരുന്നത് എന്റെ അമ്മാവന്റെ വീടിന്റെ "ഗൂഗിള്‍ മാപ്പ്". അവിടെ ഒരു വലിയ കശുമാവിന്‍ തോപ്പിനിടയിലുള്ള തറവാട്. അവിടെ അതാ രണ്ടു കൊച്ച് പിള്ളേര്‍, ഞാനും എന്റെ കസിന്‍ അരുണും...രണ്ടുപേരുടെയും വയസ്സ് പത്തിന് താഴെ. പക്ഷെ കയ്യിലിരിപ്പോ? ഹ്മ്..

പക്ഷെ കുറ്റം പറയാന്‍ പാടില്ല, പണത്തിന്റെ അത്യാവശ്യം വരുമ്പോള്‍ വേറെ എന്ത് ചെയ്യാന്‍, ഞങ്ങളുടെ വീട്ടുകാര്‍ക്ക് ഞങ്ങളെ ഓര്‍ത്തു അഭിമാനിക്കാന്‍ ഇട നല്‍കിയ ഒരു പ്രവൃത്തി, എന്താണെന്നല്ലേ? "സ്വയം പര്യാപ്തത നേടുക", മനസ്സിലായില്ലേ? ചെറു പ്രായത്തിലെ സ്വന്തം ചിലവിനുള്ള പണം ഉണ്ടാക്കുക. ഇനി അതെങ്ങനെ എന്നായിരിക്കും അടുത്ത ചോദ്യം...മം..പറയാം..

ഞങ്ങള്‍ പിള്ളാരുടെ ചിലവുകളെ പറ്റി വീട്ടുകാര്‍ക്കെന്തറിയാം, പോട്ടെ ആര്‍ക്കെങ്കിലും അതിനെ പറ്റി ബോധമുണ്ടോ? ...ഹേ..ഉണ്ടാവില്ല, എന്നാല്‍ കേട്ടോളു, ഐസ് വാങ്ങണം, മിട്ടായി വാങ്ങണം, ഉണ്ട വാങ്ങണം, ബോണ്ട വാങ്ങണം, പമ്പരം വാങ്ങണം, ഗോളി വാങ്ങണം...etc etc ...വീണ്ടും കുറെ etc . ഹോ! എന്തൊക്കെ ഉത്തരവാദിത്വങ്ങള്‍ ആണ് ഈ കൊച്ച് തലയില്‍. വീട്ടില്‍ ചോദിച്ചാല്‍ ഉടനെ വരും "നിങ്ങള്‍ക്കെന്തിനാ പണം?" എന്ന ചോദ്യം. ഇവര്‍ക്കൊക്കെ ഈ വിഷയങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തേണ്ട കാലം കഴിഞ്ഞു. ചെറിയ പിള്ളാര്‍ക്കും "രാഷ്ട്രീയ പാര്‍ടികള്‍" വേണം, സമരം വേണം, മുദ്രാവാക്യം വേണം, മൂത്ത് നരച്ച നെല്ലിക്ക മധുരിക്കുന്ന കാലം ഒക്കെ കഴിഞ്ഞു, ഇപ്പൊ അരിനെല്ലിക്ക ആണ് സ്വാദ്..

ഹോ..പറഞ്ഞു പറഞ്ഞു കാട് കേറിയോ?

കം ടു ദി ടോപ്പിക്ക്, അപ്പൊ ഞങ്ങള്‍ സ്വയം പര്യാപ്തത നേടിയ കാര്യം. പണത്തിന്റെ ആവശ്യം വളരെ ഏറിയതും, പണമില്ലാത്തവന്‍ പിണം എന്ന പഴംചൊല്ലില്‍ നിന്ന് കിട്ടിയ ഉര്‍ജ്ജവും ഉള്‍ക്കൊണ്ടു ഞങ്ങള്‍ ഒരു പദ്ധതി രൂപീകരിച്ചു, വീട്ടിലെ കാശു മാവിന്‍ തോപ്പില്‍ നിന്നും കശുവണ്ടി പെറുക്കി വില്‍ക്കുക. കിട്ടുന്ന വരുമാനത്തില്‍ പാതി അവനും, പാതി എനിക്കും. ഓഹ്‌..ഞങ്ങളെ സമ്മതിക്കണം. ഈ കൊച്ച് പ്രായത്തിലെ സ്വയം പര്യാപ്തത നേടിയില്ലേ..അസൂയക്കാര്‍ മോഷണം എന്നൊക്കെ പറയുമെങ്കിലും, ഞങ്ങള്‍ അത് കാര്യമാക്കാന്‍ പോയില്ല.

അങ്ങനെ ബിസിനസ്‌ പൊടി പൊടിക്കുന്ന സമയം, അല്ലറ ചില്ലറ കളവുകളൊക്കെ ആരും പിടിക്കാതിരുന്നത് കൊണ്ട് ഞങ്ങള്‍ ഒരു ലാര്‍ജ് സ്കെയില്‍ മോഷണം പ്ലാന്‍ ചെയ്തു. മാര്‍ക്കറ്റില്‍ കൊടുക്കാന്‍ വച്ചിരിക്കുന്ന ഒരു ചാക്ക് കശുവണ്ടിയില്‍ നിന്നും കുറച്ചു മോഷ്ടിക്കുക. ഒരു രണ്ടു മൂന്നു കിലോ. അപാര ബുദ്ധിമാന്മാര്‍ ആയതു കൊണ്ട് ഞങ്ങള്‍ അത് വീടിന്റെ തൊട്ടടുത്ത കടയില്‍ തന്നെ വിട്ടു. അമ്പതു രൂപയും വാങ്ങി.

ശനിയുടെ അപഹാരം കൊണ്ടായിരിക്കാം, എന്തെന്നാല്‍ അന്നൊരു ശനിയാഴ്ച ആയിരുന്നു. സംഭവം കയ്യോടെ പിടിക്കപ്പെട്ടു. കുറ്റവാളികളെ രണ്ടിനേം നടുമുറ്റത്ത്‌ ഹാജരാക്കി. വിചാരണ തുടങ്ങി. രണ്ടുപേരും കുറ്റം സമ്മതിക്കുന്നില്ല. രണ്ടു പേരും പരസ്പരം കൈ ചൂണ്ടി നില്‍ക്കുകയാണ്, അവനാണ്, ഞാനല്ല എന്ന് പറഞ്ഞ്. അങ്ങനെ ഒരുവിധം കേസ് ഒതുക്കി, സോറി ഞങ്ങളെ ഒതുക്കി. രണ്ടു പേരെയും ഒരു മുറിയില്‍ പൂട്ടി ഇട്ടു. ഒരുമിച്ചു നിന്നാല്‍ അല്ലെ പ്രശ്നം ഉള്ളൂ..

മുറിയില്‍ കയറിയ ഉടനെ ഞങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികളെ പോലെ സമരം ചെയ്യാന്‍ തുടങ്ങി. നോ രക്ഷ!

ഒരു മണിക്കൂര്‍ അകത്തു കിടന്നത്തെ ഉള്ളൂ , സമര വീര്യം മൊത്തം ചോര്‍ന്നു പോയി. പിന്നെ, പാരതന്ത്ര്യത്തില്‍ രക്ഷപ്പെടുന്നതിനെ പറ്റി കൂലങ്കഷമായി ചര്‍ച്ച തുടങ്ങി, അങ്ങനെ ഒരു ബുദ്ധി തലയില്‍ ഉദിച്ചു. വീട്ടുകാരെ പറ്റിക്കാന്‍ വേണ്ടി ഇടി കൂടുക, എന്ന് പറഞ്ഞാല്‍ ഇടി കൂടുന്നത് പോലെ അഭിനയിക്കുക, അപ്പോള്‍ ഞങ്ങളെ തുറന്നു വിടും. ക്യാ ഐഡിയ സര്‍ജി!!!

അങ്ങനെ ഞങ്ങള്‍ അഭിനയം തുടങ്ങി. ഇടി, പൊരിഞ്ഞ ഇടി! വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി, ഞങ്ങളെ തുറന്നു വിട്ടു, പക്ഷെ, ഇടി നിര്‍ത്തുന്നില്ല. അഭിനയം ഒക്കെ മറന്നു, ഇടി, ഗംഭീരന്‍ ഇടി, കലക്കന്‍ ഇടി... പിന്നെ ആരൊക്കെയോ വന്നു ഞങ്ങളെ പിടിച്ചു മാറ്റി "എന്തിനാ അടി കൂടിയേ?" എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്കും അതിന്റെ ഉത്തരം അറിയില്ലായിരുന്നു!

നോട്ട്:
ബുദ്ധിയുടെ കാര്യം പറഞ്ഞപ്പോഴാ ഞങ്ങളുടെ പണ്ട് നടന്ന ബുദ്ധിപരമായ ഒരു ചര്‍ച്ച ഓര്മ വരുന്നത്. "ഇന്റര്‍പോള്‍" എന്ന് കേട്ടിട്ടില്ലേ? അതെന്താണ് എന്നായിരുന്നു ഞങ്ങള്‍ തമ്മിലുള്ള തര്‍ക്കം,

ഞാന്‍ പറഞ്ഞു, " എടാ ഈ ഇന്റര്‍പോള്‍ എന്ന് പറഞ്ഞാല്‍ , നീ സൌത്ത് പോള്‍ , നോര്‍ത്ത് പോള്‍ എന്നൊക്കെ കേട്ടിട്ടില്ലേ, ഭൂമിയുടെ രണ്ടു വശങ്ങളിലും ഉളള കേന്ദ്രങ്ങള്‍, അപ്പൊ അതിനു ഇടയിലുള്ള കേന്ദ്രമാണ് ഇന്റര്‍പോള്‍" (എങ്ങനെയുണ്ട്!).

അപ്പോള്‍ അവന്‍ പറയുകയാണ്, " ഹേ അതല്ല, അങ്ങനെ ആണെങ്ങില്‍ അതിനെ "സെന്റര്‍പോള്‍" എന്നാണ് പറയേണ്ടത്"

ഓഹ്‌! ശെരിയാണല്ലോ, ഇവന്റെ ഒരു ബുദ്ധി, പിന്നെ അല്ലാതെ എങ്ങനാ, 'മുല്ലപൂമ്പോടി ഏറ്റു കിടക്കും കല്ലിനുമുണ്ടാം സൌരഭ്യം' എന്നാണല്ലോ, എന്റെ കൂടെ നടന്നതിനു മെച്ചം ഉണ്ട്.

അപ്പൊ പിന്നെ ഈ ഇന്റര്‍പോള്‍ എന്താണ്, അല്ല എന്താണ്!

അതിനും വന്നു അവന്റെ മറുപടി, " ഈ ഇന്റര്‍പോള്‍ ഇന്റര്‍പോള്‍ എന്ന് പറയുന്നത് 'പാരസിറ്റമോള്‍, കാല്‍പോള്‍ എന്ന് പറയുന്ന പോലെ ഒരു മരുന്നാണെന്ന്! എങ്ങനെയുണ്ട് ഞങ്ങളുടെ ബുദ്ധി!!!!!
--

Wednesday, November 25, 2009

നിന്നെയും കാത്ത്...

ആയിരം സ്വപ്‌നങ്ങള്‍ ചാലിച്ചോരുക്കിയ
നിറനിലാവില്‍ ഞാന്‍ കാത്തു നില്‍ക്കുമ്പോള്‍,
ആരും കാണാത്ത നൃത്തവും ചെയ്തു നീ
എന്നരുകില്‍ ഇന്ന് വരികയില്ലേ..

ആയിരം ഗാനങ്ങള്‍ കോര്‍ത്തുവക്കാം സഖീ,
നീ വരുമ്പോഴെന്നും പാടുവാനായ്..
എനിക്കായ് മാത്രം പാടുകില്ലേ തോഴീ,
ഞാനെന്റെ തംബുരു മീട്ടുമ്പോള്‍..

നിഴലായ് നിന്‍ രൂപം ഹൃദയത്തില്‍,
മഴയായ് നിന്‍ നാദം മനസ്സിലെന്നും.
രാഗമേതാണെന്നറിയാമോ സഖീ
എന്‍ മനസ്സിന്‍ താളം കേട്ടുവോ നീ..

മനസ്സില്‍ വരച്ചു വരക്കുവാനറിയാത്ത
ഞാനെന്റെ പ്രണയിനീ നിന്റെ രൂപം,
കാണുവാന്‍ കൊതിച്ചു കാണുവാനാകാതെ
തപിച്ചിരുന്നു എന്നും എന്‍ ഹൃദയം...

Wednesday, September 9, 2009

"ഇനി ജനഗണമന...."

അറിയിപ്പ്: കഥയും , അതിലെ കഥാപാത്രങ്ങളും തികച്ചും സന്കല്പികം മാത്രമാന്‍...

"ഒരു പ്രത്യേക സ്വഭാവമാണ് വാഴൂര്‍ സാറിന് , എന്തൊക്കെയാ എങ്ങനോക്കെയ പറയേണ്ടത് എന്ന് അറിയില്ല, അല്ലാണ്ട് പിന്നെ ക്ലാസ്സില്‍ കയറി ഇങ്ങനെ വൃത്ത്തികേടുകളൊക്കെ പറയ്വോ? "എന്റെ ക്ലാസ്സ് മേറ്റ്‌ രാജിയുടെ കംപ്ലൈന്റ്റ്‌ ആണ്. എങ്ങനെ പറയാതിരിക്കും, പെണ്‍പിള്ളേര്‍ ഉളള ക്ലാസ്സാണ് എന്നൊന്നും നോക്കാതെയല്ലേ വച്ചു കാച്ചുന്നത്, എന്താന്നോ? ഞാന്‍ പറയണോ? എന്തോ??

ഹ്മ്മ്..ശരി ശരി..അതേ..ശ്ശ്..ആരോടും പറയല്ലേട്ടോ....ആള്‍ ഒരു പാവം തന്ന്യാ, പക്ഷെ ആളുടെ ജന്മ ശത്രു ആണ് ഞങ്ങളുടെ ഹെഡ് കീഴൂര്‍ സര്‍..."ഹെഡ്നകതോന്നും ഇല്ലാത്ത ഹെഡ്" എന്നാണേ വാഴൂര്‍ ഹെഡ് നെ പ്പറ്റി ഞങ്ങടെ ക്ലാസ്സില്‍ പറയുക, ക്ലാസ്സില്‍ വന്ന ഉടനെ തുടങ്ങും "കത്തി" , കെമിസ്ട്രി ബുക്കിലെ ഒരു ലൈന്‍ വായിച്ചാലായി, ചിലപ്പോള്‍ അതും ഇല്ല..നേരെ ലോക പൊളിറ്റിക്സ്, പരദൂഷണം എന്നീ മേഖലകളിലേക്ക് കടക്കും ക്ലാസ്സ്, എന്തൊക്കെ പറഞ്ഞാലും കറങ്ങിത്തിരിഞ്ഞ്‌ പ്രിന്‍സിപ്പല്‍, ഹെഡ് എന്നിവരിലെക്കെതും..എന്താന്നല്ലേ..ലോകത്ത് നടക്കണ പ്രശ്നങ്ങള്‍ക്കൊക്കെ അവരാണ് കാരണക്കാരത്രേ ...അമ്പട ഭയങ്ങരന്മാരെ ...!! ആഗോള സാമ്പത്തിക പ്രതിസന്ധിക്കും, പന്നിപ്പനിക്കും വരെ കാരണം ഇവരാണത്രേ , ഇതൊന്നും തനിക്കവരോടുള്ള വിദ്വേഷംകൊണ്ടു പറയുന്നതല്ല എന്ന മുന്‍‌കൂര്‍ ജാമ്യവും ഉണ്ടാകും . പാവം വാഴൂര്‍ സര്‍...പിന്നെ നേരത്തെ പറഞ്ഞ വൃത്ത്തികേടിന്റെ കാര്യം..അതെന്താന്നാല്‍, അശ്ലീലം...ഛെ..കുറ്റം പറയരുതല്ലോ..നല്ല ഒന്നാം തരം, അല്ല...മൂന്നാം തരം അശ്ലീലം വച്ചു കാച്ചും പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ഇരിക്കുന്ന ക്ലാസ്സ് മുറിയില്‍ വച്ചു, അത് കേട്ടു നമ്ര മുഖികളായി ഇരിക്കുന്ന ഞങ്ങളുടെ സഹപാഠികളുടെ വിഷമം മാറ്റാനായി ഞങ്ങള്‍ ആണ്‍പിള്ളേര്‍ ഒരു ദിവസം വാഴൂരിനെ പിടിച്ചു വീഴൂരാക്കി...(തല്ലിയോന്നുമില്ലാട്ടോ , വെറുതെ ഒന്നു ഭീഷണിപ്പെടുത്തി..അത്രതന്നെ), ഞങ്ങടെ സാര്‍ ആയോണ്ട് പറയുകയല്ല, പിറ്റേന്ന് തൊട്ടു ആള്‍ നല്ല കുട്ടി ആയി.

അതൊക്കെ പോട്ടെ , ഞാന്‍ പറയാന്‍ വന്നത് പറഞ്ഞിട്ട് വേഗം പോകാം..വേറെ പണി ഉണ്ടേ (ചുമ്മാ)..

ഞങ്ങളുടെ department ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടികള്‍ക്ക് സമ്മാനം നല്കാന്‍ ഒരു മീറ്റിംഗ് ആണ് വേദി. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം അധ്യക്ഷ പ്രസംഗം തുടങ്ങി , ജില്ലയിലെ ഒരു ഊച്ചാളി രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണ് അധ്യക്ഷന്‍ . പ്രസംഗം അങ്ങനെ കത്ത്തിക്കയരുകയാണ്, ഐസ് ക്രീമും, സ്മാര്‍ട്ട് സിടിയുമൊക്കെ ആണ് പ്രധാന വിഷയങ്ങള്‍, പിന്നെ, ആഗോള സാമ്പത്തികമാന്ദ്യം, ആരൊക്കെ എവിടെയൊക്കെ പ്രസംഗിച്ചാലും പറയണ കാര്യം, കേട്ടു കേട്ടു മടുത്തു,

മാന്ദ്യംന്നു പറഞ്ഞിട്ട് ഇവരൊക്കെ ഖജനാവ്‌ കൊള്ളയടിക്കുന്നത്‌ നിര്‍ത്തുന്നുണ്ടോ? പാവപ്പെട്ടവരെപിഴിയുന്നത് കുറക്കുന്നുണ്ടോ? മാന്ദ്യം മൂലം ജോലി പോയവര്‍ക്ക് ജോലി കൊടുക്കുന്നുണ്ടോ? അതുംഇല്ല...പിന്നെ..പ്രസംഗത്തില്‍ എന്തും പറയാമല്ലോ...

ഇടയ്ക്കെപ്പോഴോ
കാരിന്നോ , കൊടിയെരിന്നോഒക്കെ പറയണ കേട്ടു , പിന്നെ കാരിക്കും കൊടിയേരിക്കും സമ്മാനദാന ചടങ്ങുമായി എന്താ ബന്ധം? ഇയ്യാളിച്ചിരി കാട് കേറുന്നില്ലേ എന്ന സംശയം മനസ്സില്‍ വന്നപ്പോള്‍ ആണ്, എന്റെക്ലാസ്സ്മേറ്റ്‌ ജനീഷ് ചെവിയില്‍ പറഞ്ഞതു, കോടിയേരി വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ പോലീസ്സ്റ്റേഷനില്‍ വച്ചു ബോംബ് ഉണ്ടാക്കീട്ടുണ്ടത്രേ..! ഹമ്പട...വിദ്യാര്‍ഥികള്‍ക്ക് നല്ല ബെസ്റ്റ്മാതൃക..കോടിയേരി അങ്കിള്‍ കീ ജയ്...

സ്കൂളിന്റെ പടി സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലെങ്കിലും, തനിക്ക് വിവരമുണ്ടെന്നു ഘോരഘോരംപ്രസംഗിച്ചുകൊണ്ടു തെളിയിക്കുകയാണ് ടിയാന്‍, അങ്ങേരുടെ മുഖഭാവം കണ്ടാല്‍ ഇതൊക്കെ കാശുകൊടുത്തു വിവരമുള്ള ആളുകളെകൊണ്ടു എഴുതിച്ചതാണെന്ന് തോന്നുകയേ ഇല്ല...

പ്രസംഗം കത്തിക്കയറുകയാണ്, ഒരു മണിക്കൂര്‍ കഴിഞ്ഞു ..ആള്‍ നിര്‍ത്തുന്ന ഭാവമില്ല. ബോറടിച്ചുചത്തിരിക്കുമ്പോള്‍ ആണ് വാഴൂര്‍ സര്‍ എഴുന്നേറ്റു അധ്യക്ഷന്ടെ ചെവിയില്‍ എന്തോ പറഞ്ഞതു. വാഴൂരല്ലേ ആള്‍..തെറി വിളിച്ചതായിരിക്കും. ഉടനടി അധ്യക്ഷന്‍ പ്രസംഗം ഉപസംഹരിച്ചു ശോകമൂകനായി സ്റ്റേജില്‍ വന്നിരുന്നു. (പിന്നീട് വാഴൂരിനോട് ചോദിച്ചപ്പോഴല്ലെ കാര്യം പിടികിട്ടിയത്, അങ്ങേരുടെ ചെവിയില്‍ പറഞ്ഞതു എന്താന്ന് വച്ചാല്‍, വേറെ ഒരു പരിപാടി ഉള്ളതുകൊണ്ട്ചാനലുകാര്‍ ആരും വരുന്നില്ലത്രേ)..അപ്പൊ എങ്ങനെയെങ്കിലും ടിവിയില്‍ മുഖം കാണിക്കാനുള്ളതത്രപ്പാടായിരുന്നു കാണിച്ചു കൂട്ടിയതെല്ലാം...അമ്പട ഗള്ളാ ...!!!!

സമ്മാന ദാനമായിരുന്നു അടുത്തത്, സമ്മാനദാനതിന്ടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്‌, മത്സരത്തെ പ്പറ്റി പറഞ്ഞില്ലല്ലോ...മൂന്നു സമ്മാനമാണ് ഓരോ ഇനത്തിനും ഉള്ളത്. ചുരുങ്ങിയത് മൂന്നുപേരെങ്കിലും മത്സരിക്കാന്‍ ഇല്ലെങ്കില്‍ ഇനം യോഗ്യത ഇല്ലാതാകും, ഉദാഹരണത്തിന്, രണ്ടു പേര്‍മാത്രമെ മത്സരിക്കാന്‍ ഉള്ളോ എങ്കില്‍ മത്സരം ക്യാന്‍സല്‍ ആകും. അത്ര തന്നെ..

എന്റെ കൂട്ടുകാരന്‍ അന്റൊനീസ്നു ഓടക്കുഴല്‍ വായിക്കാനുള്ള മത്സരത്തില്‍ പങ്കെടുക്കണംഎന്നാശ...നോക്കിയപ്പോള്‍ മത്സരത്തിനു അവനടക്കം രണ്ടു പേരെ ഉള്ളൂ..ആളെസംഘടിപ്പിക്കണം..എന്താ വഴി? ആളെ തപ്പി നടന്നപ്പോള്‍ ഞാന്‍ ഒരു നിര്‍ദേശം വച്ചു, അത് പ്രകാരംഓടക്കുഴലുമായി വിദൂര ബന്ധം പോലുമില്ലാത്ത ഉറുമീസ് തിരഞ്ഞെടുക്കപ്പെട്ടു. അപാര തൊലിക്കട്ടിക്ക്ഉടമയായ ഉറുമീസ് , സ്റ്റേജില്‍ കയറുന്നതിനു തൊട്ടു മുന്പ് ചോദിച്ച ചോദ്യം കേട്ടു ഞാന്‍ പോലുംഞെട്ടിപ്പോയി. സാധനത്തിന്റെ എവിടെ പിടിച്ചു ഞെക്കിയാലാ ശബ്ദം വരുകാന്നു. ഒടക്കുഴളിന്റെയ്..... ബലേ ഭേഷ്...യെവന്‍ തന്നെ യഥാര്‍ത്ഥ സംഗീത() ജ്നന്‍ ..!

ആദ്യത്തെ രണ്ടു പെര്‍ഫോമന്‍സ് കഴിഞ്ഞ ഉടനെ ഉരുമീസിനെ സ്റെജിലേക്ക് ഉന്തി തള്ളിവിട്ടു..മൈക് കണ്ട ഉടനെ ആദിവാസികള്‍ ഐസ് ക്രീം കണ്ട പോലെ ഒറ്റ കാച്ചാണ്, "കല്യാണിരാഗത്തിലുള്ള ഒരു പാട്ടാണ് ഞാന്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത്, " പാട്ടിന്റെ രണ്ടു വരിമൂളുകയും ചെയ്തു ആശാന്‍.." ചിക ബുക്ക്‌ ചിക ബുക്ക്‌ റയിലെ, കലകിത് പാരിതു സ്റ്യലെ " കൊള്ളാമല്ലോ കല്യാണി രാഗം.!

അങ്ങനെ
വല്യ സ്റ്റൈല്‍ കാണിച്ചു ഓടക്കുഴല്‍ എടുത്തു തുടച്ചു , എന്നിട്ടൊരു ഊതാണ്.....

ഊതുന്ന ശബ്ദമല്ലാതെ ഓടക്കുഴല്‍ കരഞ്ഞില്ല..!!!

കമ്മിറ്റിക്കാരായ ഞങ്ങളൊക്കെ തലയില്‍ മുണ്ടും ഇട്ടു ഓടാന്‍ തയ്യാറെടുത്തു..

ഉറുമീസ് വിടുന്ന ലക്ഷണമില്ല....വീണ്ടും
ശക്തിയായി ഊതി..

പേ
പേ...

പൂച്ച
കരയുന്നതിലും വൃത്തികെട്ട ഒരു അപശബ്ദം.പൂരപ്പറമ്പില്‍ കൊച്ചു പിള്ളേര്‍ ഇതിലും നന്നായി പീപ്പി വിളിക്കുന്നത് കണ്ടിട്ടുണ്ട്.

കാണികള്‍
കൂവാന്‍ തുടങ്ങി, എന്നാലും ഉറുമീസിനൊരു കുലുക്കവും ഇല്ല, അഞ്ചു മിനിറ്റ്‌ പ്രയത്നിച്ചു " ഇതു തനിക്ക് പറ്റിയ പണി അല്ല" എന്ന് മനസ്സിലാക്കി "നന്ദി , നമസ്കാരം " എന്ന് പറഞ്ഞു കൂളായി സ്റ്റേജില്‍നിന്നും ഇറങ്ങി ആശാന്‍..അങ്ങനെ ജീവിതത്തില്‍ മുന്‍പൊരിക്കലും ഓടക്കുഴല്‍ കണ്ടിട്ടില്ലാത്ത ആള്‍മൂന്നാം സമ്മാനം വാങ്ങി ഒടക്കുഴലിസ്ടായി .

അങ്ങനെ സമ്മാന ദാനവും, പ്രസംഗങ്ങളും എല്ലാം കഴിഞ്ഞപ്പോള്‍ ഹെഡ് നു ഒരു ആഗ്രഹം, വാഴൂര്‍തന്നെ തനിക്ക് നന്ദി പറയണംത്രേ..തന്നോടുള്ള വാഴൂരിന്റെ അമര്‍ഷം അറിയാവുന്ന ഹെഡ്‌ വാഴൂരിനൊരു പണി കൊടുക്കാന്‍ വേണ്ടി പറഞ്ഞതാ..എന്താ ചെയ്യാ.."വിനാശ കാലേ വിപരീത ബുദ്ധി..!"

നന്ദി പറയാന്‍ വേണ്ടി വേദിയില്‍ കയറിയ വാഴൂര്‍ സര്‍ എല്ലാരേയും ഞെട്ടിച്ചു കൊണ്ടു വെടിക്കെട്ടുതുടങ്ങി, ഹെഡ്നെയും, പ്രിന്‍സിപ്പലിനെയും പ്രതികളാക്കി ഒരു ഘോര പ്രസംഗം..ഫീസു തട്ടിപ്പും , അഡ്മിഷന്‍ തട്ടിപ്പും, എല്ലാം വിഷയങ്ങള്‍ ആയി, നന്ദി പ്രകടനം കൊളമായി. അതിനിടക്ക്കുറെ നുണകളും വാഴൂര്‍ തട്ടി വിട്ടു. വാഴൂര്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കി...

എല്ലാരും
കേട്ടു കൊണ്ടിരിക്കുകയല്ലേ , അതിനെല്ലാം മറുപടി പറയാന്‍വേണ്ടി ഹെഡ് ദേഷ്യപ്പെട്ടു സീറ്റില്‍ നിന്നും എണീച്ചു വരുന്നതു കണ്ട ഉടനെ വാഴൂര്‍ പറഞ്ഞു " ഇനി ജനഗണമന"....എന്നിട്ട് അദ്ദേഹം തന്നെ അറ്റെന്റഷന്‍ ആയിനിന്നു ജനഗണമന പാടാന്‍ തുടങ്ങി.

ദേഷ്യപ്പെട്ടു
ഓടിവന്ന ഹെഡ്ഉം പാതി വഴിയില്‍ അറ്റെന്റഷന്‍ ആയി ..

ഇതൊക്കെ
കണ്ടുകൊണ്ടുചിരിയടക്കാന്‍ കഴിയാതെ ഞങ്ങളും...


Wednesday, August 19, 2009

നാടോടുമ്പോള്‍...














നാടോടുമ്പോള്‍
നടുവേ ഓടണം എന്ന് പണ്ടാരോ പറഞ്ഞതു ഓര്‍മയില്ലേ.. മലയാളികളെ കണ്ടു തന്നെയാകണം അത് പറഞ്ഞതു, പക്ഷെ ചിലര്‍ അവിടെനിന്നും മുന്നേറി കാലത്തിനു മുന്പേ നൂറേ നൂറില്‍ പറക്കുകയാണ്., എന്തിനും ഏതിനും ഒരു സ്റ്റൈല്‍ ഒക്കെ വേണ്ടേ എന്നതാണ് ഇപ്പോള്‍ മലയാളികളുടെ പുതിയ നയം, പക്ഷെ ഇപ്പോഴത്തെ മലയാളികളുടെ സ്റ്റൈല്‍ന്റെ ഫനിഷന്‍ ഒന്നു വേറെ തന്നെയാണ്...കഞ്ഞീം ചമ്മന്തീം ഒക്കെ കഴിച്ചു വളര്‍ന്ന ഇക്കൂട്ടര്‍ക്ക് ചൈനീസ് ഫുഡും, ആഷ് പോഷ്‌ അടിച്ചുപോളികലുമൊക്കെ ഇല്ലാതെ ജീവിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ...പതിനയ്യായിരത്തില്‍ താഴെ വിലയുള്ള മൊബൈല് ഉപയോഗിക്കുന്നത് തികച്ചും ആത്മഹത്യാപരമാണ്‌...!!! സ്ഥിര വരുമാനമില്ലത്തവര്‍ പോലും സ്കൂട്ടി പെപ് ലും , കരിസ്മയിലും , കോണ്ടസ്സ കാറിലും ഒക്കെ പറക്കുമ്പോള്‍ ഇതൊന്നുമില്ലാതെ റോഡില്‍ ഇറങ്ങുന്നത് നാണക്കേട് അല്ലാതെ പിന്നെ എന്താ..ഹല്ലാ പിന്നെ!!

കാണം വിറ്റും ഓണം ഉണ്ണണം എന്ന ചോല്ലോക്കെ പണ്ടേ മലയാളി മറന്നു കഴിഞ്ഞു , ഇപ്പൊ പുത്യചില ചൊല്ലുകളാണ്‌, "വീട് വിറ്റും കാറ്‌ വാങ്ങണം" എന്നാണ് ഇപ്പോഴത്തെ പോളിസി. ആഡംബരംഎന്ന ലേബല്‍ ഇല്ലാതെ വരുന്ന കാറുകള്‍ ഒന്നും ഇക്കൂട്ടരുടെ കണ്ണില്‍ പെടാറില്ല, ഇവര്‍ പണ്ടേടാടയുടെ നാനോക്ക് , നോ നോ റ്റാ റ്റാ പറഞ്ഞു, അയ്യേ! നാനോ..? അതൊക്കെ വെറും പുവര്‍ഫെല്ലോവ്സിനു വേണ്ടി....സ്റ്റാറ്റസ് പോകില്ലേ?

പിന്നെ പേരിന്റെ കാര്യത്തില്‍ കുറെ പരിഷ്ക്കാരങ്ങള്‍... പി വി നാണപ്പന്‍ , പവനായി ആയതു പോലെ , രാജപ്പന്‍, ആര്‍ ജപ്പാന്‍ ആയപോലെ ...ഗോപാലന്‍ , കരുണാകരന്‍, കൃഷ്ണന്‍ കുട്ടി ഇത്യാദിപേരുകളൊക്കെ പഴഞ്ചനായി..ഗോപാലന്‍ എന്നുള്ളത് ഗോപാല്‍ എന്നയാള്‍ മോശമില്ല, പിന്നെനാരായണന്‍ വെറും നരേന്‍ ആയി...സുന്ദരന് സൌന്ദര്യം പോരാഞ്ഞ് സുന്ദര്‍ ആയി മാറി. പിന്നെനാണപ്പനും കല്യാണീം കമലാക്ഷീം എല്ലാം കഥകളില്‍ മാത്രം. ഇതിനിടെ മറ്റുചിലര്‍ സ്വന്തം അമ്മേടേംഅച്ഛന്റേം പേരു പഴഞ്ചനായി എന്ന് പറഞ്ഞു പരിതപിചോണ്ടിരിക്കുന്നു...

ഇപ്പറഞ്ഞ പോലത്തെ ബുദ്ധിമുട്ടുള്ള എന്റെ ഒരു ക്ലാസ്‌ മേറ്റ്‌ രാജി , അച്ഛന്‍ എന്താ
ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ "ബിസിനസ്സ് " ആണെന്ന് നീട്ടിപറയും.. പെട്ടിക്കട രാജപ്പന്‍ ചേട്ടന്‍ വേറെബിസിനസ്സ് നടത്തുന്നതായി എനിക്കറിയില്ല..ഇനി വല്ല കള്ളക്കടത്തും..??..ഛെ...ഇല്ല...പിന്നെബഹുമാനം കൊണ്ടാണെന്ന് തോന്നുന്നു, അച്ഛന്റെ പേരു മുഴുവന്‍ പറയില്ല "രാജ്" എന്നെ പറയു, അമ്മേടെ പേരു ചോദിച്ചാല്‍ ആകെ ഒരു പരുങ്ങലാണ് ആള്‍ക്ക്. പങ്കജാക്ഷീന്നുള്ള പേരു ചുരുക്കിപങ്കുന്നു പറയണോ അതോ ആക്ഷിന്നു പറയണോ എന്നുള്ള ആശയക്കുഴപ്പതിലായിരിക്കും അവള്‍...

പിന്നെ "ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ " ഈസ്റ്റ്‌ കോസ്റ്റ്‌ ന്റെ പോസ്റ്ററില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. അല്ലെങ്കില്‍ തന്നെ ചില വിഘടനവാദികള്‍ ഗോള്‍ഡ്‌ ഒക്കെ ലോക്കറിലും, ഓള്‍ഡ്‌ ഒക്കെ ചവറ്റുകുട്ടയിലും ഇടെണ്ടതാണെന്ന് ഉള്ള അഭിപ്രായം ഉന്നയിച്ചു കഴിഞ്ഞു . വേണ്ടിവന്നാല്‍ തങ്ങളുടെവയസായ മാതാപിതാക്കളെ കൂടി "ഓള്‍ഡ്‌" ലിസ്റ്റില്‍ ചേര്‍ക്കാന്‍ ശ്രമംനടത്തുന്നുണ്ടത്രേ..വൃദ്ധന്മാര്‍ സൂക്ഷിക്കുക..!!, ഇത്രയെന്നും വേണ്ടെങ്കിലും, നമ്മുടെ നാട്ടിലെ, മൂക്കിലുംനാക്കിലും പല്ലുമുളച്ച കാലന് പോലും വേണ്ടാത്ത രാഷ്ട്രീയ നേതാക്കളെ ലിസ്റ്റില്‍ പെടുത്തുന്നത്നന്നായിരിക്കും..പിന്നെ കാര്യത്തില്‍ കാലനേം കുറ്റം പറയാന്‍ പറ്റില്ല, ഇവരെയെല്ലാം മോളിലോട്ട്കെട്ടിയെടുത്താല്‍ അവിടെ ചെന്നു സമരം നടത്തി കാലന്റെ കസേര തട്ടിപറിക്കുമോ എന്നതാണ്മൂപ്പരുടെ പേടി....

ഹാവൂ....പറഞ്ഞു പറഞ്ഞു കാടും മേടും ഒക്കെ കയറിയോ? കം ബാക്ക് ടു ടോപ്പിക്ക് ..പിന്നെ..ഒരുമലയാളിക്കു വേണ്ട അടിസ്ഥാന യോഗ്യത മലയാളം അറിഞ്ഞിരിക്കണം എന്നതായിരുന്നു..പക്ഷെ , ഇന്നു ഓരോ വാചകത്തിലും പരമാവധി ഇങ്ങ്ലീഷ്‌ (സ്ഥാനത്തും, അസ്ഥാനത്തും) കുത്തിതിരുകിയാലെസമൂഹത്തില്‍ മാന്യനും മാന്യയും ഒക്കെ ആയിത്തീരാന്‍ കഴിയൂ...ബസില്‍ കയറീട്ട് ഒരുത്തന്റെ കാലില്‍ചവുട്ടി, " ആം സോറി" എന്ന് പറഞ്ഞാല്‍ "ഇറ്റ്സ് ഓക്കേ" എന്ന മറുപടി ഉടനെ വരും..മറിച്ചുചവിട്ടിയ ആള്‍ വളരെ മാന്യമായി " ക്ഷമിക്കണം , അറിയാതെ ചെയ്തത" എന്ന് മാതൃഭാഷയില്‍പറഞ്ഞാല്‍ കഴിഞ്ഞു അവന്റെ കാര്യം, മയും പയും ഒക്കെ കണക്കിന് ചേര്ത്തു നല്ലപച്ചതെരിയായിരിക്കും മറുപടി. ചെവി പിന്നെ ആസിഡ്‌ ഒഴിച്ച് വൃത്തിയാക്കേണ്ടി വരും...

പിന്നെ നമ്മുടെ അയല്‍ സംസ്ഥാനത്തിന്റെ കാര്യം ഓര്‍ത്താല്‍ നമുക്കു ആശ്വസിക്കാം., കരുണാനിധിമാമന്‍ ഭരിക്കുന്ന നാടിനു പണ്ടേ ഹിന്ദി ചതുര്‍ഥി ..ഇപ്പോള്‍ ഇന്ഗ്ലീഷ് ലിസ്റ്റില്‍ വരാന്‍തുടങ്ങി..ഇപ്പൊ മാസ്റെര്സും , പി എച് ഡി യും, ബയോടെക്കും, നാനോ ടെക്കും , ഒക്കെ പഠിക്കാന്‍തമിഴ്‌ മാത്രം മതിയത്രേ..ഇന്ഗ്ലീഷ് ഔട്ട്..!!..വിവരമുള്ളവല്‍ പിന്തിരിപ്പന്‍ നയം
എന്ന് പറയും എങ്കിലുംകരുണാനിധിമാമന്‍ ഇപ്പോഴും തമിഴ്‌ മക്കളുടെ ദൈവമാണ്. എനിക്ക് തോന്നുന്നത് കരുണാനിധിമാമന്‍പ്രജകളോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന്. തന്റെ പ്രജകള്‍ ഒന്നും തമിള്‍നാടുവിട്ടു പോകരുതത്രേ..പിന്നെ പോകുന്നവരുടെ കാര്യം കട്ടപ്പൊക..ഹിന്ദി സീഖനാ പടെഗാ.... ജാഗ്രതെയ്‌....!!

നിറപറയും, നിലവിളക്കും, തുമ്പപൂക്കളും, ഒരു പാടു മധുരസ്മരണകളും മനസ്സില്‍ നിറച്ചു ഒരുപോടോരുപാട് സ്നേഹവും ആയി ഇതാ ഓണം വന്നെത്തി കഴിഞ്ഞു ...
പൂ പറിക്കാനും ,പൂക്കളം ഇടാനും, ഉഞ്ഞാല്‍ ആടാനും, നമ്മുടെ കുഞ്ഞോമനകള്‍ ഒരുങ്ങിക്കഴിഞ്ഞു..അങ്ങനെ വീണ്ടും പുലിക്കളിയും , കുമ്മാട്ടിക്കളിയും എല്ലാം മനസ്സിലെക്കാവഹിച്ചു, ഓണസദ്യയുണ്ട് വയറും, അതിനെക്കലേറെ മനസ്സും നിറക്കാന്‍ എല്ലാ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു...ഭൂലോകത്തെ എല്ലാ മലയാളികള്‍ക്കും എന്റെ ഓണാശംസകള്‍...

Sunday, August 9, 2009

അയ്യര്‍ ഇന്‍ ലോ....

അയ്യര്‍, വെറും അയ്യര്‍ന്നു പറയാന്‍ പാടില്ല കേട്ടോ, ശുദ്ധ അയ്യര്‍, പക്കാ വെജിറ്റെറിയന്‍, ശുദ്ധബ്രാഹ്മണന്‍...MSc ക്ക് പഠിക്കുമ്പോള്‍ എന്റെ ക്ലാസ്സ് മേറ്റ്‌ ആയിരുന്നു. ആള്‍ ശുദ്ധ പാവം ആണ് ട്ടോ, നന്നായി പഠിക്കും. പിന്നെ നന്നായി പാടുംന്നും, ആടുംന്നോക്കെയും ഉള്ള അഹംകാരം ഉണ്ടെങ്കിലും എനിക്കങ്ങനെ തോന്നീട്ടില്ല, പിന്നെ നന്നായി മിമിക്രി ചെയ്യും,. MGR ന്റെ ശബ്ദംന്നു പറഞ്ഞു ചെയ്താല്‍ഒരു കരുണാനിധീടെ ശബ്ദമെന്കിലും വരാന്ടിരിക്കില്ല..! വ്യക്തിഹത്യ ഒന്നും ചെയ്തിട്ടില്ല എന്ന്‍ വിശ്വസിക്കുന്നു, എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ അയ്യര്‍ ഒരു താരം തന്നെയായിരുന്നു....

അങ്ങനെ ഞങ്ങള്‍ ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയില്‍ പ്രൊജക്റ്റ്‌ചെയ്യുന്ന സമയം, അത്യാവശ്യത്തിനു കുക്കിംഗ് ഒക്കെ അറിയാം എന്ന് അഹങ്കരിക്കുന്ന ഞാന്‍ഉള്‍പടെയുള്ള നാല് പേര്‍, ഒരേ റൂം കിട്ടിയതിന്റെ പേരിലും, ചിലവാക്കാന്‍ ജോര്‍ജുകുട്ടി (കാശ്) അല്പംകുറവായത് കൊണ്ടും, പിന്നെ എല്ലാത്തിലുമുപരി രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊണ്ടും, കുക്കിംഗ് തുടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ കൈയിലുള്ള കാശൊക്കെ ഇന്‍വെസ്റ്റ്‌ ചെയ്തു ഹോട്ട്പ്ലേറ്റും , പാത്രങ്ങളും വാങ്ങി സംരംഭം വിജയകരമായി ആരംഭിച്ചു. സത്യത്തില്‍ പല ഹിറ്റ്‌ ഇന്വെന്ഷന്സും , ഡിസ്കവരികളും കുക്കിങ്ങിനിടയില്‍ ഉണ്ടായിട്ടുണ്ട് കേട്ടോ, പലതും എട്ടു നിലയില്‍ പൊട്ടീട്ടുമുണ്ട് .

അങ്ങനെ എട്ടുനിലയില്‍ പൊട്ടിയവയില്‍ ഒന്നാണ് എന്റെ "ബിരിയാണി". ഒരു ശനിയാഴ്ച രാത്രിയാണ്എനിക്കാ ബുദ്ധിയുദിച്ചത്, ബിരിയാണി വെക്കാംന്നു, എല്ലാരോടും എനിക്ക് നന്നായി വയ്ക്കാനറിയാം എന്ന്കാച്ചി,പാവങ്ങള്‍ !!, നാളെ ബിരിയാണി കഴിക്കുന്നതും സ്വപ്നം കണ്ടു നന്നായി ഉറങ്ങി, ഞായറാഴ്ചകാലത്തെ എന്റെ ഗൌരവത്തിലുള്ള "ബിരിയാണി preparation" തുടങ്ങി, ഇടക്ക് ഒരു സംശയംഎന്തെങ്കിലും കുറവുണ്ടോ എന്ന്, ഒന്നും കുറവ് വരുത്തണ്ട എന്ന് വച്ചു മസാലയും , എണ്ണയും എല്ലാംവാരി വിതറി..എല്ലാം കഴിഞ്ഞു ടേസ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ ആകെ ചമ്മിപ്പോയി , ബിരിയാണിന്നുഅതിനെ വിളിച്ചാ ശരിക്കുമുള്ള ബിരിയാണി കോഴിക്കോടുനിന്ന് വണ്ടിവിളിച്ചു വന്നു എന്നെ തല്ലും!! (പാചകം തള്ളി മറിചിരിക്കുവല്ലേ, പെറ്റ തള്ള സഹിക്കുല്ല, എന്ന dialoge ആണ് ഓര്മ്മ വരുന്നതു. ). അങ്ങനെ എത്രയോ അനുഭവങ്ങള്‍..

അങ്ങനെയിരിക്കുമ്പോള്‍, ഒരു ആഗ്രഹം, നോണ്‍ വെജ് കുക്ക് ചെയ്യണമ്ന്നു, കോഴിക്കറി വക്കാംന്നുചിന്തിച്ചിരിക്കുമ്പോള്‍ വന്നു അയ്യരുടെ വക ഓബജേക്ഷന്‍. അവന്‍ ശുദ്ധ വെജിറ്റെറിയന്‍ അല്ലെ, കോഴി , മീന്‍ അങ്ങനെ മത്സ്യ മാംസാദികള്‍ ഒന്നും വാങ്ങാം എന്ന് ചിന്തിക്കേം കൂടിവേണ്ടത്രേ...അങ്ങനെ ആഴ്ച മോഹം നടന്നില്ല, പിന്നെ ഒരു ആഴ്ച മുഴുവന്‍ അതിനെപ്പറ്റി ചര്ച്ചആയിരുന്നു, വട്ടമേശ സമ്മേളനവും, ഭീഷണികളും , കാല് പിടിക്കലും കഴിഞ്ഞപ്പോള്‍ അയ്യര്‍ ഒന്നുമെരുങ്ങി, പക്ഷെ ഒരു വ്യവസ്ഥ , അവനുള്ള പച്ചക്കറികള്‍ എല്ലാം വേറെ പാത്രത്തില്‍ വക്കണം..ഏറ്റു, അതിനെന്താ, കോഴിക്കറി പരീക്ഷിക്കാന്‍ അവസരം കിട്ടിയല്ലോ!

അങ്ങനെ ഞങ്ങള്‍ മൂന്നുപേരും കൂടി ഒരു ശനിഅഴ്ച്ച ദിവസം കോഴിക്കറി വക്കാനുള്ള, ഞങ്ങള്‍റിസേര്ചെര്സ്ന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മാര്‍ക്കറ്റില്‍പോയി കോഴി എല്ലാം വാങ്ങി, മുന്പ് പറഞ്ഞ സമ്മേളനങ്ങളില്‍ തീരുമാനിച്ച വിധത്തില്‍ കറി വച്ചു, അത്ഭുതം എന്നല്ലാതെ എന്ത് പറയാന്‍, സംരംഭം വന്‍ ഹിറ്റായിപ്പോയി , സത്യം പറഞ്ഞാല്‍കറിയുടെ മണം വന്നു തുടങ്ങിയ ഉടനെ എല്ലാരും കഴിക്കാന്‍ തിരക്ക് കൂട്ടാന്‍ തുടങ്ങി. അങ്ങനെ കൊതിമൂത്ത് , വായില്‍ കപ്പലോടിക്കാം എന്ന സ്ഥിതി വന്നപ്പോള്‍ വന്നു അയ്യരുടെ വക കമന്റ്‌, " ഛെ!!! വൃത്തികെട്ട മണം.. എനിക്ക് സഹിക്കാന്‍ വയ്യേ!!!", സഹിക്കാന്‍ വയ്യെന്നോ!!, കേട്ട ഉടനെ ജന്മനാനോണ്‍ വെജിറ്റെറിയന്‍ ആയ എനിക്ക് കലി വന്നു, കോഴിക്കറി പദ്ധതി വിജയിച്ച സ്ഥിതിക്ക്, ഇനിഅയ്യരുടെ കാല് പിടിക്കണ്ട എന്നറിയാവുന്ന ഞാന്‍ " വേണേല്‍ നിന്റെ വെജിറ്റെറിയന്‍ പങ്കു കഴിച്ചിട്ട്പോയി കിടന്നുറങ്ങാന്‍ നോക്ക് കൂവേ" എന്ന് തിരിച്ചു പറഞ്ഞിട്ട്, നോണ്‍ വെജിറ്റെറിയന്‍സിനോടാണോ കളി എന്ന അഹം ഭാവത്തില്‍ തിരിച്ചു പൊന്നു.....അഖിലേന്ത്യാ നോണ്‍ വെജ്‌ യുണിയന്‍ സിന്ദാബാദ്‌, ഹും....., വന്നിരിക്കുന്നു ഒരു വെജിറ്റെറിയന്‍.

അങ്ങനെ വയറുനിറയെ കേരളാ സ്റ്റൈല്‍ കോഴിക്കരിയെല്ലാം തിന്നു, ഏമ്പക്കം വിട്ടു കുറെ സൊറപറഞ്ഞു എല്ലാരും കിടന്നു,..കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാരും നല്ല ഉറക്കമായി...ഒരു രണ്ടുമണിയായിക്കാനും, എന്തോ തട്ടലും മുട്ടലും കേട്ടു ഞാന്‍ ഉണര്‍ന്നു, അടുക്കളയില്‍ നിന്നാണല്ലോ ശബ്ദംഎന്ന് മനസ്സിലായ ഉടനെ എനിക്ക് സംശയം ആയി, ഇനി ബാക്കി വന്ന ചിക്കെന്‍ കറി തട്ടാം എന്ന് വിചാരിച്ചു ആരെങ്കിലും...ഹേയ്..അതിന് വഴിയില്ല , ബാക്കി രണ്ടു പേരും നല്ല ഉറക്കം ആണ്, അയ്യരാനെങ്കില്‍ പക്കാ വെജിറ്റെറിയന്‍ , അപ്പൊ പിന്നെ ആരാ?..ഹും..കള്ളി പൂച്ച രണ്ടു നാളായിഞങ്ങളുടെ പ്ലാന്നിംഗ് കേട്ടു ചുറ്റി പ്പറ്റി നടക്കുന്നു..സംശയിക്കേണ്ട, അവള്തന്നെ...അവളെ ഒരു പാഠംപഠിപ്പിക്കണം എന്ന് വിചാരിച്ചു കയില്‍ കിട്ടിയ ഒരു വടിയുമായി പതുങ്ങി ചെന്നു അടുക്കള വാതില്‍തുറന്നു ലൈറ്റ് ഇട്ടപ്പോള്‍ അല്ലെ രസം.....സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി!!!!!!

നമ്മുടെ അയ്യര്‍ കയില്‍ ഒരു കോഴിപീസുമായി നില്ക്കുന്നു, എന്നെ കണ്ട ഉടനെ ആളുടെ ഞെട്ടല്‍ എന്നെവല്ലാതെ രസിപ്പിച്ചു, "കള്ളാ
പക്കാ വെജിറ്റെറിയന്‍ , മണം സഹിക്കാന്‍ പറ്റുന്നില്ല എന്നൊക്കെപറഞ്ഞിട്ട് ഇതാണല്ലേ പരിപാടി" എന്നൊക്കെ മനസ്സില്‍ വിചാരിച്ചു . പക്ഷെ അയ്യരുടെ മുഖത്തെജാള്യത കണ്ട ഞാന്‍ ചോദിച്ചു, " അയ്യരെ, വേണംന്നുന്ടെന്കില്‍ മു‌ന്പേ പറയാമായിരുന്നില്ലേ?", കേട്ട ഉടനെ അയ്യരുടെ മറുപടി കേള്‍ക്കണേ മാളോരെ, അവന്‍ അത് കോഴി ആണെന്ന്അറിഞ്ഞില്ലത്രേ, വിശന്നപ്പോള്‍ എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ചു എടുത്തത്ആണത്രേ.....പാവം ഞങ്ങളുടെ അയ്യര്‍ക്ക് കക്കാനും അറിയില്ല, നില്‍ക്കാനും അറിയില്ല.!!, പിന്നെ ഒന്നുപിടിച്ചു പിഴിഞ്ഞപ്പോ ഉള്ള സത്യം മുഴുവന്‍ പുറത്തു വന്നു, മണം വന്ന ഉടനെ ആള്‍ക്ക് കോഴി തിന്നാന്‍കൊതി ആയത്രേ, അങ്ങനെ പ്ലാന്‍ ചെയ്തു ആരും അറിയാതെ അടുക്കളയില്‍ കയറിയതാ, ഞാന്‍ കണ്ടുഎന്നത് പാവം അയ്യരുടെ കുറ്റമല്ലല്ലോ..!!, അതും ശരിയാണ്, പാവത്തിന്റെ മുഖം കണ്ടപ്പോള്‍ ആരോടുംപറയാന്‍ തോന്നിയില്ല, അത് കൊണ്ടു ആരും ഇതു അറിഞ്ഞുമില്ല..പക്ഷെ കാലക്രമേണ അയ്യര്‍ ഒരുസ്ഥിരം നോണ്‍ വെജിറ്റെറിയന്‍ ആകുന്നതു കണ്ടു ഞെട്ടാത്തത് ഞാന്‍ മാത്രമേയുള്ളൂ...ഏതോ ഫിലിമില്‍ഹരിശ്രീ അശോകന്‍ പറഞ്ഞ പോലെ " എപ്പോഴും ഞെട്ടാന്‍ എനിക്കെന്താ വട്ടാണോ?"



Saturday, August 1, 2009

തവളപിടുത്ത പുരാണം അഥവാ "ഫ്രോഗ് ഹണ്ടിംഗ്‌ ഹിസ്റ്ററി"...

ആമ്പല്ലൂര്‍നു അടുത്തുള്ള കല്ലൂര്‍ ആണ് എന്റെ അമ്മാവന്റെ വീട്, മധ്യവേനല്‍ അവധിക്കു ഞാനും എന്റെ അനിയനും അവിടെ പോയി നിക്കാറുണ്ട്, അവിടെ എനിക്ക് ധാരാളം അനിയന്മാരും, അനിയത്തിമാരും ഉണ്ട്. പിന്നെ എന്റെസമപ്രായക്കാരും. അവിടെ പോയാല്‍ ആകെ ഒരു മേളമാണ്, നാലഞ്ചു ദിവസം കഴിഞ്ഞു തിരിച്ചു പോരാന്‍നേരം ഭയങ്കര വിഷമമായിരിക്കും. കസിന്‍സ്‌ എല്ലാം പോകണ്ടാന്നു പറഞ്ഞു വാശി പിടിക്കും. ഞങ്ങള്‍ തിരിച്ചു പോകാതിരിക്കാന്‍ എന്റെ കസിന്‍സ്‌ ഇടക്കൊക്കെ എന്റെയും അനിയന്റെയും ഡ്രെസ്സും ബാഗുമെല്ലാം എവിടെയെങ്കിലും ഒളിപ്പിച്ചു വക്കും.. അത് അന്ത കാലം, ഇപ്പോള്‍ എല്ലാരും മുതിര്‍ന്നു മുടുക്കന്മാരായി..ഇടക്കൊക്കെ എല്ലാരും ചേര്ന്നു ടൌണില്‍ പോയി സിനിമ കാണും..അതൊക്കെ ഒരു രസം തന്നെ ആണേ..

കഴിഞ്ഞ മഴക്കാലത്ത് ഞങ്ങള്‍ അവിടെ പോയപ്പോള്‍ എന്റെ കസിന്‍സും , അവരുടെ കൂട്ടുകാരും ഉണ്ടായിരുന്നു. മഴയല്ലേ, പുറത്തു പോയോന്നും കളിയ്ക്കാന്‍ പറ്റില്ലല്ലോ. എങ്ങാനും മഴയത്ത് ഇറങ്ങിയാല്‍ പിന്നെ വീട്ടുകാരുടെ വക കണക്കിന് കിട്ടും. അപ്പൊ പിന്നെ വീട്ടില്‍ ചടഞ്ഞു കൂടി ഇരുന്നു ടിവി കാണും. അങ്ങനെ സസുഖം ഒരു വിരുന്നു കാരനായി ചമയുന്ന നേരം, ആര്‍ക്കോ തോന്നിയ ഒരു കുരുത്തക്കേട്‌...തവള പിടിക്കാന്‍ പോയാലോ എന്ന്..എല്ലാര്ക്കും കേട്ട ഉടനെ ആവേശം മൂത്തു, അടുത്തൊന്നും അല്ല കേട്ടോ, വളരെ ദൂരെ ഒരു പാടം ഉണ്ട്, പാടത്തിന്റെ അറ്റത്തുള്ള ഒരു കനാല്‍ മുറിച്ചു കടന്നു വേണം ഇപ്പറഞ്ഞ തവളകള്‍ ധാരാളമുള്ള, കാട് പിടിച്ചു കിടക്കുന്ന ചതുപ്പ് പ്രദെശത്തെതാന്....അതും വേറൊരു പാടശേഖരത്തിന്റെ ഭാഗമാണ്.

അങ്ങനെ ഞങ്ങള്‍ ഹണ്ടിംഗ്‌നുള്ള ഒരുക്കങ്ങള്‍ വൈകീട്ട് ആറു മണിക്കേ ആരംഭിച്ചു, 8 മണിയോടെ ഞങ്ങള്‍ ആറുപേര്‍ ഞാന്‍, എന്റെ അനിയന്‍ ശ്രീക്കുട്ടന്‍, എന്റെ കസിന്‍സ്‌ ആയ അരുണ്‍, അച്ചു, അഖില്‍, പിന്നെ അവരുടെ "പാറ" എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അവരുടെ കൂട്ടുകാരനും തവളയെപ്പിടിക്കാനുള്ള സാധനസാമഗ്രികളുമായി യാത്ര തിരിച്ചു. (നോട്ട്: സത്യം പറഞ്ഞാല്‍ ആളുടെ ശരിക്കുള്ള പേരു എനിക്കറിഞ്ഞൂടാ, പാറ എന്ന് പറഞ്ഞാലേ പലര്ക്കും ആളെ മനസ്സിലാകൂ... പിന്നെ തവളയെപ്പിടിക്കാനുള്ള സാധനസാമഗ്രികള്‍ എന്താണെന്നു വച്ചാല്‍ , ഒരു നല്ല പെട്രോമാക്സ്‌ ലൈറ്റ് , ഒരു ചാക്ക്, പിന്നെ എല്ലാരുടെ കൈയിലും വലുപ്പമുള്ള കൊന്ന വടികളും, ( വഴിനിറയെ പാമ്പുകള്‍ ഉണ്ടാകുമെന്ന് അറിവുള്ളത് കൊണ്ടു കയില്‍ കരുതുന്ന മുന്‍കരുതലാണിത്) , മഴയുള്ളത്‌ കൊണ്ടു രണ്ടു കുടകളും.

ഞങ്ങളുടെ കൂട്ടത്തിലുള്ള അച്ചു ഒരു ശാപ്പാട് വീരനാണ് കേട്ടോ, (ഇപ്പോള്‍ അങ്ങനെയൊന്നുമല്ല, കുറച്ചു നാള്‍ മുന്‍പത്തെ കതയാനെ ഇതു). അവന്റെ വകയായിട്ടുള്ള ഒരുക്കങ്ങള്‍ എന്താണെന്ന് കേട്ടോളൂ. ഒരു ചാക്കില്‍ കുറച്ചു പഴം, കുറച്ചു വരവ് പലഹാരങ്ങള്‍, പിന്നെ കുടിക്കാനുള്ള വെള്ളവും..), അവനെ കളിയാക്കിയെന്കിലും ഭൂരിഭാഗവും കഴിച്ചത് ബാക്കിയുള്ളവരാണ്‌ കേട്ടോ. അതെങ്ങനെയെന്നാല്‍, അവന്‍ ഭക്ഷണ സഞ്ചി തുറക്കുമ്പോള്‍ എല്ലാരും ചേര്ന്നു അവനെ കളിയാക്കും, ഇങ്ങനെ കഴിച്ചാല്‍ നീവീണ്ടും തടി വക്കുംന്നു, പിന്നെ ആള്‍ മസില് പിടിച്ചു ഒരു പഴം ശാപ്പിട്ടാലായി..ഞങ്ങളുടെകാര്യമാണെങ്കില്‍ കുശാല്‍....!!

അങ്ങനെ തവലപിടുത്ത്ത സാമഗ്രികളുമായി ഞങ്ങള്‍ വണ്ടിയില്‍ മേല്പ്പറഞ്ഞ പാടത്ത് പോയി, പിന്നെ വണ്ടി പാര്‍ക്ക് ചെയ്തു നടക്കാന്‍ തുടങ്ങി, മണി ഒന്‍പതര ആയിക്കാണും, കനാല്‍ മുറിച്ചുകടക്കാന്‍ വേണ്ടി ഇറങ്ങിനടന്നു, നോക്കിയപ്പോള്‍ കഴുത്ത് വരെ വെള്ളമുണ്ട്. എന്നാലുംഉത്സാഹത്തില്‍ കടന്നു പോന്നു. പിന്നെ കനാലിന്റെ കരയില്‍ അല്‍പ നേരം ഇരുന്നു, അപ്പോഴല്ലേരസം , ഞങ്ങള്‍ ഇരുന്നതിന്റെ തൊട്ടടുത്ത്‌ ഒരു കുട്ടിക്കാടുണ്ട്, അതില്‍ നിന്നും ഒരു ഉഗ്രന്‍ പാമ്പ്ഇറങ്ങിവരുന്നു...കൂരക്കൂരിരുട്ടല്ലേ , ആകെ കൈയിലുള്ളതു ഒരു പെട്രോമാക്സ് ആണ്, പിന്നെ ചുമ്മാ കുറെവടികളും, ആര്ക്കും തല്ലാന്‍ ധൈര്യമില്ല...പിന്നെ ഞാന്‍ ധൈര്യം സംഭരിച്ച് പറഞ്ഞു " ഓടിക്കോ..." പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായി..അതിനിടയില്‍ എന്റെ കസിന്‍ അരുണ്‍ ഓടിയത് കനാലിന്റെഭാഗതെക്കായിരുന്നു, മൂപ്പര് വെള്ളത്തില്‍ വീണു, ഇതിനിടയില്‍ നമ്മുടെ പാവം പാമ്പ്എങ്ങോട്ടുപോകനമെന്നരിയാതെ കറങ്ങിപ്പോയി...പിന്നെ എങ്ങോട്ടോ "നിന്നെക്കൊണ്ടോന്നും ഒരുചുക്കും ചെയ്യാന്‍ പറ്റില്ല " എന്ന ഭാവത്തില്‍ വാലും ച്ചുഴട്ടിക്കൊണ്ട് പോയി....

പിന്നെ ഒരുകണക്കിന് എല്ലാരും കൂടെചെര്‍ന്നു പരിസരമെല്ലാം വീക്ഷിച്ചു സുരക്ഷിതമാണെന്ന്ഉറപ്പാക്കി, എന്നിട്ട് തവളയെപ്പിടിക്കാന്‍ ഒരുക്കം കൂട്ടാന്‍ തുടങ്ങി, ഇതിനിടയില്‍ തവള പിടുത്തംഎന്തിനാണെന്ന് പറയാന്‍ മറന്നു, തവള ഇറച്ചി വളരെ രുചി ഉള്ളതാണെന്ന് കേട്ടിട്ടേ ഉള്ളൂ, അപ്പൊഒരു ആഗ്രഹം, പിന്നെ കൂട്ടത്തിലുള്ള പാറ ഒരു സ്ഥിരം തവളപിടുതക്കാരനും ആണ്. തവളയെ പിടിച്ചുഫ്രൈ ചെയ്യണോ അതോ കറി വക്കണോ എന്ന് തിരിച്ചു വന്ന ശേഷം തീരുമാനിക്കാം എന്ന്പറഞ്ഞതും പാറയാണ്‌, " അവസാനം പാറ , പാരയാകുമോ എന്തോ?"..എന്തായാലും മുന്നോട്ടു വച്ചകാല്‍ പിന്നോട്ടില്ല, പിന്നെ തവള പിടുത്തം നല്ല രസമുള്ള പരിപാടിയാണ് കേട്ടോ, തവളയെ കണ്ടാല്‍മുന്‍പില്‍ പെട്രോമാക്സ്‌ ഓണ്‍ ചെയ്തു കാണിക്കുക, പാറയുടെ ഭാഷയില്‍ "മുഖത്തേക്ക് ലൈറ്റ് അടിച്ചാതവളയല്ല , തവളെടെ അപ്പൂപ്പന്‍ വരെ കീഴടങ്ങുംത്രേ..അപ്പൊ പിന്നീന്ന് ചെന്നു പിടിക്കണം,", എന്തായാലും കണ്ടിട്ട് തന്നെ കാര്യം.

അങ്ങനെ ഞങ്ങള്‍ തവളകള്‍ ധാരാളമുള്ള, (തവള എന്നാല്‍ വെറും തവള അല്ല കേട്ടോ, സായിപ്പന്മാരുടെ പ്രിയ ഭക്ഷണമായ പച്ചത്തവള.) ചതുപ്പ് പ്രദേശത്തേക്ക് നടന്നു, ചീവീടിന്റെനിര്‍ത്താത്ത കരച്ചിലിനിടയില്‍ അങ്ങിങ്ങായി തവളയുടെ "പോക്രോം പോക്രോം" ശബ്ദവുംകേട്ടു...അങ്ങനെ ശബ്ദം ലക്ഷ്യമാക്കി ഞങ്ങള്‍ നടക്കും, പക്ഷെ കുറെ തേടിയെങ്കിലും ഒന്നിനേംകണ്ടില്ല...കന്നിക്കാരല്ലേ, അതിന്റെ ആവേശം കൊണ്ടു ബോറടിച്ചില്ല...വീണ്ടും തേടിയപ്പോള്‍ ഒരുഅനക്കം കേട്ടു പെട്രോമാക്സ്‌ അടിച്ചുനോക്കിയ ഞങ്ങള്‍ ഞെട്ടിപ്പോയി, തൊട്ടടുത്ത്‌ ഒരു പാമ്പ്, അടുത്തതോമസ്സ് കുട്ടീ , വിട്ടോടാ " എന്ന എന്റെ വാക്കുകള്‍ മുറിച്ചുകൊണ്ട് വന്നു പാറയുടെ കമന്റ്, ഇങ്ങനെപേടിച്ചാലോ അത് വെറും നീര്‍ക്കൊലിയാ ... "ഹ്മ്മ്...നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും" അതായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍. എന്തായാലും കണി കൊള്ളാം ..പക്ഷെ അധികംബോറടിക്കേണ്ടി വന്നില്ല, ഞങ്ങള്‍ക്കും കിട്ടീ നാലഞ്ച് മുട്ടന്‍ തവളകളെ...അതിനെ ചാക്കിലാക്കിവരുന്നതിനിടയില്‍, നോക്കിയപ്പോഴല്ലേ പാറയെ കാണാനില്ല, എവിടുന്ന് നോക്കുമ്പോഴല്ലേ അടുത്തകപ്പ തോട്ടതീന്നു ഇറങ്ങിവരുന്നു, തവളെടെ കൂടെ കൊള്ളി അഥവാ കപ്പ (tapyoca) വളരെ ഉത്തമംആണ് ത്രെ...പിന്നെ ഒന്നും നോക്കീല്ല്ല, അങ്ങട് കേറി രണ്ടുമൂന്നു കട പറിച്ചു, ശബ്ദം കേട്ടു സ്ഥലത്തിന്റെഉടമസ്ഥന്‍ ഓടിയെതുന്നതിനു മുന്പേ ഞങ്ങള്‍ അവിടെന്നും മുങ്ങി...(പക്ഷെ അടുത്ത ദിവസം കേട്ടവാര്ത്ത എന്തെന്നാല്‍, അയാളുടെ നൂറു കട കൊള്ളി ആരോ മോഷ്ടിച്ചത്രേ, എത്ര പെട്ടെന്നാ മൂന്നു , നൂരായെന്നു ഓര്‍ക്കണേ...അപ്പൊ പിന്നെ ഒരു കുറ്റസമ്മതം നടത്തിയാലുള്ള സ്ഥിതി ഒന്നോര്‍ത്തുനോക്കൂ , മാനം കപ്പല് കേറും" )

അപ്പോഴേക്കും മഴ കനത്തു, കനാലിലെ ഒഴുക്ക് കൂടി, എന്ന് മാത്രമല്ല ആഴവും. ഒരു ആറുമീറെരെന്കിലും കാണും കനാലിന്റെ വീതി, ഇപ്പോഴത്തെ ആഴം ഒരു ആളിനെക്കള്‍ കൂടുതലും..പക്ഷെതിരിച്ചു പോകണമെങ്കില്‍ കനാല്‍ കടന്നേ പറ്റൂ...പാലം ഇല്ലാത്തതുകൊണ്ട് നീന്തി ക്കടക്കുകയെരക്ഷയുല്ലോ...പക്ഷെ , നീന്തല്‍ രണ്ടു പേര്ക്ക് മാത്രമെ അറിയൂ, പാറക്കും , പിന്നെ എന്റെ കസിന്‍അരുണിനും..അങ്ങനെ ഇക്കരെ നിന്നു അക്കരെക്കു പോകാന്‍ മാര്‍ഗം തേടിയ എന്റെ മനസ്സില്‍ ഒരുപുതിയ ആശയം ..."യുറേക്ക!!!"".....മനുഷ്യ ചങ്ങല... അത് തന്നെ...എല്ലാര്ക്കുംസമ്മതമായി..അങ്ങനെ നീന്തല്‍ അറിയുന്ന രണ്ടു പേരും ആദ്യം പോയി, ഞങ്ങള്‍ അവരുടെ കൈപിടിച്ചു നാല് പേര്‍..എന്റെ അനിയന്‍, ഞാന്‍ , പിന്നെ എന്റെ രണ്ടു കസിന്‍സ്‌...അച്ചുവും, അഖിലും...പിന്നെ കയില്‍ കുടയും ചാക്കുകെട്ടും എല്ലാം...അങ്ങനെ ഞങ്ങള്‍ അക്കരെക്കു മൂവ് ചെയ്യാന്‍തുടങ്ങി...പതുക്കെ...ശ്രദ്ധിച്ച്..

കഷ്ടകാലംന്നല്ലാണ്ട് എന്ത് പറയാന്‍! , ഒഴുക്ക് വളരെ ശക്തമായിരുന്നു, കനാലിന്റെ നടുവിലാനെന്കില്‍ആഴം കാരണം കാല് എത്തുന്നില്ല, ചങ്ങല മുറിഞ്ഞു...ഞാനും, എന്റെ അനിയനും , എന്റെ കസിന്‍അച്ചുവും ഒഴുക്കില്‍ പെട്ടു , ഞങ്ങള്‍ അങ്ങനെ ഒഴുക്കില്‍ മുന്‍പോട്ടു നീങ്ങാന്‍ തുടങ്ങി, രണ്ടു ചെറിയപിള്ളേരും ഞാനും!, രണ്ടുകയിലും എന്റെ കുഞ്ഞനുജന്മാര്‍, എവിടേം പിടിക്കാനും വയ്യ, കനാലിന്റെഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് പാറക്കൂട്ടങ്ങള്‍ ധാരാളമുള്ള സ്ഥലമാണ്, എവിടേലും ചെന്നിടിച്ചാല്‍അതോടെ തീര്ന്നു...പക്ഷെ, ഈശ്വരന്‍ ഞങ്ങളെ കൈ വിട്ടില്ല..ഏതോ ഒരു മരത്തിന്റെ വേരില്‍ എന്റെകാല് കുടുങ്ങി, ഉടനെ അനിയനേം, കസിനെയും കരയില്‍ ഓടിവന്നു കൈതന്ന പാറയുടെ കൈയില്‍ഏല്പിച്ചു, പക്ഷെ അതിനിടയില്‍ ഞാന്‍ വീണ്ടും ഒഴുക്കില്‍ പെട്ടു, വീണ്ടും ഭാഗ്യം എനിക്കൊരുകൈതപ്പുല്ലിന്റെ രൂപത്തില്‍ കൈ തന്നു, അങ്ങനെ അതില്‍ പിടിച്ചു കയറി, നെഞ്ഞിടിപ്പോടെഎല്ലാരുമില്ലേ എന്ന് ചോദിച്ചപ്പോള്‍ ഭാഗ്യത്തിന് ആര്ക്കും ഒന്നും പറ്റിയിട്ടില്ല...എന്റെ കളരിപരമ്പരദൈവങ്ങളെ..നീ കാത്തു...", പക്ഷെ പെട്രോമാക്സും , കുടകളും നഷ്ടപെട്ടു, പിന്നെ തവളകളും!

ജീവനെങ്കിലും തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തോടെ തിരിച്ചു വീട്ടില്‍ വരുമ്പോള്‍ എല്ലാരുംമുട്ടത്തു കാത്തു നില്ക്കുന്നു, എവിടെ പോയതന്നു അറിയാന്‍..അച്ഛമ്മയും, അമ്മാവനും ,അമ്മായിയും, അമ്മയും എല്ലാം...എന്താപ്പോ പറയാ..ഉണ്ടായീതൊക്കെ പറഞ്ഞാ തല്ലു ഉറപ്പാ, അത് കൊണ്ടുകൂട്ടുകാരന്റെ വീട്ടില്‍ പോയതാ എന്ന് പറഞ്ഞു. സമയം നോക്കീപ്പഴല്ലേ അറിഞ്ഞത് മണി പുലര്‍ച്ചെ 2 ആയെന്നു, ..പിന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ്സു നിറയെ " ഇത്രക്കൊക്കെ ഉണ്ടായിട്ടും തവള ഇറച്ചികഴിക്കാന്‍ പറ്റീല്ലല്ലോ , എന്ന വിഷമം ആയിരുന്നു മസസ്സില്‍..."...



Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails